divorce

വാഷിംഗ്ടൺ: വാലന്റൈൻസ് ഡേ പ്രണയിക്കുന്നവർക്കുളളതാണ്. എന്നാൽ അമേരിക്കയിലെ ഒരുകൂട്ടം വക്കീലന്മാർ വാലന്റൈൻസ് ഡേയെ വിവാഹമോചന ദിവസമാക്കാനുളള ശ്രമത്തിലാണ്. ഈ ദിവസം വിവാഹമോചനത്തിന് കോടതിയെ സമീപിക്കുന്ന ദമ്പതികൾക്ക് പൂർണമായും സൗജന്യ സേവനം നൽകുമെന്നാണ് വാഗ്ദ്ധാനം. കോടതിച്ചെലവുമാത്രമല്ല, ഹർജി നൽകുന്നതുൾപ്പടെയുളള എല്ലാം തികച്ചും സൗജന്യമായിരിക്കും എന്നാണ് ടെന്നിസിയിൽ ക്രോസ്‌വില്ലിയിലെ പവൻസ് ലാ ഫോം അധികൃതർ പറയുന്നത്.

സൗജന്യസേവനം ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് ഇത്രമാത്രം. എന്തുകൊണ്ടാണ് വിവാഹമോചനത്തിന് ഒരുങ്ങുന്നതെന്ന് വിശദമായി പവൻസ് ലാ ഫോമിനെ അറിയിക്കണം. കാര്യകാരണങ്ങൾ യുക്തിക്ക് നിരക്കുന്നതാവണം. ഇതിൽ നിന്ന് രണ്ടുപേരെ വിദഗ്ദ്ധർ തിരഞ്ഞെടുക്കും. അവർക്കാണ് സൗജന്യ സേവനം ലഭിക്കുക. .

അമേരിക്കയിൽ വിവാഹമോചനം ചിലവേറിയതാണ്. ഇക്കാരണംകൊണ്ടാണ് പലരും വിവാഹമോചനത്തിന് മടിക്കുന്നത്. കൊവിഡ് മൂലമുളള സാമ്പത്തിക പ്രതിസന്ധി കടുത്തിരിക്കുന്നതിനാൽ വിവാഹമോചനം തേടുന്നവരുടെ എണ്ണം വീണ്ടും കുറയും എന്നുകണ്ടാണ് സൗജന്യസേവനം നൽകാൻ തയ്യാറായതെന്നാണ് പവൻസ് ലാ ഫോം അധികൃതർ പറയുന്നത്. പണമില്ലാത്തതിനാൽ ബന്ധം വേർപെടുത്താതെ എല്ലാം ഉളളിലൊതുക്കിയാണ് പലരും കഴിയുന്നത്. ഇത് പലവിധ പ്രശ്നങ്ങൾക്കും ഇടയാക്കുമെന്നും അതും തങ്ങളെ ചിന്തിപ്പിച്ചുവെന്നും ലാ ഫോം അധികൃതർ പറയുന്നുണ്ട്. ഇതിനകം തന്നെ നിരവധി സൗജന്യസേവനത്തിനായി സമീപിച്ചുവത്രേ.

അതേസമയം സൗജന്യസേവന വാഗ്ദ്ധാനത്തെ എതിർത്ത് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വിവാഹമോചനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ചെയ്യുന്നതെന്നാണ് ഇവരുടെ ആരോപണം.