cm-pinarayi-vijayan

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ച് കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ. ചെത്തുകാരന്റെ കുടുംബത്തിൽപ്പെട്ടയാൾക്ക് സഞ്ചരിക്കാനായി ഹെലികോപ്ടർ വാങ്ങിച്ചുവെന്നും അങ്ങനെ ചെയ്യുന്ന ആദ്യത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നുമായിരുന്നു കെ സുധാകരന്റെ അങ്ങേയറ്റം തരംതാണ പരാമർശം. തലശേരിയിലെ യുഡിഎഫ് 'ഐശ്വര്യ കേരളയാത്ര'യുടെ വേദിയിൽ വച്ചാണ് സുധാകരൻ ഇത്തരത്തിൽ സംസാരിച്ചത്. കൂത്തുപറമ്പ് വെടിവയ്പ്പിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പനെ കുറിച്ചും സുധാകരൻ അടുത്തിടെ മോശമായ രീതിയിൽ സംസാരിച്ചിരുന്നു.

'എന്താ പിണറായിയുടെ കുടുംബം? ചെത്തുകാരന്റെ കുടുംബം! ആ ചെത്തുകാരന്റെ കുടുംബത്തിൽ നിന്നും അദ്ധ്വാനിക്കുന്ന തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവജ്വാല ഏറ്റെടുത്ത് ചെങ്കൊടി പിടിച്ച് മുമ്പിൽ നിന്ന് നിങ്ങൾക്ക് നേതൃത്വം വഹിച്ച പിണറായി വിജയൻ ഇന്നെവിടെ? പിണറായി വിജയൻ കേരളത്തിന്റെ മുഖ്യമന്ത്രിയായപ്പോൾ... ചെത്തുകാരന്റെ വീട്ടിൽ നിന്നും ഉയർന്നുവന്ന ഒരു മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഹെലികോപ്ടർ എടുത്ത കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായി തൊഴിലാളി വർഗ്ഗത്തിന്റെ അപ്പോസ്തലനായ പിണറായി വിജയൻ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.'-സുധാകരൻ പറഞ്ഞു.