shivashankar

തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ കുറ്റാരോപിതനായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ നിരപരാധിയാണെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണു വാസുദേവൻ ഐഎഎസ്. തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അദ്ദേഹത്തിനെതിരെ ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങൾ തകർന്നടിയുമെന്നാണ് താൻ കരുതുന്നതെന്നും ശിവശങ്കർ പുറത്തിറങ്ങിയതിലുള്ള തന്റെ സന്തോഷം വാക്കുകൾ കൊണ്ട് വിവരിക്കാൻ സാധിക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ മാദ്ധ്യമങ്ങളെയും അദ്ദേഹം കുറ്റപ്പെടുത്തുന്നുണ്ട്.

ശിവശങ്കറിനെനെതിരെ, ഏതാണ്ട് മുഴുവൻ സമയവും, മാദ്ധ്യമങ്ങൾ മാപ്പർഹിക്കാത്ത രീതിയിലാണ് പെരുമാറിയത്. ശിവശങ്കറിനെ മാദ്ധ്യമങ്ങൾ വേട്ടയാടുകയും അദ്ദേഹത്തിനെതിരെ അവർ കള്ളക്കഥകൾ സൃഷ്ടിച്ചെടുക്കുകയും ചെയ്തു. വേണു വാസുദേവൻ ഐഎഎസ് ആരോപിച്ചു.

98 ദിവസത്തെ ജയിൽവാസത്തിന് ശേഷം മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ ഇന്ന് ജയിൽമോചിതനായിരുന്നു. കാക്കനാട് ജില്ലാ ജയിലിൽ നിന്ന് പുറത്തിറങ്ങിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല. കാക്കനാട് നിന്നും തിരുവനന്തപുരത്തേക്ക് അദ്ദേഹം മടങ്ങി. ഡോളർ കടത്ത് കേസിൽ എറണാകുളം പ്രത്യേക സാമ്പത്തിക കോടതിയാണ് ശിവശങ്കറിന് ഇന്ന് ജാമ്യം അനുവദിച്ചത്.

ഡോളർ കടത്തുമായി ബന്ധമില്ലെന്നും കസ്‌റ്റഡിയിലെ പ്രതികളുടെ മൊഴിമാത്രമാണ് അന്വേഷണസംഘത്തിന്റെ കൈവശമുള‌ളതെന്നും മ‌റ്റ് തെളിവൊന്നും ഹാജരാക്കാനായിട്ടില്ലെന്നും ശിവശങ്കർ കോടതിയിൽ വാദിച്ചിരുന്നു. രണ്ട് ലക്ഷം രൂപയ്‌ക്കും തത്തുല്യമായ രണ്ട് ആൾ ജാമ്യത്തിലുമാണ് ശിവശങ്കർ ജയിൽ മോചിതനായത്.

സ്വർണക്കടത്ത് കേസിലും കള‌ളപ്പണകേസിലും ഡോളർ കടത്ത് കേസിലുമാണ് ശിവശങ്കറിനെതിരെ കസ്‌റ്റംസും ഇഡിയും അറസ്‌റ്റ് ചെയ്‌തിരുന്നത്. ഒക്‌ടോബർ 28ന് എൻഫോഴ്‌സ്‌മെന്റാണ് ശിവശങ്കറിനെ അറസ്‌റ്റ് ചെയ്‌തത്. കള‌ളപ്പണകേസിലായിരുന്നു അത്.

തുടർന്ന് നവംബർ മാസത്തിൽ സ്വർണക്കടത്ത് കേസിലും ജനുവരിയിൽ ഡോളർ കടത്ത് കേസിലും കസ്‌റ്റംസ് അറസ്‌റ്റ് ചെയ്‌തു. സ്വർണക്കടത്ത് കേസിലും കള‌ളപ്പണകേസിലും നേരത്തെ ജാമ്യം ലഭിച്ചെങ്കിലും ഡോളർ കടത്ത് കേസിൽ ഇതുവരെ ജാമ്യം ലഭിച്ചിരുന്നില്ല. ഇന്ന് ഈ കേസിലും ജാമ്യം ലഭിച്ചതോടെ ശിവശങ്കറിന് ജയിൽ മോചിതനാകാൻ വഴിയൊരുങ്ങുകയായിരുന്നു.