cm

മുഖ്യമന്ത്രി പിണറായി വിജയനെ കോൺഗ്രസ് നേതാവും എംപിയുമായ കെ സുധാകരൻ ജാതീയമായി അധിക്ഷേപിച്ച സംഭവം മുഖ്യധാരാ മാദ്ധ്യമങ്ങളിലും സോഷ്യൽ മീഡിയയിലൂടെ വൻ പ്രതിഷേധമാണ് സൃഷ്ടിച്ചിരിക്കുന്നത്. തലശേരിയിലെ യുഡിഎഫ്‌ 'ഐക്യ കേരളയാത്രാ' വേദിയിൽ വച്ച് സുധാകരൻ മുഖ്യമന്ത്രിക്കെതിരെ പറഞ്ഞ വാക്കുകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എംബി രാജേഷ്, എംഎൻ കാരശ്ശേരി തുടങ്ങിയവർ രംഗത്തുവന്നിരുന്നു.

സുധാകരന്റെ തന്നെ പാർട്ടിയിൽപ്പെട്ട ഷാനിമോൾ ഉസ്മാൻ എംഎൽഎ അദ്ദേഹം നടത്തിയ പരാമർശത്തിൽ മാപ്പ് പറയണം എന്നാവശ്യപ്പെട്ടത് ഈ തരംതാണ പരാമർശത്തിന്റെ ഗൗരവത്തെ സൂചിപ്പിക്കുന്നതും അതങ്ങനെ നിസാരമെന്ന് തള്ളിക്കളയാവുന്നതല്ലെന്നും വ്യക്തമാക്കുന്നതാണ്.

ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി തനിക്കുനേരെ ഉണ്ടായിട്ടുള്ള ജാതീയ അധിക്ഷേപങ്ങളിൽ നടത്തിയ പ്രതികരണം ഏറെ ശ്രദ്ധേയമാണ്. ഒരു മലയാളം വാരികയ്ക്ക് നൽകിയിരുന്ന അഭിമുഖത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇത്തരത്തിലുള്ള മനോഭാവങ്ങൾക്കും പരാമർശങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. അച്ഛൻ ചെത്തുതൊഴിലാളിയായിരുന്നു എന്ന മട്ടിലെ പരിഹാസം പലപ്പോഴും കേൾക്കേണ്ടി വരുന്നതിനെ കുറിച്ച് ചോദ്യം വന്നപ്പോഴായിരുന്നു മുഖ്യമന്ത്രി ഈ പ്രതികരണം നടത്തിയത്.

മുഖ്യമന്ത്രി അന്ന് പറഞ്ഞത്:

'തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛൻ. അച്ഛനൊപ്പംതന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്കാരമാക്കിയവരുമുണ്ട് സമൂഹത്തിൽ.

ലോകത്തെയാകെ മാറ്റിമറിക്കാൻ പോന്ന രാഷ്ട്രീയശക്തിയാണ്‌ തൊഴിലാളിവർഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവർ ഉണരുമ്പോൾ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. നാട്ടിൻപുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാൻ ജനിച്ചത്.

ആ ബാല്യം പരുക്കൻ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമർശിക്കുന്ന ഒരു ഘടകം.'ദാരിദ്ര്യമെന്നുള്ളതറിഞ്ഞവർക്കേ പാരിൽ പരക്ലേശ വിവേകമുള്ളൂ' എന്ന് ഒരു കവിതാഭാഗമുണ്ട്. പരക്ലേശ വിവേകം ഉള്ളവനായി എന്നെ വളർത്തിയത് ആ ബാല്യത്തിന്റെ പാരുഷ്യമാണ്. ധാരാളിത്തത്തിലും ധൂർത്തിലുമായിരുന്നു വളർന്നിരുന്നതെങ്കിൽ ഞാൻ മറ്റൊരാളായിപ്പോയേനേ.'