priyanka-gandhi

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വാഹനവ്യൂഹം അപകടത്തിൽപ്പെട്ടു. കർഷക സമരത്തിനിടെ മരിച്ച കർഷകന്റെ വീട്ടുകാരെ കാണാൻ ഉത്തർപ്രദേശിലെ രാംപൂരിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. റിപ്പബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഉണ്ടായ അപകടത്തിലാണ് രാംപൂർ ജില്ലക്കാരനായ കർഷകൻ നവരീത് സിംഗ് മരിച്ചത്. നവരീതിന്റെ ട്രാക്‌ടർ പൊലീസിന്റെ ബാരിക്കേഡിൽ ഇടിച്ച് മറിയുകയായിരുന്നു.

മരണത്തിൽ അനുശോചനം അറിയിക്കാനും കൂടുംബത്തെ ആശ്വസിപ്പിക്കാനുമാണ് എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും യു പിയിൽ നിന്നുളള നേതാക്കളും രാംപൂരിലേക്ക് തിരിച്ചത്. ഹാർപൂരിൽ വച്ച് പ്രിയങ്കയുടെ ഒപ്പമുണ്ടായിരുന്ന വാഹനവ്യൂഹം പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് വിവരം.

ഓസ്‌ട്രേലിയയിലായിരുന്ന നവരീത് സിംഗ് രാജ്യത്തെത്തി കർഷക സമരത്തിൽ പങ്കെടുക്കുകയായിരുന്നു. സമാധാനപരമായി സമരത്തിൽ പങ്കാളിയാകവെ, പൊലീസിന്റെ വെടിയേറ്റാണ് നവരീത് മരിച്ചതെന്നാണ് കോൺഗ്രസ് ആരോപണം.