
അഭിനയരംഗത്ത് പന്ത്രണ്ടുവർഷം പൂർത്തിയാക്കുന്ന ആസിഫ് അലി പറയുന്നു
സിനിമയായിരുന്നു എന്റെ സ്വപ്നം.അത് യാഥാർത്ഥ്യമായി. പിന്നെ തുടർച്ചയായി സിനിമകൾ ചെയ്യാൻ പറ്റി. അത് തന്നെയാണ് ഏറ്റവും വലിയ എക്സൈറ്റ്മെന്റ്.മമ്മൂക്ക പറഞ്ഞ ഒരു കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട് - പണ്ട് സിനിമയിൽ വരാൻ ഭയങ്കര പാടായിരുന്നു. അവിടെ എത്തിയാൽ പിന്നെ എങ്ങനെയെങ്കിലും നിന്നുപോകും. ഇപ്പോൾ നേരെ മറിച്ചാണ്. വരാൻ വളരെ എളുപ്പമാണ്. നിലനിൽക്കാനാണ് പാട്. അഭിനയജീവിതത്തിൽ പന്ത്രണ്ടുവർഷം പൂർത്തിയാക്കുന്ന ആസിഫ് അലി പറയുന്നു.
വലിയ സംവിധായകരുടെ ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. കുറെ മോശം സിനിമകളിലും അഭിനയിച്ചു. ഒരു സമയത്ത് ധാരാളം ഫാൻ ഫോളോയിംഗുണ്ടായിരുന്നു. അത് ഇടയ്ക്കൊന്ന് കുറഞ്ഞു. അവരെ ഞാൻ തിരിച്ചു പിടിച്ചെന്നാണ് പലരും പറയുന്നത്.അതിന്റെയെല്ലാം സമ്മർദ്ദമുണ്ടെങ്കിലും എന്റെ ഏറ്റവും വലിയ സന്തോഷം ഞാൻ സിനിമയിലുണ്ടെന്നതാണ്. ഞാൻ ചെറുപ്പം മുതലേ സ്ക്രീനിൽ കാണുന്ന ഒരുപാട് പേരുടെ കൂടെ അടുത്തിടപഴകാനും അവരോട് ഒരുമിച്ച് അഭിനയിക്കാനും കഴിഞ്ഞു. എന്നെപ്പോലെ ഒരു സാധാരണക്കാരന് അത് വലിയ അദ്ഭുതമാണ്.
പുറത്തിറങ്ങുമ്പോൾ പലരും വന്ന് സംസാരിക്കുകയും സെൽഫിയെടുക്കുകയും ചെയ്യാറുണ്ട്. ആ സ്നേഹത്തിന് എനിക്കിത് വരെ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരു പരിചയവുമില്ലാത്ത ആൾക്കാർ എത്ര സ്നേഹത്തോടെയാണ് എന്നെ 'ഇക്കാ' യെന്ന് വിളിക്കുന്നത്. അത് തന്നെ വലിയ അംഗീകാരമാണ്.
ഇനി സിനിമകൾ സെലക്ട് ചെയ്യുന്നതെങ്ങനെയായിരിക്കും?
പരിചയ സമ്പന്നരായ ആളുകളോടൊപ്പമായിരിക്കും വർക്ക് ചെയ്യുക. പുതിയ സംവിധായകനാണെങ്കിൽ ആരുടെയെങ്കിലുംകൂടെ ജോലി ചെയ്ത പരിചയം വേണം.പിന്നെ സിനിമ എന്താണെന്ന് അറിയാവുന്ന ആളായിരിക്കണം. തിരക്കഥ പൂർണമായി വായിച്ച് ഇഷ്ടപ്പെട്ടാലേ സിനിമ ചെയ്യൂ.
 അന്യഭാഷാ സിനിമകളിൽ അഭിനയിക്കുന്നില്ലേ?
നല്ല സിനിമകൾ കൂടുതലായി ഉണ്ടാകുന്നത് മലയാളത്തിലല്ലേ. ആവശ്യത്തിലധികം അവസരങ്ങൾ എനിക്ക് ഇവിടെയുണ്ട്.പിന്നെ എന്തിനാ മറ്റ് ഭാഷാ ചിത്രങ്ങളിൽ അഭിനയിക്കുന്നത്.എന്റെ മിക്ക കഥാപാത്രങ്ങൾക്കും ഗുണം ചെയ്യുന്നത് ഡയലോഗ് ഡെലിവറിയാണ്.അതു കൊണ്ട് തന്നെ മലയാള സിനിമ എനിക്ക് കംഫർട്ടബിളാണ്. എന്നെ അഭിനയിപ്പിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഏതെങ്കിലും അന്യഭാഷാ സംവിധായകർ വരട്ടെ. അപ്പോൾ നോക്കാം.
ഫോണെടുക്കുന്നതിൽ മാറ്റം വന്നോ?
ഒരു മാറ്റവും വന്നില്ല. ലൊക്കേഷനിലാണെങ്കിൽ അസിസ്റ്റന്റിന്റെ ഫോണിലാണ് വീട്ടുകാർ വിളിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞാണെങ്കിൽ ഹോട്ടലിലേക്ക് വിളിക്കും. ഞാനപ്പോൾ ഫോൺ ഒാൺ ചെയ്ത് തിരിച്ചുവിളിക്കും. ഞാനെപ്പോഴും പറയാറില്ലേ ഇത് ഒരാളെയോ കുറെയാളുകളെയോ ഒഴിവാക്കാൻ വേണ്ടിയല്ല ഫോൺ ഉപയോഗിക്കാതിരിക്കുന്നതെന്ന്. ഫോൺ ഉപയോഗിക്കാൻ എനിക്ക് കഴിയില്ല.
അതെന്താ?
അതെന്തോ ഒരു സൈക്കോളജിക്കൽ ഡിസോർഡാറാണെന്ന് തോന്നുന്നു. ഒരു ഫോബിയ പോലെ എന്തോ ആണത്. അതൊരു കുറവായി ഞാൻ അംഗീകരിക്കുന്നുണ്ട്. അത് മാറ്റിയെടുക്കണമെന്നുണ്ട്. ആ കാരണം കൊണ്ട് ഒരുപാട് നല്ല സിനിമകൾ എനിക്ക് മിസായിട്ടുണ്ട്. പല ബന്ധങ്ങളും നഷ്ടമായിട്ടുണ്ട്. ഒരുപാട് ചീത്തപ്പേരുണ്ടായിട്ടുണ്ട്.
വൈറസിന്റെ ഷൂട്ടിംഗ് സമയത്ത് ആഷിക്ക് എന്നോട് പറഞ്ഞു ടാ നിന്റെയീ സ്വഭാവമൊന്നു മാറ്റിക്കഴിഞ്ഞാൽ നിനക്ക് എന്ത് വ്യത്യാസമുണ്ടായേനെയെന്ന്.
ലാലേട്ടൻ വിളിച്ചപ്പോൾ ഞാൻ ഫോണെടുത്തില്ലെന്ന് പറഞ്ഞാണ് ആദ്യമൊരു പ്രശ്നമുണ്ടായത്. അത് വലിയ വിവാദമായി.
അതോടുകൂടി എനിക്കെന്റെ കുറെ സുഹൃത്തുക്കളെ തിരിച്ചുകിട്ടി.
'ടാ മോഹൻലാൽ വിളിച്ചിട്ട് ഫോണെടുക്കാത്ത നീ ഞങ്ങൾ വിളിച്ചാലെങ്ങനെയാ ഫോണെടുക്കുന്ന"തെന്ന് പറഞ്ഞ് അവർ വീണ്ടും സൗഹൃദത്തിലായി.
ലാലേട്ടാ ശരിക്കും എന്നെ വിളിച്ചിട്ടുണ്ടോയെന്ന് പിന്നീടൊരിക്കൽ ഞാൻ ലാലേട്ടനോട് ചോദിച്ചു. ഒരു കുസൃതിച്ചിരി മാത്രമായിരുന്നു ലാലേട്ടന്റെ മറുപടി.
രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും റേഡിയോ വീഡിയോ ജോക്കിയായ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന കുഞ്ഞെൽദോ, ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന എല്ലാം ശരിയാകും എന്നീ ചചിത്രങ്ങൾ പൂർത്തിയാക്കി കഴിഞ്ഞ ആസിഫ് അലിക്ക് സിബി മലയിലിന്റെ കൊത്ത് പൂർത്തിയാക്കാനുണ്ട്. ചചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കോഴിക്കോട് ചചിത്രീകരിച്ചിരുന്നു. ബോബി സഞ്ജയിന്റെ രചനയിൽ ജിസ് ജോയി സംവിധാനം ചെയ്യുന്ന ചിത്രവും അജയ് വാസുദേവിന്റെ ആന്തോളജി ചിത്രവും സേതു രചനയും സംവിധാനവും നിർവഹിക്കുന്ന മഹേഷും മാരുതിയും എന്നിവയാണ്. ഈ വർഷം ആസിഫ് അലി കമ്മിറ്റ് ചെയ്തു കഴിഞ്ഞ പ്രോജക്ടുകൾ. കുഞ്ചാക്കോ ബോബനെ നായകനാക്കി ജിസ് ജോയി ഒരുക്കുന്ന മോഹൻകുമാർ ഫാൻസിൽ അതിഥി താരമായും ആസിഫ് പ്രത്യക്ഷപ്പെടുന്നുണ്ട്.