
ന്യൂഡൽഹി: ശബരിമല വിഷയം വീണ്ടും ചർച്ചയാകുമെന്നും അതിൽ അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നും മുസ്ലിം ലീഗിന്റെ ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ഒരു സ്വകാര്യ മലയാളം വാർത്താചാനലിനോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശബരിമല വിഷയം ചർച്ചയായാൽ ബിജെപിക്ക് മുതലെടുപ്പ് നടത്താൻ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ വ്യക്തമായ കാര്യമാണെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് തന്നെ ആവർത്തിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറയുന്നു.
'അന്ന് വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്ന സമീപനമാണല്ലോ സംസ്ഥാന സർക്കാർ സ്വീകരിച്ചത്. അത് ചരിത്രമായി മാറിയില്ലേ? ഞങ്ങൾ അന്ന് വിശ്വാസികളുടെ ഒപ്പം നിന്നു. യുഡിഎഫ് വളരെക്കാലം ഇവിടെ ഭരിച്ചതാണ്. അന്ന് ഇതിനൊരു ഡിസ്റ്റർബൻസ് വന്നിട്ടില്ല. എൽഡിഎഫ് വെറുതെ സ്ത്രീപ്രവേശനത്തിന്റെ പേരിൽ വിഷയമുണ്ടാക്കുകയാണ് എന്ന് ഞങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ. ചരിത്രത്തിന്റെ ഭാഗമാണിത്. അതുകൊണ്ട് എപ്പോഴും ഏത് സമയത്തും ഡിസ്കഷനായി വരും. ഞങ്ങൾ അത് പറഞ്ഞുകൊണ്ടിരിക്കും.'-അദ്ദേഹം പറഞ്ഞു.
കുഞ്ഞാലിക്കുട്ടി നേരത്തെ ലോക്‌സഭാ അംഗത്വം രാജിവച്ചിരുന്നു. പാർട്ടിയുടെ നിർദേശ പ്രകാരമാണ് രാജിയെന്നാണ് കുഞ്ഞാലിക്കുട്ടി പ്രതികരിച്ചത്. മലപ്പുറം ലോക്‌സഭ മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. രാജിവച്ചതിനെ തുടർന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായി കഴിഞ്ഞു. മലപ്പുറം നിയമസഭാ മണ്ഡലത്തിൽ നിന്നോ നേരത്തെ മത്സരിച്ചിരുന്ന വേങ്ങരയിൽ നിന്നോ കുഞ്ഞാലിക്കുട്ടി ജനവിധി തേടുമെന്നാണ് സൂചന. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടന്നേക്കും.