
വാഷിംഗ്ടൺ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിൽ പ്രതികരിച്ച അമേരിക്കൻ പോപ്പ് ഗായിക റിഹാനയുടെ മതമേതെന്ന് ഗൂഗിളിൽ തിരഞ്ഞ് ഇന്ത്യക്കാരിലെ ഒരു വിഭാഗം. കർഷക സമരത്തെ കുറിച്ചുള്ള മാദ്ധ്യമ വാർത്ത പങ്കുവച്ചുകൊണ്ട് 'നമ്മൾ എന്തുകൊണ്ടാണ് ഇതേക്കുറിച്ച് സംസാരിക്കാത്തതെന്ന് ഗായിക ചോദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കൂട്ടർ റിഹാനയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ തിരയാൻ ഗൂഗിളിലേക്കിറങ്ങിയത്.
ഇവരിൽ ഭൂരിഭാഗം പേരും ഗായികയുടെ മതത്തെ കുറിച്ചാണ് സെർച്ചുകൾ നടത്തിയത്. റിഹാന മുസ്ലിം ആണോ എന്ന് ഗൂഗിളിനോട് ചോദിച്ചപ്പോൾ മറ്റ് ചിലർ അവർ ക്രിസ്ത്യൻ മതത്തിൽപ്പെട്ട ആളാണോ എന്നാണ് തിരക്കിയത്. ഒടുവിൽ ഗായികയുടെ മതം എന്തെന്ന് മനസിലാക്കിയ ഇവർ, 'ക്രിസ്ത്യാനിയായ റിഹാന എന്തിന് കർഷക സമരത്തിൽ പ്രതികരിക്കുന്നു?'- എന്നാണ് ചോദിക്കുന്നത്.
ഇതോടെ ട്വിറ്ററിൽ നേരത്തെ തന്നെ ട്രെൻഡിംഗ് ആയി മാറിയിരുന്ന റിഹാന, ഗൂഗിളിലും ട്രെൻഡിംഗ് ആയി മാറി. കർഷക സമരത്തെ കുറിച്ച് റിഹാന പ്രതികരിച്ചതോടെ നിരവധി പേർ ഈ വിഷയത്തിൽ കർഷകരെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരുന്നു. ബോളിവുഡ് നടിയും ബിജെപി അനുകൂല നിലപാടുകളുടെ പേരിൽ പ്രശസ്തയുമായ കങ്കണ റനാവത്ത് റിഹാനയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. നിലവിൽ ട്വിറ്ററിൽ ഏറ്റവും കൂടുതൽ ഫോളോവെഴ്‌സുള്ള നാലാമത്തെയാളാണ് റിഹാന. 101 മില്യണ്‍ പേരാണ് താരത്തെ ഫോളോ ചെയ്യുന്നത്.