
കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പശ്ചിമബംഗാളിൽ ബി.ജെ.പി നടത്തുന്ന രഥയാത്രയ്ക്ക് അനുമതി ലഭിക്കുന്നതിന് ജില്ലകളിലെ പ്രാദേശിക അധികാരികളെ സമീപിക്കാനാവശ്യപ്പെട്ട് മമത സർക്കാർ. ഫെബ്രുവരി, മാർച്ച് മാസങ്ങളിലായി സംസ്ഥാനത്തുടനീളം രഥയാത്രയ്ക്ക് അനുമതി തേടി തിങ്കളാഴ്ച ബി.ജെ.പി ബംഗാൾ ഘടകം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു.
' ക്രമസമാധാന പരിപാലനത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള പ്രാദേശിക തലങ്ങളിൽ ഉചിതമായ അധികാരികളെ സമീപിക്കാം' -സർക്കാരിന്റെ സ്‌പെഷ്യൽ സെക്രട്ടറി ഇങ്ങനെയാണ് പ്രതികരിച്ചത്. രഥയാത്ര കടന്ന് പോകുന്ന എല്ലാ പൊലീസ് സ്‌റ്റേഷനുകളിൽ നിന്നും അനുമതി വാങ്ങേണ്ടി വരുമെന്നാണ് ഇത് അർത്ഥമാക്കുന്നത്.
അനുമതികൾക്കായി കൂടുതൽ സമയം എടുക്കുന്നതിന് പുറമെ ഏതെങ്കിലും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നം ഉന്നയിച്ചാൽ യാത്രയുടെ റൂട്ട് അടക്കം പലതവണകളായി മാറ്റേണ്ടി വരികയും ചെയ്യും.
രഥയാത്ര ക്രമസമാധാന പ്രശ്‌നങ്ങൾക്കിടയാക്കുമെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകനായ രാംപ്രസാദ് സർക്കാർ ഇന്നലെ കൊൽക്കത്ത ഹൈക്കോടതിയിൽ ഒരു പൊതുതാത്പര്യ ഹർജിയും നൽകിയിട്ടുണ്ട്. ഇന്ന് കോടതി ഇതിൽ വാദം കേൾക്കും.