
മാഡ്രിഡ്: കായിക മേഖലയെ വീണ്ടും കൊവിഡ് പ്രതിസന്ധിയിലാക്കുന്നു. ആസ്ട്രേലിയൻ ഓപ്പണിനായെത്തിയ താരങ്ങൾ താമസിക്കുന്ന മെൽബണിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് സംഘാടകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. 
ഇതേത്തുടർന്ന് ഇന്ന് മെൽബൺ പാർക്കിൽ നടക്കേണ്ടിയിരുന്ന വാം അപ്പ് മത്സരങ്ങളെല്ലാം ടെന്നിസ് ആസ്ട്രേലിയ റദ്ദാക്കിയിട്ടുണ്ട്. സീസണിലെ ആദ്യ ഗ്രാൻഡ് സ്ലാമായ ആസ്ട്രേലിയൻ ഓപ്പണിന്റെ ഇത്തവണത്തെ പതിപ്പ് ഈ മാസം 8 മുതൽ 21വരെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 
പെരസ് പോസിറ്റീവ്
സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡിന്റെ പ്രസിഡന്റ് ഫ്ലോറന്റീനോ പെരസിനും കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് രോഗ ലക്ഷണങ്ങൾ ഒന്നുമില്ലായിരുന്നുവെന്നും പതിവ് പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും ക്ലബ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.
നേരത്തേ കൊവിഡ് സ്ഥിരീകരിച്ച ക്ലബിന്റെ പരിശീലകൻ സിനദിൻ സിദാൻ രോഗ മുക്തനായി തിരിച്ചെത്തിയ ദിവസം തന്നെയാണ് പ്രസിഡന്റ് പോസിറ്റീവായത്.
ആർതറിനും
തിരിമനെക്കും 
കൊവിഡ്
ശ്രീലങ്കൻ ക്രിക്കറ്റ് ടീം കോച്ച് മിക്കി ആർതറിനും ലഹിരുതിരിമനെക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും ക്വാറന്റൈനിൽ പ്രവേശിച്ചു. ഇതോടെ ടീമിന്റെ വെസ്റ്റിൻഡീസ് പര്യടനം അനിശ്ചിതത്വത്തിലായി. 
പര്യടനത്തിന് മുന്നോടിയായി 36 അംഗ ടീമിന് നടത്തിയ പി.സി.ആർ പരിശോധനയിലാണ് ആർതറിനും തിരിമനെക്കും കൊവിഡ് സ്ഥിരീകരിച്ചത്. 20ന് തുടങ്ങേണ്ട ശ്രീലങ്കയുടെ വിൻഡീസ് പര്യടനംം നിലവിലെ സാഹചര്യത്തിൽ ഉപേക്ഷിക്കാനൊ നീട്ടിവയ്ക്കാനൊ സാധ്യതയുണ്ട്.