
തിരുവനന്തപുരം: പി.എസ്.സി. ഉദ്യോഗാർത്ഥികളെ തെരുവിൽ നിർത്തി താൽകാലിക ജീവനക്കാരായ പാർട്ടി അനുഭാവികൾക്ക് സ്ഥിരനിയമനം നൽകാനുളള സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി സമസ്തമുഖപത്രം. ജോലിക്കായി റാങ്ക് ലിസ്റ്റിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് നേരെയുളള ഭരണകൂടത്തിന്റെ കൊടുംക്രൂരതയാണ് ഈ തീരുമാനമെന്നും സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ കുറ്റപ്പെടുത്തുന്നു.
പിൻവാതിൽ നിയമനങ്ങൾക്കെതിരെ ഉദ്യോഗാർത്ഥികളും യുവജന സംഘടനകളും കോടതികളിലും ഉയർത്തുന്ന എതിർപ്പുകളൊന്നും വകവെയ്ക്കാതെയാണ് വീണ്ടും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുളള തീരുമാനം മന്ത്രിസഭായോഗം ഇന്നലെ കൈക്കൊണ്ടത്. മുഖ്യമന്ത്രിക്ക് കീഴിലുളള സിഡിറ്റിലെ താൽക്കാലിക തസ്തികകളിൽ പത്തു വർഷമായി ജോലിചെയ്യുന്ന 114 ജീവനക്കാരെ സ്ഥിരപ്പെടുത്താൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. ഈ തീരുമാനത്തിന്റെ ആനുകൂല്യം ലഭിക്കുന്നവരിൽ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭാവികളോ പ്രവർത്തകരോ ആണ്. ഇവരെ സ്ഥിരപ്പെടുത്താനുളള നീക്കത്തിനെതിരെ ഐടി സെക്രട്ടറി നേരത്തെതന്നെ വിയോജനക്കുറിപ്പെഴുതിയിരുന്നു. എന്നാൽ ഇതൊന്നും മുഖവിലക്കെടുക്കാതെ സക്കാരിൻറെ അവസാനകാലത്ത് പാർട്ടി അനുഭാവികളെ സ്ഥിരപ്പെടുത്താനുളള നീക്കവുമായി മുന്നോട്ട് പോകുകയാണ് പിണറായി സർക്കാർ.
റാങ്ക് ലിസ്റ്റുകളിൽനിന്ന് യഥാസമയം നിയമനം നടത്താനോ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യാനോ പി.എസ്.സി. അമാന്തം കാണിക്കുന്നത് ഇത്തരം പിൻവാതിൽ നിയമനങ്ങൾക്ക് അവസരം നൽകാനാണോയെന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടാകില്ലെന്നും മുഖപത്രം പറയുന്നു. സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരേ പി.എസ്.സി. റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സിൽ നിന്നും യുവജന സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധത്തെ തണുപ്പിക്കാനായിരിക്കണം എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും ആറു മാസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടാകുക. പതിനായിരം രൂപയെങ്കിലും മാസ ശമ്പളമുള്ള ജോലി തേടുന്ന അഭ്യസ്തവിദ്യർ പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് പതിനായിരം രൂപ ദിവസ വേതനത്തിന് കിഫ്ബിയിൽ പിൻവാതിൽ നിയമനം നടന്നത്. മൂന്ന് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സി.പി.എം അനുഭാവികളെ സി.ഇ.ഒമാരായി ഇതിനകം കിഫ്ബിയിൽ നിയമനം നടത്തിയിട്ടുണ്ട്. ഇത്തരം അനധികൃത നിയമനങ്ങൾക്കെതിരേ ഉദ്യോഗാർഥികൾ തെരുവിലിറങ്ങാതെ സുപ്രിംകോടതി വിധിക്കെതിരേയുള്ള ഈ അനധികൃത നിയമനങ്ങൾ തടയാനാവില്ല. അതോടൊപ്പം തന്നെ കോടതിയലക്ഷ്യത്തിനും സർക്കാരിനെതിരേ ഉദ്യോഗാർഥികൾ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ടെന്നും സമസ്ത മുഖപത്രം ആവശ്യപ്പെടുന്നു.
'സമസ്തമുഖപത്രത്തിൻറെ പൂർണരൂപം'
പിൻവാതിൽ നിയമനങ്ങൾക്ക് സർക്കാർ പച്ചക്കൊടി
പതിനായിരക്കണക്കിന് പി.എസ്.സി ഉദ്യോഗാർഥികളെ തെരുവിൽ നിർത്തി പാർട്ടി പ്രവർത്തകർക്ക് സർക്കാർ ജോലികളിൽ സ്ഥിരനിയമനം നൽകാൻ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുകയാണ്. ഒരു ജോലിക്കായി റാങ്ക് ലിസ്റ്റിൽ കണ്ണുംനട്ട് കാത്തിരിക്കുന്ന ഉദ്യോഗാർഥികൾക്ക് നേരെയുള്ള ഭരണകൂടത്തിന്റെ കൊടുംക്രൂരതയാണ് ഈ തീരുമാനം.
ആയിരക്കണക്കിന് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് സർക്കാർ പട്ടിക തയാറാക്കിയിരിക്കുന്നത്. ഇവരൊക്കെയും സി.പി.എം അനുഭാവികളോ പാർട്ടിക്ക് വേണ്ടപ്പെട്ടവരോ ആണ്. ധനകാര്യ വകുപ്പിന്റെയും പല വകുപ്പ് സെക്രട്ടറിമാരുടെയും വിയോജനക്കുറിപ്പുകൾ മറികടന്നാണ് മന്ത്രിസഭാ യോഗം ഇത്തരമൊരു തീരുമാനമെടുത്തത്. ഇതു സംബന്ധിച്ച ഫയലുകളെല്ലാം മന്ത്രിസഭാ യോഗത്തിന്റെ മേശപ്പുറത്ത് വയ്ക്കാൻ മുഖ്യമന്ത്രി നേരത്തെതന്നെ നിർദേശിച്ചിരുന്നു. ഇതിൽനിന്നും പിൻവാതിൽ നിയമനം ഉറപ്പായിരുന്നു. ആയിരക്കണക്കിന് ഉദ്യോഗാർഥികളുടെ കണ്ണീര് പൊടിയുന്ന കാത്തിരിപ്പിനുമേൽ നിയമ വിരുദ്ധമായി നടത്തപ്പെടുന്ന ഇത്തരം നിയമനങ്ങൾക്കെതിരേ സുപ്രിംകോടതി വിധി പുറപ്പെടുവിച്ചതാണ്. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാൻ ധൃതിപിടിച്ചുള്ള ഈ നിയമനങ്ങൾക്ക് കാരണമായില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളെ മറികടക്കാനാണ് ഇങ്ങനെയൊരു തീരുമാനം പെട്ടെന്നെടുത്തത്. മുഖ്യമന്ത്രിക്ക് കീഴിലെ സിഡിറ്റിൽ 114 പേരെ സ്ഥിരപ്പെടുത്തുന്ന നീക്കത്തിനെതിരേ ഐ.ടി സെക്രട്ടറി നേരത്തെതന്നെ വിയോജനക്കുറിപ്പെഴുതിയിരുന്നു. എന്നാൽ അതൊന്നും മുഖവിലക്കെടുക്കാതെയാണ് ഇന്നലത്തെ മന്ത്രിസഭാ യോഗം പിൻവാതിൽ നിയമനങ്ങൾക്ക് അംഗീകാരം നൽകിയിരിക്കുന്നത്.
കെൽട്രോണിലും കിലയിലും താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ കഴിഞ്ഞ മാസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. സിഡിറ്റ്, തദ്ദേശ സ്ഥാപനങ്ങൾ, വ്യവസായ വകുപ്പിന് കീഴിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ, സാംസ്‌കാരിക വകുപ്പിന് കീഴിലെ സ്ഥാപനങ്ങൾ, ഹോർട്ടികോർപ് തുടങ്ങിയ വിവിധ സർക്കാർ സ്ഥാപനങ്ങളിലാണ് പാർട്ടി അണികളെ കുടിയിരുത്താൻ സർക്കാരിൽനിന്നു തീരുമാനമുണ്ടായിരിക്കുന്നത്. ഇതിനായി പുതിയ തസ്തികകൾ സൃഷ്ടിക്കാനുള്ള ഒരുക്കമായിരിക്കും ഇനി സർക്കാർ ഭാഗത്തുനിന്നുണ്ടാവുക. സർക്കാർ അധികാരം ഉപയോഗിച്ച് താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് ഭരണഘടനാ ലംഘനമാണെന്ന് സുപ്രിംകോടതി നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു മറികടന്നാണ് അനധികൃത നിയമനങ്ങൾക്ക് സർക്കാർ പച്ചക്കൊടി കാണിച്ചിരിക്കുന്നത്. സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഇതുവരെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിൽനിന്ന് സർക്കാർ പിൻമാറിയിരുന്നു. എന്നാൽ ഭരണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഉദ്യോഗ നിയമനങ്ങളിലെ കടുംവെട്ട്.
സർക്കാരിന്റെ പിൻവാതിൽ നിയമനങ്ങൾക്കെതിരേ പി.എസ്.സി റാങ്ക് ലിസ്റ്റ് ഹോൾഡേഴ്സിൽ നിന്നും യുവജന സംഘടനകളിൽ നിന്നും ശക്തമായ പ്രതിഷേധം നേരത്തെതന്നെ ഉണ്ടായതാണ്. അവരെ തണുപ്പിക്കാനായിരിക്കണം എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളും ആറു മാസത്തേക്ക് കൂടി നീട്ടാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചിട്ടുണ്ടാവുക. അതുകൊണ്ട് പരിഹരിക്കാനാകുമോ തൊഴിലിന് വേണ്ടി കാത്തിരിക്കുന്ന ഒരു വലിയ കൂട്ടത്തിന്റെ പ്രതീക്ഷകൾ.
കാലിക്കറ്റ് സർവകലാശാല സെനറ്റ് യോഗം കഴിഞ്ഞ മാസം 35 താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ നീക്കം നടത്തിയെങ്കിലും കോടതി ഇടപെട്ടാണ് അവരെ താൽക്കാലിക ജീവനക്കാരായി തന്നെ നിലനിർത്തിയത്. സർവകലാശാലകളിലെ നിയമനങ്ങൾക്ക് പുറമെ തദ്ദേശഭരണ വകുപ്പിന്റെ കീഴിലുള്ള കിലയിലും (കേരള ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്‌ട്രേഷൻ) പിൻവാതിൽ നിയമനങ്ങൾക്ക് കളം ഒരുക്കിയിരുന്നുവെങ്കിലും നടന്നില്ല. ആ കുറവ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഇന്നലത്തെ മന്ത്രിസഭാ യോഗം പരിഹരിച്ചിരിക്കുകയാണ്. ഇത്തരം പിൻവാതിൽ നിയമനങ്ങൾ വരുത്തിവയ്ക്കുന്ന കനത്ത സാമ്പത്തിക ബാധ്യത വരുന്ന സർക്കാരായിരിക്കും വഹക്കേണ്ടി വരിക. റാങ്ക് ലിസ്റ്റുകളിൽനിന്ന് യഥാസമയം നിയമനം നടത്താനോ ഒഴിവുകൾ കൃത്യമായി റപ്പോർട്ട് ചെയ്യാനോ പി.എസ്.സി അമാന്തം കാണിക്കുന്നത് ഇത്തരം പിൻവാതിൽ നിയമനങ്ങൾക്ക് അവസരം നൽകാനാണോയെന്ന് സംശയിക്കുന്നതിൽ തെറ്റുണ്ടാവില്ല.
ഏറ്റവുമധികം പേർ വിരമിച്ച വർഷമായിരുന്നു 2020. എന്നിട്ടുപോലും പി.എസ്.സിയിൽ നിന്നും കാര്യമായ നിയമനങ്ങൾ നടന്നില്ല. സിഡിറ്റിൽനിന്ന് സി.പി.എമ്മിന്റെ സൈബർ പോരാളികൾക്ക് വരെ സ്ഥിരം നിയമനങ്ങൾ നൽകി. കൃഷി വകുപ്പിൽ രണ്ടായിരം പേർക്ക് നിയമനം നൽകി. മുഖ്യമന്ത്രിയുടെ ഓഫിസിൽ താൽക്കാലിക ഡ്രൈവറെ സ്ഥിരപ്പെടുത്തി. യാതൊരു യോഗ്യതയുമില്ലാത്തവരെ കൺസൾട്ടൻസിയുടെ പേരിൽ ഈ സർക്കാർ നിയമിക്കുകയുണ്ടായി. ഇത്രയേറെ പിൻവാതിൽ നിയമനങ്ങൾ നടത്തിയ ഒരു സർക്കാർ മുൻപൊരിക്കലും ഉണ്ടായിട്ടില്ലെന്ന പ്രതിപക്ഷ നേതാവിന്റെ ആക്ഷേപങ്ങളെ ശരിവയ്ക്കുന്നതായിരുന്നു സർക്കാരിന്റെ ഈ ഉദ്യോഗ നിയമന കടുംവെട്ട്.
പതിനായിരം രൂപയെങ്കിലും മാസ ശമ്പളമുള്ള ജോലി തേടുന്ന അഭ്യസ്തവിദ്യർ പെരുകിക്കൊണ്ടിരിക്കുമ്പോഴാണ് പതിനായിരം രൂപ ദിവസ വേതനത്തിന് കിഫ്ബിയിൽ പിൻവാതിൽ നിയമനം നടന്നത്. മൂന്ന് ലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്ന സി.പി.എം അനുഭാവികളെ സി.ഇ.ഒമാരായി ഇതിനകം കിഫ്ബിയിൽ നിയമനം നടത്തിയിട്ടുണ്ട്. ഇത്തരം അനധികൃത നിയമനങ്ങൾക്കെതിരേ ഉദ്യോഗാർഥികൾ തെരുവിലിറങ്ങാതെ സുപ്രിംകോടതി വിധിക്കെതിരേയുള്ള ഈ അനധികൃത നിയമനങ്ങൾ തടയാനാവില്ല. അതോടൊപ്പം തന്നെ കോടതിയലക്ഷ്യത്തിനും സർക്കാരിനെതിരേ ഉദ്യോഗാർഥികൾ നിയമനടപടികൾ സ്വീകരിക്കേണ്ടതുണ്ട്.