sachin-riahana

മുംബയ്: കർഷക സമരത്തെ പിന്തുണച്ച് അന്താരാഷ്ട്ര തലത്തിൽ നിന്നുയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സച്ചിൻ തെണ്ടുൽക്കർ അടക്കമുള്ള പ്രമുഖർ. ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തതാണെന്നും, വിദേശ ശക്തികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ലെനന് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.

'ഇന്ത്യയുടെ പരമാധികാരം വിട്ടുവീഴ്‌ചയില്ലാത്തത്. വിദേശശക്തികൾക്ക് അതുകണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടാൻ കഴിയില്ല. ഇന്ത്യ എന്താണെന്ന് ഇന്ത്യക്കാർക്ക് അറിയാം; ഇന്ത്യയ്‌ക്കുവേണ്ടി തീരുമാനങ്ങൾ കൈകൊള്ളാനും. രാജ്യത്തിന് കീഴിൽ ഞങ്ങൾ ഒന്നിച്ച് അണിചേരുന്നത് തുടരുക തന്നെ ചെയ്യും'- ട്വിറ്ററിൽ സച്ചിൻ കുറിച്ച വാക്കുകൾ.

India’s sovereignty cannot be compromised. External forces can be spectators but not participants.
Indians know India and should decide for India. Let's remain united as a nation.#IndiaTogether #IndiaAgainstPropaganda

— Sachin Tendulkar (@sachin_rt) February 3, 2021

പോപ്പ് താരം റിഹാന, സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗ് യുഎസ് വൈസ് പ്രസിന്റ് കമല ഹാരിസിന്റെ അനന്തരവൾ മീന ഹാരിസ് തുടങ്ങിയവരാണ് കർഷക സമരത്തെ പിന്തുണച്ച് രംഗത്തെത്തിയത്. ഇതോടെ അന്താരാഷ്ട്ര തലത്തിൽ സമരം ചർച്ച ചെയ്യപ്പെടുകയുമുണ്ടായി. ഇതിനെ തുടർന്ന് കർഷക പ്രതിഷേധത്തിന് ലഭിക്കുന്ന അന്താരാഷ്ട്ര പിന്തുണയെ അപലപിച്ച് വിദേശകാര്യമന്ത്രാലയം പ്രസ്‌താവന ഇറക്കി.

'ഇന്ത്യ ഒരുമിച്ച്', 'ഇന്ത്യക്കെതിരായ പ്രചാരണം' തുടങ്ങി ഹാഷ്ടാഗുകളുമായി കേന്ദ്ര മന്ത്രിമാർ ഒന്നടങ്കം ട്വിറ്ററിൽ രംഗത്തെത്തി. അക്ഷയ് കുമാർ, അജയ് ദേവ്‌ഗൺ, കരൺ ജോഹർ, അനുപം ഖേർ, സുനിൽ ഷെട്ടി തുടങ്ങിയ ബോളിവുഡ് താരങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രചരണം ഏറ്റെടുത്തിട്ടുണ്ട്.