narendra-modi-vs-farmers

ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പോരാടുന്ന കർഷകരെ സമ്മർദ്ദത്തിലാക്കി സമരം പൊളിക്കാൻ പതിനെട്ടടവും പയറ്റി കേന്ദ്ര സർക്കാർ. ജനുവരി 26നുനടന്ന ട്രാക്ടർ റാലിക്കുശേഷം ഡൽഹി പൊലീസ് ബാരിക്കേടുകളും കോൺക്രീറ്റ് സ്ലാബുകളും ഉപയോഗിച്ച് കർഷകർ തമ്പടിച്ചിരിക്കുന്ന ഭാഗത്തേക്കുളള റോഡുകൾ അടച്ചിരുന്നു. പിന്നാലെ സമരക്കാർക്കുളള വെളളം എത്തിക്കുന്നതിനും ശൗചാലയങ്ങളിലേക്കുളള വഴികളും അടക്കം പൊലീസ് അടയ്ക്കുകയായിരുന്നു. കർഷകരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പരസ്യമായി പറയുമ്പോഴും കർഷകർക്കുമേൽ സമ്മർദ്ദം ചെലുത്താൻ തന്ത്രങ്ങൾ മെനയുന്നതിനുളള തിരക്കിലാണ് കേന്ദ്ര സർക്കാർ.

ഏറ്റവുമധികം കർഷകർ തമ്പടിച്ചിരിക്കുന്ന സിംഘു മേഖലയിൽ 100 ഓളം താൽക്കാലിക ശൗചാലയങ്ങളിലേക്കുളള കർഷകരുടെ പ്രവേശനം ബാരിക്കേഡുകൾവെച്ച് പൊലീസ് അടച്ചിരിക്കുകയാണ്. ജനുവരി 26 മുതൽ കർഷകർക്ക് ഇവിടെ ജലക്ഷാമവും അനുഭവപ്പെടുന്നുണ്ട്. വെളളവുമായെത്തുന്ന ടാങ്കർ ലോറികൾ കടന്നുപോകുന്നത് തടസം സൃഷ്ടിച്ചിരിക്കുകയാണ്. മുകളിൽനിന്നുളള ഉത്തരവാണെന്നാണ് ഇത്തരം പ്രവർത്തികൾക്ക് പൊലീസ് നൽകുന്ന മറുപടി.

കിടങ്ങുകൾ കുഴിച്ചും റോഡുകളിൽ ഇരുമ്പാണികൾ തറച്ചും, കമ്പികൊണ്ടും മുള്ളുകൾ കൊണ്ടും വേലികൾ കെട്ടിയും, ഉൾവഴികൾ അടച്ചും, ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുത്തിയും, ബിജെപി-ആർഎസ്എസ് പ്രവർത്തകരെ ഉപയോഗിച്ച് പ്രതിഷേധക്കാരെ ഉപദ്രവിച്ചും, കർഷകർ പ്രതിഷേധ സ്ഥലങ്ങളിൽ എത്താതിരിക്കാൻ ട്രെയിനുകൾ വഴി തിരിച്ചുവിട്ടും, പൊലീസും ഭരണകൂടവും തങ്ങളെ പരമാവധി ഉപദ്രവിക്കുകയാണെന്നും അവർ തങ്ങൾക്ക് എതിരാണെന്നും കർഷക സംഘടനകൾ ആരോപിക്കുന്നു.

റിപബ്ലിക് ദിനത്തിൽ ട്രാക്ടർ പരേഡിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് എഴുപതും എൺപതും വയസുള്ളവർ ഉൾപ്പെടെ 122 പേരെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇതുവരെ 44 എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 122 പേരെ അറസ്റ്റ് ചെയ്തതായും ഡൽഹി പൊലീസ് വക്താവ് ഡോ. എയ്ഷ് സിങ്കാൽ വ്യക്തമാക്കിയിരുന്നു. ഒരു വശത്ത് ഒരു ഫോൺ വിളിക്കപ്പുറത്ത് പരിഹാരമുണ്ടെന്ന് പറയുന്നതിനിടയിലും മറുവശത്ത് പ്രതിഷേധങ്ങൾ തടയാനും സൗകര്യങ്ങൾ വെട്ടിക്കുറയ്ക്കാനും കർഷകരെ ഒറ്റപ്പെടുത്താനും കേന്ദ്ര സർക്കാർ പരമാവധി ശ്രമിക്കുകയാണെന്നാണ് ആക്ഷേപം.