
തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നതാണ് കുട്ടികളുമായി പൊതുസ്ഥലത്ത് വരുന്ന രക്ഷിതാക്കൾക്കെതിരെ നിയമ നടപടിയെന്ന വാർത്ത. കുട്ടികളുമായി പുറത്തിറങ്ങിയാൽ 2000 രൂപ പിഴയീടാക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. ഇതോടെ പല രക്ഷകർത്താക്കളും ആശങ്കാകുലരായി. വാർത്ത സത്യമാണോയെന്ന് അറിയാൻ പലരും തലങ്ങും വിലങ്ങും അന്വേഷണമായിരുന്നു. വാട്‌സാപ്പ് ഗ്രൂപ്പുകളിൽ ഫോർവേഡ് മേസേജായി പാറി നടന്ന സംഭവത്തിന്റെ വസ്‌തുത ഇപ്പോൾ വെളിച്ചത്ത് വരികയാണ്.
വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കി കേരള പൊലീസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. പത്ത് വയസിൽ താഴെയുളള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ തന്നെ നേരിട്ടറിയിച്ചിരിക്കുകയാണ്.
പത്തു വയസിൽ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരിൽ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന...
Posted by Kerala Police on Wednesday, February 3, 2021
വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് പൊലീസ് നീക്കം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്‌ടർ വി പി പ്രമോദ് കുമാർ പറഞ്ഞു.