
ന്യൂഡൽഹി: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കഴിഞ്ഞദിവസം പോപ് താരം റിഹാന ഉൾപ്പടെയുള്ള നിരവധി വിദേശികൾ രംഗത്തെത്തിയിരുന്നു. ഇതിനെ സച്ചിനും കങ്കണയുമുൾപ്പടെ നിരവധി പേർ വിമർശിച്ചിരുന്നു.
'ഇരിക്കൂ വിഡ്ഡീ, ഞങ്ങൾ നിങ്ങൾ ഡമ്മികളെപ്പോലെ രാജ്യത്തെ വിൽക്കുന്നില്ലെന്നായിരുന്നു കങ്കണ റിഹാനയെ വിമർശിച്ചുകൊണ്ട് പറഞ്ഞത്. വിദേശികൾക്ക് കണ്ടുനിൽക്കാമെന്നല്ലാതെ ഇടപെടെണ്ടായെന്നായിരുന്നു സച്ചിന്റെ പ്രതികരണം. ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് പ്രതികരണവുമായെത്തിയിരിക്കുകയാണ് നടി തപ്സി പന്നു.
മറ്റുള്ളവർ എന്ത് പറയണമെന്ന് പഠിപ്പിക്കുന്ന പ്രപ്പഗാണ്ട ടീച്ചറാകണ്ട എന്നാണ് തപ്സി പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയാണ് നടി രംഗത്തെത്തിയത്. 'ഒരു ട്വീറ്റ് നിങ്ങളുടെ ഐക്യത്തെ ചൂഷണം ചെയ്യുകയാണെങ്കിൽ, ഒരു തമാശ നിങ്ങളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു അല്ലെങ്കിൽ ഒരു പരിപാടി നിങ്ങളുടെ മതവിശ്വാസത്തെ ചൂഷണം ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ മൂല്യവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനായി പ്രവർത്തിക്കേണ്ടത് നിങ്ങളാണ്.അല്ലാതെ മറ്റുള്ളവർ എന്ത് പറയണം എന്ന് പഠിപ്പിക്കുന്ന പ്രൊപ്പഗാണ്ട ടീച്ചറാകരുത്'- തപ്‌സി ട്വീറ്റ് ചെയ്തു.
If one tweet rattles your unity, one joke rattles your faith or one show rattles your religious belief then it’s you who has to work on strengthening your value system not become ‘propaganda teacher’ for others.
— taapsee pannu (@taapsee) February 4, 2021
ഈ ട്വീറ്റ് കങ്കണയെ ഉദ്ദേശിച്ചുള്ളതാണെന്നാണ് ചിലർ പറയുന്നത്. ഇതിനുമുമ്പും വിവിധ വിഷയങ്ങളിൽ ഇരു നടിമാരും തമ്മിൽ സോഷ്യൽ മീഡിയയിലൂടെ കൊമ്പുകൊർത്തിരുന്നു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് മാന്യമായി പ്രതികരിച്ചതിന് ആരാധകർ തപ്‌സിയെ പ്രശംസിച്ചു. നടിയുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയില്ലെന്ന് ചിലർ 'കമന്റ്' ചെയ്തിട്ടുണ്ട്.