v-d-satheesan

തിരുവനന്തപുരം: യു ഡി എഫ് അധികാരത്തിൽ വന്നാൽ ധനകാര്യ മന്ത്രി ആരാകും എന്നതിൽ കോൺഗ്രസിനകത്ത് വേറൊരു ആലോചനയില്ല. അത് സാക്ഷാൽ വി ഡി സതീശൻ തന്നെയായിരിക്കും. സാക്ഷാൽ കെ എം മാണി ദിവംഗതനായതിനാലും അദ്ദേഹത്തിന്റെ പാർട്ടി മുന്നണി വിട്ടതിനാലും ധനകാര്യവകുപ്പ് കോൺഗ്രസ് ഏറ്റെടുക്കും എന്ന കാര്യത്തിൽ തർക്കമില്ല. സുപ്രധാന വകുപ്പുകൾ ഘടകകക്ഷികൾക്ക് കൊടുക്കുന്നു എന്ന പാർട്ടിയ്‌ക്കകത്തെ അധിക്ഷേപം അതോടെ മാറി കിട്ടുകയും ചെയ്യും.

നിയമസഭയിൽ ശല്യക്കാരനായ സതീശനെ എങ്ങനെയെങ്കിലും തോൽപ്പിക്കുക എന്നത് സി പി എമ്മിന്റേയും എൽ ഡി എഫിന്റേയും പ്രഖ്യാപിത ലക്ഷ്യമാണ്. ഇത്തവണ പരമാവധി യു ഡി എഫ് കോട്ടകൾ പിടിച്ചെടുത്ത് അധികാരം ഉറപ്പിക്കാനാണ് ഇടത് നീക്കം. ഇതിനായി യു.ഡി.എഫ് സീറ്റുകൾ പിടിച്ചെടുക്കാൻ ശക്തരായ സ്ഥാനാർത്ഥികളെ ഇടതുപക്ഷം രംഗത്തിറക്കും. പറവൂരിൽ വി ഡി സതീശനെ താഴെയിറക്കാനും എൽ ഡി എഫ് വമ്പൻ പദ്ധതികളാണ് ആലോചിക്കുന്നത്.

ഒരു കാലത്ത് ഇടത് കോട്ടയായിരുന്നെങ്കിലും കാലങ്ങളായി ഇടതുപക്ഷം തോൽക്കുന്ന മണ്ഡലമാണ് പറവൂർ. എൽ ഡി എഫിന് വേണ്ടി ഇവിടെ സി.പി.ഐയാണ് മത്സരിക്കുന്നത്. 2001 മുതൽ പറവൂരിൽ സ്ഥിരമായി വിജയം വി ഡി സതീശനൊപ്പമായിരുന്നു. സാമ്പത്തിക കാര്യങ്ങൾ സമർത്ഥമായി കൈകാര്യം ചെയ്യാനാവുന്ന നേതാവായ വി.ഡി സതീശൻ മണ്ഡലത്തിൽ അഞ്ചാം അങ്കത്തിന് ഒരുങ്ങുകയാണ്.

എറണാകുളം മരട് സ്വദേശിയായ സതീശൻ 2001ലാണ് പറവൂരിൽ മത്സരിക്കുന്നത്. സി പി ഐയിലെ കെ എം ദിനകരനായിരുന്നു അന്നത്തെ എതിരാളി. 7792 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു വി.ഡി സതീശൻ പറവൂരിൽ വിജയക്കൊടി പാറിച്ചത്. 2006ലും ദിനകരനെ തോൽപ്പിച്ചതോടെ 2011ലും 2016ലും വിജയം സതീശനൊപ്പമായി.

ഏത് വിഷയവും ആഴത്തിൽ പഠിക്കുകയും നിയമസഭയിലും പുറത്തുമായി സമർത്ഥമായി അവതരിപ്പിക്കാൻ കഴിയുകയും ചെയ്യും എന്നതാണ് സതീശന്റെ ഏറ്റവും വലിയ മികവ്. എല്ലാ വിഭാഗങ്ങളുമായി വച്ചുപുലർത്തുന്ന അടുപ്പവും സതീശന് ഗുണകരമാകും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർദ്ധിപ്പിച്ചതും പറവൂരിൽ വി ഡി സതീശന് കൂടുതൽ ആത്മവിശ്വാസം നൽകുന്നു. കാലങ്ങളായി സി.പി.ഐ മത്സരിക്കുന്ന പറവൂർ ഇത്തവണ സി പി എം ഏറ്റെടുക്കാനുളള സാദ്ധ്യതയുണ്ട്. പറവൂരിന് പകരം പിറവം സീറ്റ് സി പി ഐനൽകാനാണ് ഇടത് പദ്ധതി. മണ്ഡലത്തിൽ സി പി എം സ്ഥാനാർത്ഥിയെ മത്സരിപ്പിച്ച് ശക്തമായ വെല്ലുവിളി ഉയർത്തുകയാണ് ലക്ഷ്യം.

അതേസമയം, പറവൂർ സീറ്റ് കൈമാറാൻ സി പി ഐക്ക് താത്പര്യമില്ലെന്നാണ് സൂചന. ഇത്തരം ചർച്ചകൾ ഇതുവരെ നടന്നിട്ടില്ലെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. ലോക്‌സഭ, തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് മുന്നിലെത്തിയത് കണക്കിലെടുത്താണ് ഇടതുനീക്കം. സീറ്റ് സി പി എമ്മിന് കൈമാറിയാൽ അറിയപ്പെടുന്ന നേതാവിനെ പരിഗണിക്കാൻ പാർട്ടി തയ്യാറായേക്കും.

വി ഡി സതീശനെതിരെ സി പി എം മത്സരിച്ചാൽ മത്സരം കടുക്കുമെന്ന കാര്യത്തിൽ സംശയമില്ല. പ്രളയ പുനരധിവാസത്തിന് സതീശന്റെ നേതൃത്വത്തിൽ ആരംഭിച്ച പുനർജനി പദ്ധതിക്ക് നിയമവിരുദ്ധമായി വിദേശ സഹായം സ്വീകരിച്ചെന്ന പരാതി ഉൾപ്പടെ പ്രചാരണ വിഷയമാക്കാനാണ് സി പി എം കണക്കുകൂട്ടുന്നത്. മണ്ഡലത്തിൽ വി ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്നാണ് യു ഡി എഫിന്റെ ഉറച്ച വിശ്വാസം. ഡി സി സി ഭാരവാഹിത്വം മുതൽ കെ പി സി സി വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച സതീശന്റെ ജനകീയതയും ഗുണം ചെയ്യുമെന്നാണ് യു ഡി എഫ് കണക്കൂകൂട്ടൽ.