
മാർക്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വി.കെ.കൃഷ്ണകുമാർ നിർമ്മാണവും സജി കെ. പിള്ള സംവിധാനവും നിർവഹിച്ച മ്യൂസിക്കൽ ആൽബം 'പ്രിയനൊരാൾ' റിലീസിനൊരുങ്ങുന്നു. ഭാരതീയ ചിത്രകലയുടെ കുലപതി രാജാരവിവർമ്മയുടെ പിൻമുറക്കാരനായ സംഗീതസംവിധായകൻ കിളിമാനൂർ രാജവർമ്മ, മഠം കാർത്തികേയൻ നമ്പൂതിരിയുടെ പ്രണയാർദ്രമായ വരികൾക്ക് സംഗീതാവിഷ്കാരം നൽകി ആലപിച്ചിരിക്കുന്നു. ആൽബത്തിൽ ഒരു സുപ്രധാനവേഷം അദ്ദേഹം തന്നെ
അഭിനയിച്ചിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. പാരമ്പര്യത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന കിളിമാനൂർ കൊട്ടാരവും പരിസരവും അതിന്റെ പഴമയും ദൃശ്യഭംഗിയും ഒട്ടും ചോർന്നുപോകാതെ രതീഷ് മംഗലത്ത് ക്യാമറയിൽ ഒപ്പിയെടുത്തിരിക്കുന്നു. പഴമയുടെ പ്രൗഡിയും പ്രണയവും വിരഹവും കാത്തിരിപ്പും ഒത്തുചേരലുമെല്ലാം കാണികളെ ആർദ്രമായ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകുന്ന അനുഭവമാണ് പ്രിയനൊരാൾ സമ്മാനിക്കുന്നത്. കിളിമാനൂർ രാമവർമ്മയ്ക്കു പുറമെ മായാ കെ. വർമ്മ, വൈഷ്ണവ് വർമ്മ, ഗായത്രിനായർ, വി.കെ. കൃഷ്ണകുമാർ എന്നിവരും ആൽബത്തിൽ അഭിനയിക്കുന്നു. എഡിറ്റിംഗ്: വിമൽകുമാർ, പി.ആർ.ഒ:അജയ്തുണ്ടത്തിൽ.