bajwa

റാവൽപ്പിണ്ടി: പ്രാദേശികവും ആഗോളവുമായ സമാധാനത്തിനുവേണ്ടി വലിയ ത്യാഗങ്ങൾ ചെയ്ത സമാധാന സ്നേഹമുള്ള രാജ്യമാണ് പാകിസ്ഥാനെന്ന് പാക് ചീഫ് ഒഫ് ആർമി സ്റ്റാഫ് ജനറൽ ഖമർ ജാവേദ് ബജ്‌വ പറഞ്ഞു. പാകിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ജമ്മുകാശ്മീർ പ്രശ്നം മാന്യമായി പരിഹരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ചൊവ്വാഴ്ച പി.എ.എഫ് അക്കാഡമിയിൽ നടന്ന ബിരുദധാരികളായ കേഡറ്റുകളെ അഭിനന്ദിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അതേസമയം സമീപകാലത്ത് ഇന്ത്യയുമായുള്ള ബന്ധം ഏറെ വഷളായ പശ്ചാത്തലത്തിലാണ് പാകിസ്താന്‍ സൈനിക മേധാവിയുടെ പ്രസ്താവന ശ്രദ്ധേമാകുന്നത്.

എല്ലാ ദിശയിലേക്കും സമാധാനത്തിന്റെ കരങ്ങൾ നീട്ടേണ്ട സമയമാണിത്. പരസ്പരം ബഹുമാനവും സമാധാമപരവുമായ സഹവർത്തിത്വം നിലനിറുത്താൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണ്..

കശ്മീരുമായി ബന്ധപ്പെട്ട് ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പ്രശ്‌നം കശ്മീരിലെ ജനങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് മാന്യവും സമാധാനപരവുമായ വിധത്തില്‍ പരിഹരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാക് സൈനിക മേധാവിയുടെ പ്രസ്താവന സംബന്ധിച്ച് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുന്‍ നിലപാടില്‍നിന്നുള്ള പാകിസ്ഥാന്റെ പിന്‍മാറ്റമായി ഇതിനെ കരുതാനാവില്ലെന്നും തത്ക്കാലത്തേക്കുള്ള ഒരു പ്രതികരണമാണോ സൈനിക മേധാവി നടത്തിയതെന്ന കാര്യം സ്ഥിരീകരിക്കേണ്ടതുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.