chennithala

കോഴിക്കോട് : സംസ്ഥാനത്ത് നിയമനത്തിന് 'കമൽ മാനദണ്ഡമാണെന്ന' കുറ്റപ്പെടുത്തലുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കരാർ നിയമനം നേടിയ സി പി എം അനുഭാവികളായ ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു എന്ന് വ്യക്തമാക്കുന്നതിനാണ് വാർത്താ സമ്മേളനത്തിൽ അദ്ദേഹം സംവിധായകൻ കമലിന്റെ പേര് പരാമർശിച്ചത്. (നേരത്തേ ചലച്ചിത്ര അക്കാഡമിയിൽ സി പി എം അനുഭാവികളായ ചിലരെ സ്ഥിരപ്പെടുത്താൻ ചെയർമാൻ കമൽ സർക്കാരിന് നൽകിയ കത്ത് വൻ വിവാദമായിരുന്നു.) പി എസ്‌ സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്നത് തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.

'സർക്കാരിന്റെ സ്വജനപക്ഷപാതവും അഴിമതിയും അവസാനിപ്പിക്കണം. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ കുറ്റം ചെയ്തതായി കോടതിക്കുപോലും ബോദ്ധ്യപ്പെട്ടു. യു ഡി എഫിലെ രണ്ടാമത്തെ കക്ഷിയായ മുസ്ളീംലീഗുമായി ചർച്ച നടത്തുന്നതിൽ എന്ത് മതമൗലികതയാണുളളത്. തിരഞ്ഞെടുപ്പടുത്തപ്പോൾ മതപരമായ ധ്രുവീകരണത്തിനായി വളരെ ബോധപൂർവം സി പി എം ശ്രമിക്കുകയാണ്. സി പി എം നേതാക്കന്മാർ സംസാരിക്കുന്നത് ബി ജെ പിയുടെ ഭാഷയിലാണ്. വിജയരാഘവൻ സംസാരിക്കുന്നതും സുരേന്ദ്രൻ സംസാരിക്കുന്നതും ഒന്നുതന്നെയാണ്. ഈ അന്തർധാരയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരുന്നത്. തിരഞ്ഞെടുപ്പ് സഖ്യം യുഡിഎഫിലെ ഘടകക്ഷികളുമായി മാത്രമാണ്'- ചെന്നിത്തല പറഞ്ഞു.