
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ കോൺഗ്രസ് ഭക്തരെ പിന്നിൽ നിന്ന് കുത്തിയെന്ന് ആരോപിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ശബരിമല പ്രശ്‌നം കോൺഗ്രസ് ഇപ്പോൾ ഉയർത്തുന്നത് വോട്ടിന് വേണ്ടി മാത്രമാണെന്നും രാഹുൽഗാന്ധി ഈ വിഷയത്തിൽ പ്രതികരിച്ചതെന്താണെന്നും നദ്ദ ചോദിച്ചു. രണ്ട് ദിവസത്തെ കേരള സന്ദർശനത്തിനിടെ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ശബരിമല പ്രശ്‌നത്തിന്റെ നിയമപരിഹാരത്തിന് സമയമെടുക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാരിനെതിരെയും ജെ.പി നദ്ദ ആഞ്ഞടിച്ചു. സിഎജിക്കെതിരായ നിയമസഭയിലെ പ്രമേയം ഭരണഘടനയ്ക്കെതിരെ നടന്ന ആക്രമണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഭരണഘടനാ തത്വങ്ങളെ വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സിപിഎമ്മുകാരെ നിയമിക്കാനുളള ഏജൻസിയായി പിഎസ്‌സി മാറിയിരിക്കുകയാണ്. സ്വർണക്കടത്ത് കേസും ലൈഫ് മിഷനും കെ ഫോൺ പദ്ധതിയിലുമെല്ലാം നടന്നത് വൻ അഴിമതിയാണെന്നും നദ്ദ പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് പുറത്തായിട്ടുണ്ട്. ഇത് മലയാളികൾക്ക് അപമാനമാണ്. മറ്റ് മന്ത്രിമാരുടെ പങ്ക് പുറത്തുവരാനിരിക്കുന്നതേയുളളു. കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടതായും എൽഡിഎഫിനും യുഡിഎഫിനും ആകെയുളളത് അധികാരക്കൊതി മാത്രമാണെന്നും ജെ.പി നദ്ദ പറഞ്ഞു.