airo-india

ബംഗളൂരു: ഏഷ്യയിലെ ഏറ്റവും മികച്ച വ്യോമ പ്രതിരോധ പ്രദർശനമായ എയ്റോ ഇന്ത്യ 2021പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്തു.

യെലഹങ്കയിലെ വ്യോമസേന കേന്ദ്രത്തിൽ രണ്ട് മണിക്കൂർ നീണ്ട ഉൽഘാടന പ്രദർശനത്തിൽ ഇന്ത്യയുടെ വ്യോമ പ്രതിരോധ ശക്തിതെളിയിക്കുന്ന പ്രകടനങ്ങൾ നടന്നു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലഘു യുദ്ധ വിമാനമായ തേജസ് അതിന്റെ പ്രഹര ശക്തിയും അഭ്യാസത്തികവും പ്രകടിപ്പിച്ചത് ആകാശത്ത് വിസ്‌മയമായി. ഇന്ത്യയുടെ എയ്റോബാറ്റിക് പ്രകടനത്തിൽ സാരംഗ് ഹെലികോപ്റ്ററുകളും

സൂര്യകിരൺ വിമാനങ്ങളും പങ്കെടുത്തു. അമേരിക്കയുടെ ബി. വൺ ബോംബർ‌ വിമാനവും ഒപ്പം പറന്നു.

വിവിധ രാജ്യങ്ങളുടെ 63 വിമാനങ്ങളാണ് ഷോയിൽ പങ്കെടുക്കുന്നത്. പ്രദർശനത്തിൽ 600 ഓളം പ്രതിനിധികൾ പങ്കെടുക്കും. 78 വിദേശ പ്രതിനിധികളും ഉൾപ്പെടുന്നു. ഇവരുടെ പ്രതിരോധ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട കരാറുകളും ഷോയുടെ ഭാഗമായി ഉണ്ടാകും.

പ്രദർശനത്തിന് മുന്നോടിയായി അമേരിക്ക തങ്ങളുടെ മൂന്ന് ഇനം യുദ്ധ വിമാനങ്ങൾ ഇന്ത്യയ്‌ക്ക് വിൽക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. എഫ് - 18,​ എഫ് - 15,​ എഫ് - 16ന്റെ പുതിയ പതിപ്പായ എഫ് --21 എന്നീ വിമാനങ്ങളാണ് അമേരിക്ക വാഗ്ദാനം ചെയ്‌തത്. കൂടാതെ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതയും ആരായുന്നുണ്ട്.

രാജ്നാഥ് സിംഗിനെ കൂടാതെ,​ കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ, സൈനിക പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

 വ്യോമസേനയ്ക്ക് കരുത്തായി തേജസ്

ഇന്ത്യൻ വ്യോമസേനയ്ക്കായി 83 തേജസ് യുദ്ധവിമാനങ്ങൾ (ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് ) വാങ്ങാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്‌സുമായി കേന്ദ്രസർക്കാർ കരാറിൽ ഒപ്പിട്ടു. 48,000 കോടി രൂപയുടെ കരാർ തദ്ദേശീയ മിലിട്ടറി ഏവിയേഷൻ മേഖലയിലെ ഏറ്റവും വലിയ ഇടപാടാണ്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിന്റെ സാന്നിദ്ധ്യത്തിലാണ് കരാർ ഒപ്പിട്ടത്. സിംഗിൾ എൻജിൻ മൾട്ടി റോൾ സൂപ്പർസോണിക് യുദ്ധവിമാനമാണ് തേജസ്.