dharmajan

കോഴിക്കോട്: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബാലുശേരിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടി യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന റിപ്പോർട്ടുകൾക്കിടയിൽ പ്രതിഷേധവുമായി ദളിത് കോൺഗ്രസ്. സംവരണ സീറ്റിൽ സെലിബ്രിറ്റികളെ കൊണ്ടുവരരുതെന്ന് ദളിത് കോൺഗ്രസ് ആവശ്യപ്പെടുന്നു.

പാർട്ടി ആവശ്യപ്പെട്ടാൽ എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറാണെന്ന് ധർമ്മജൻ വ്യക്തമാക്കിയിരുന്നു. ധർമ്മജന് ബാലുശേരിയിൽ തന്നെ മത്സരിക്കണമെന്നില്ലാത്തതിനാൽ സംവരണ മണ്ഡലമായ ബാലുശേരി തങ്ങൾക്ക് നൽകണമെന്നും, പിണറായി വിജയനെതിരെ ധർമ്മടത്ത് ധർമ്മജനെ രംഗത്തിറക്കണമെന്നുമാണ് ദളിത് കോൺഗ്രസ് ആവശ്യപ്പെടുന്നത്.

അത്തോളിയിലെ പാർട്ടി പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ബാലുശേരിയിൽ ധർമ്മജൻ യു ഡി എഫ് സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങൾ പരന്നത്. സാദ്ധ്യത തള്ളികളയാനാകില്ലെന്നും, ചർച്ച പുരോഗമിക്കുകയാണെന്നും ജില്ലാ നേതൃത്വം പ്രതികരിച്ചിരുന്നു.