
മാഞ്ചസ്റ്രർ യുണൈറ്രഡ് സതാംപ്ടണെ 9-0ത്തിന് തോൽപ്പിച്ചു
പ്രിമിയർ ലീഗിലെ ഏറ്രവും വലിയ വിജയമെന്ന റെക്കാഡിനൊപ്പം
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത 9 ഗോളുകൾക്ക് സതാംപ്ടണെ കീഴടക്കി റെക്കാഡ് ജയം സ്വന്തമാക്കി. പ്രിമിയർ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മാർജിനിലുള്ള ജയമെന്ന റെക്കാഡിനൊപ്പമെത്തിയ മത്സരമായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ സതാംപ്ടണെത്തന്നെ ലെസ്റ്ററും 1995 ൽ ഇപ്സ്വിച്ച് ടൗണിനെ മാഞ്ചസ്റ്റർ യുണൈറ്റഡും ഇതേ സ്കോറിന് കീഴടക്കിയിട്ടുണ്ട്.
ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ചിരവൈരികളായ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമെത്താനും (സിറ്റിയും ബേൺലിയും തമ്മിലുള്ള മത്സരത്തിന് മുൻപ്) യുണൈറ്റഡിനായി. ചുവന്ന ചെകുത്താൻമാരുടെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ തൊട്ടതെല്ലാം പിഴച്ച സതാംപ്ടണ് രണ്ട് താരങ്ങൾ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ 9 പേരുമായി മത്സരം പൂർത്തിയാക്കേണ്ട ഗതികേടുമുണ്ടായി. മാഞ്ചസ്റ്ററിന്റെ ഏഴ് താരങ്ങൾ ഗോൾ നേടിയ മത്സരത്തിൽ ജാൻ ബഡ്നാരെക്കിന്റെ വകയായി സെൽഫ് ഗോളും ആതിഥേയരുടെ അക്കൗണ്ടിൽ വന്നു.
ആന്റണി മാർട്ടിയാൽ ഇരട്ടഗോൾ നേടിയ മത്സരത്തിൽ വാൻ ബിസാക്ക, മാർകസ് റാഷ്ഫോർഡ്, എഡസൺ കവാനി, സ്കോട്ട് മക്ടോമിനെ, ബ്രൂണോ ഫെർണാണ്ടസ് (പെനാൽറ്റി), ഡാനിയേൽ ജയിംസ് എന്നിവരും യുണൈറ്റഡിനായി ലക്ഷ്യം കണ്ടു. പ്രിമിയർ ലീഗിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ അലക്സാൺട്രേ ജാൻകേവിറ്റ്സ് രണ്ടാം മിനിട്ടിൽത്തനെ ചുവപ്പ് കാർഡ് കണ്ട് പുറത്തായത് സതാംപ്ടണ് വലിയ തിരിച്ചടിയാവുകയായിരുന്നു. 86-ാം മിനിട്ടൽ ബെഡ്നാരെക്കും മാർച്ചിംഗ് ഓർഡർ വാങ്ങി. 18-ാം മിനിട്ടൽ വാൻ ബിസാക്കയാണ് യുണൈറ്റഡിന്റെ ഗോൾ വേട്ട തുടങ്ങിയത്. ആദ്യ പകുതിയിൽ യുണൈറ്റഡ് 4 ഗോൾ നേടിയിരുന്നു. മറ്റ് മത്സരങ്ങളിൽ ആഴ്സനലിനെ വൂൾവ്സ് 2-1ന് അട്ടിമറിച്ചപ്പോൾ ക്രിസ്റ്റൽ പാലസ് ന്യൂകാസിലിനെ 2-1ന് കീഴടക്കി.