space

സാൻഫ്രാൻസിസ്കോ: സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പ് റോക്കറ്റ് പരീക്ഷണം പരാജയപ്പെട്ടു. ടെക്സസിലെ ബൊക ചികയിൽ നിന്ന് വിക്ഷേപിച്ച എസ്.എൻ9 ഹൈആൾട്ടിറ്റൂഡ് പരീക്ഷണ റോക്കറ്റാണ് തകർന്നത്. റോക്കറ്റ് സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ശ്രമത്തിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് മുൻപ് നടത്തിയ പരീക്ഷണവും സമാനമായ രീതിയിൽ തന്നെയാണ് പരാജയപ്പെട്ടത്. ശതകോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സ് ചന്ദ്രനിലേക്കും ചൊവ്വായിലേക്കും ബഹിരാകാശ സഞ്ചാരികളെ കൊണ്ടുപോകാൻ വികസിപ്പിക്കുന്ന റോക്കറ്റാണ് സ്റ്റാർഷിപ്പ്. ഇന്ന് നിലവിലുള്ള റോക്കറ്റുകളിൽ കൂടുതൽഭാരം വഹിക്കാൻ ശേഷിയുള്ളതും വലുതുമാണ് സ്റ്റാർഷിപ്പ്. വിക്ഷേപിച്ച് 10 കിലോ മീറ്ററോളം ഉയരത്തിലെത്തിയതിന് ശേഷം റോക്കറ്റ് തിരിച്ചിറക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം നടന്നത്.

കുത്തനെ ഉയരുകയും അവിടെനിന്ന് താഴേക്ക് എത്തുന്നതിന് തൊട്ടുമുമ്പായി വീണ്ടും ലംബമാക്കി മാറ്റി നിലത്തിറക്കാനാണ് സ്‌പേസ് എക്‌സ് പദ്ധതിയിട്ടിരുന്നത്.

ഇത് അവസാന മിനിറ്റില്‍ പരാജയപ്പെട്ടു. മൂന്ന് റാപ്റ്റര്‍ ത്രസ്റ്ററുകള്‍ പ്രവര്‍ത്തിപ്പിച്ചാണ് ഇറങ്ങുന്ന സ്റ്റാര്‍ഷിപ്പിനെ നേരെയാക്കുക. ഇതില്‍ ഒന്ന് പ്രവര്‍ത്തിച്ചില്ല. ഇതോടെ റോക്കറ്റ് നിലത്ത് ഇടിച്ചിറങ്ങി തീഗോളമായി മാറുകയായിരുന്നു.