
മിലാൻ: ഇറ്റാലിയൻ കപ്പ് സെമി ഫൈനലിന്റെ ആദ്യ പാദത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനൊ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ യുവന്റസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്റർമിലാനെ കീഴടക്കി.
മിലാന്റെ തട്ടകമായ സാൻ സീറോയിൽ നേടാനായ ജയം 13 തവണ ഇറ്റാലിയൻ കപ്പിൽ മുത്തമിട്ട യുവന്റസിന് സ്വന്തം മൈതാനമായ ടൂറിനിൽ നടക്കുന്ന മത്സരത്തിന് മുൻപ് മുൻതൂക്കം നൽകുന്നതായി.
ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് രണ്ട് ഗോൾ തിരിച്ചടിച്ച് യുവന്റസ് ജയം നേടിയത്. ലൗട്ടാരൊ മാർട്ടിനസിന്റെ ഗോളിൽ ഒൻപതാം മിനിട്ടിൽ മിലാൻ മുന്നിലെത്തി. എന്നാൽ 26-ാം മിനിട്ടിൽ പെനാൽറ്രി ഗോളാക്കി റൊണാൾഡോ യുവന്റസിനെ ഒപ്പമെത്തിച്ചു. 35-ാം മിനിട്ടിൽ റൊണാൾഡോ വിജയ ഗോളും നേടി.