covid-death

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിച്ച് 162 ഡോക്ടർമാർ മരിച്ചുവെന്ന കേന്ദ്ര സർക്കാരിന്റെ കണക്ക് തെറ്റാണെന്ന് ഐ എം എ. ഇതിലും കൂടുതൽ പേർ മരിച്ചിട്ടുണ്ടെന്നും, മുഴുവൻ ഡോക്ടർമാരുടെയും വിവരങ്ങൾ ശേഖരിക്കാൻ സമിതി രൂപീകരിക്കണമെന്നും ഐ എം എ ആവശ്യപ്പെട്ടു.

രാജ്യത്ത് 162 ഡോക്ടർമാർ, 107 നഴ്‌സുമാർ, 44 ആശാവർക്കർമാർ എന്നിവർക്ക് കൊവിഡ് മൂലം ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യമന്ത്രി അശ്വിനി കുമാർ ചൗബെ ചൊവ്വാഴ്ച പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ കേന്ദ്ര സർക്കാരിന്റെ കണക്കുകൾ മെഡിക്കൽ ബോഡി പുറത്തുവിട്ട വിവരങ്ങൾക്ക് വിരുദ്ധമാണെന്ന് ഐ എം എ പ്രസിഡന്റ് ജെഎ ജയലാൽ പറഞ്ഞു.

734 ഡോക്ടർമാർക്ക് വൈറസ് ബാധ മൂലം ജീവൻ നഷ്ടപ്പെട്ടു. അതിൽ 431 പേർ ജനറൽ പ്രാക്ടീഷണർമാരാണെന്നും ഐ എം എ വ്യക്തമാക്കി. മരിച്ച 25 ഡോക്ടർമാർ 35 വയസിന് താഴെയുള്ളവരാണെന്നും കേന്ദ്ര സർക്കാരിനയച്ച കത്തിൽ പറയുന്നു.

രാജ്യത്തെ സേവിക്കാൻ ഡോക്ടർമാർ തങ്ങളുടെ വൈദഗ്ദ്ധ്യം ഉപയോഗിക്കുന്നു. ഈ വസ്തുത അംഗീകരിക്കുന്നതിലും ഉചിതമായ പ്രാധാന്യവും അംഗീകാരവും നൽകുന്നതിൽ ഇന്ത്യാ ഗവൺമെന്റ് പരാജയപ്പെട്ടുവെന്ന് കത്തിൽ പരാമർശിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.