
ബാംബോലി:ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് മുംബയ് സിറ്റി എഫ്.സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങി തോറ്റു. തോൽവിയോടെ ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അസ്തമിച്ചു. കഴിഞ്ഞ മത്സരത്തിലെപ്പോലെ തന്നെ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തോൽവി. 27-ാം മിനിട്ടിൽ വിസന്റെ ഗോമസിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാൽ പിന്നീട് ബിപിൻ സിംഗും ആദം ലെ ഫോണ്ട്രെയും (പെനാൽറ്റി) നേടിയ ഗോളുകളുടെ പിൻബലത്തിൽ മുംബയ് വിജയം പിടിച്ചെടുക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് ആക്രമണങ്ങളെ മനോഹരമായി പ്രതിരോധിച്ച ഗോളി ആമരീന്ദർ സിംഗും മുംബയ്യുടെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.
 15 മത്സരങ്ങളിൽ നിന്ന് 33 പോയിന്റുമായി മുംബയ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. 16 മത്സരങ്ങളിൽ നിന്ന് 15 പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് ഒമ്പതാം സ്ഥാനത്താണ്.
27-ാം മിനിട്ടിൽ സഹൽഅബ്ദുൾ സമദെടുത്ത ക്രോസ് മനോഹരമായ ഹെഡ്ഡറിലൂടെ ഗോളാക്കിയാണ് ഗോമസ് ബ്ലാസ്റ്റേഴ്സിന് ലീഡ് സമ്മാനിച്ചത്. എന്നാൽ രണ്ടാം പകുതി തുടങ്ങി ആദ്യ മിനിട്ടിൽത്തന്നെ ബിപിൻസിംഗ് മുംബയ്യെ ഒപ്പമെത്തിച്ചു.
അറുപത്തിയഞ്ചാം മിനിട്ടിൽ ഫോണ്ട്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഫോണ്ട്രെ തന്നെ ഗോളാക്കി മുംബയ്ക്ക് ജയം സമ്മാനിക്കുകയായിരുന്നു.
ഫൗളർക്ക് സസ്പെൻഷനും പിഴയും
കൊൽക്കത്ത: വിവാദ പരാമർശം നടത്തിയ ഈസ്റ്റ് ബംഗാളിന്റെ ഹൈ പ്രൊഫൈൽ ഇംഗ്ലീഷ് പരിശീലകൻ റോബി ഫൗളർക്ക് നാല് മത്സരങ്ങളിൽ വിലക്കും അഞ്ച് ലക്ഷം രൂപ പിഴയും ആൾ ഇന്ത്യഫുട്ബാൾ ഫെഡറേഷന്റെ അച്ചടക്ക സമിതി വിധിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ ജനുവരി 29ന് ഗോവയ്ക്കെതിരെ 1-1ന് സമനിലയിൽ പിരിഞ്ഞ മത്സരത്തിന് ശേഷം ഫൗളർ നടത്തിയ പരാമർശമാണ് വംശീയാധിക്ഷേപമെന്ന പേരിൽ വിവാദമായത്. റഫറിമാർ ഒന്നെങ്കിൽ ഇംഗ്ളീഷ് വിരുദ്ധരോ അല്ലെങ്കിൽ ഈസ്റ്റ് ബംഗാൾ വിരുദ്ധരോ ആണെന്നായിരുന്നു ഫൗളറുടെ പരാമർശം. എന്നാൽ താൻ യാതൊരു വിധ വംശീയാധിക്ഷേപവും നടത്തിയിട്ടില്ലെന്നായിരുന്നു ഫൗളറുടെ നിലപാട്.