
വുഹാൻ: കൊവിഡ് രോഗം ലോകത്ത് പടർന്നുപിടിച്ച നാൾ മുതൽ കേൾക്കുന്ന പേരാണ് ചൈനയിലെ വുഹാനിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ടിന്റെത്. നിരവധി വൈറസ് വിഭാഗങ്ങളെ സൂക്ഷിച്ചിരിക്കുന്ന അതിബൃഹത്തായ ഈ ഗവേഷണ സ്ഥാപനത്തിൽ വലിയ വൈറസ് ബാങ്ക് തന്നെയുണ്ട്. ഇവിടുത്തെ ഒരു ലാബിൽ നിന്നാണ് കൊവിഡ് പുറത്തെത്തിയതെന്നാണ് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അന്നത്തെ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആയിരുന്ന മൈക്ക് പോംപെയും ആരോപിച്ചിരുന്നത്. കൊവിഡ് രോഗ വൈറസിനെ 'ചൈനീസ് വൈറസ്' എന്നുപോലുമാണ് ട്രംപ് വിളിച്ചിരുന്നത്.
കൊവിഡ് രോഗം പടരാനിടയായ സാഹചര്യം എങ്ങനെയെന്ന് പഠനവിധേയമാക്കാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്‌ദ്ധ സംഘം ചൈന സന്ദർശിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അവർ വുഹാനിലെ വൈറോളജി ഇൻസ്‌റ്റിറ്റ്യൂട്ട് സന്ദർശിച്ചത്. ഇതിനുപുറമേ 2019 ഡിസംബറിൽ രോഗം ആദ്യം സ്ഥിരീകരിച്ച വുഹാനിലെ മറ്റ് പ്രധാന സ്ഥലങ്ങളിലും സംഘം സന്ദർശനം നടത്തി.
വവ്വാലിൽ നിന്നുമാണ് മനുഷ്യനിലേക്ക് രോഗം എത്തിയതെന്ന് ഒരുവിഭാഗം ഗവേഷകർ അഭിപ്രായപ്പെടുന്നുണ്ട് ഇതിന് കാരണം വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ടിലെ ഗവേഷകർ കണ്ടെത്തിയ കൊവിഡ് വൈറസിനെ കുറിച്ചുളള വിവരങ്ങളാണ്. സാർസ് രോഗം പരത്തുന്ന വൈറസിനോട് ജനിതകഘടനയിൽ 80 ശതമാനം സാമ്യവും വവ്വാലിന്റെ ജനിതക ഘടനയുമായി 96 ശതമാനം സാമ്യവും കൊവിഡ് രോഗത്തിനുണ്ട്. ഇതുമൂലം വവ്വാലിൽ നിന്ന് മറ്രേതോ ഒരു ജീവി വഴിയാണ് മനുഷ്യനിലേക്ക് രോഗം പരന്നതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ ട്രംപിന്റെ ആരോപണം പോലെ ഈ വിശ്വാസത്തിനും തെളിവില്ല.
1500ലധികം അതീവ അപകടകാരികളായ വൈറസുകളെ സൂക്ഷിച്ചിരിക്കുന്ന ഏഷ്യയിലെ വലിയ വൈറസ് ബാങ്കാണ് വുഹാൻ ഇൻസ്‌റ്റിറ്റ്യൂട്ട്. എബോള പോലെ മാരക രോഗം പടർത്തുന്ന രോഗാണുക്കൾ ഇവിടെയുണ്ട്. ഈ ലാബിനെ കുറിച്ച് അമേരിക്കൻ ഭരണകൂടത്തിന് ആശങ്കയുണ്ട്. അമേരിക്കൻ രഹസ്യരേഖകളിൽ ഇക്കാര്യം പലവട്ടം സൂചനയായിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ നിന്നാകാം രോഗം പരന്നതെന്ന് അമേരിക്ക ഉറച്ചുവിശ്വസിക്കുന്നു.
വുഹാനിലെ ഒരു മാർക്കറ്റിൽ നിന്നാകാം വൈറസ് പടർന്നതെന്ന് കരുതുന്നവരുമുണ്ട്. ഇവിടെ വന്യമൃഗങ്ങളെ ഭക്ഷണത്തിനായി വിൽപന നടത്തിയിരുന്നു. ഈ വാദത്തെ സ്ഥിരീകരിക്കുന്ന ചില സൂചനകൾ ചൈനീസ് സർക്കാർ ബലമായി കൈക്കലാക്കി വിവരം പുറത്തറിയാതെ സൂക്ഷിച്ചിരിക്കയാണ്. എന്നാൽ ആദ്യം രോഗം സ്ഥിരീകരിച്ച 41 പേരിൽ ആദ്യത്തെ 13 പേർക്കും വുഹാൻ മാർക്കറ്റുമായി ഒരു ബന്ധവുമുണ്ടായിരുന്നില്ല എന്നും പറയപ്പെടുന്നു.
ആഗോള പ്രസിദ്ധീകരണങ്ങളായ ലെ മോണ്ടെ, വാൾ സ്‌ട്രീറ്ര് ജേണൽ എന്നിവയിലും ഹാർവാർഡ് സർവകലാശാലയും സ്‌റ്റാൻഫോർഡ് സർവകലാശാലയും പ്രസിദ്ധീകരിച്ച ചില ലേഖനങ്ങളിലും വുഹാനിലെ മാർക്കറ്റല്ല ലാബിൽ നിന്നാണ് രോഗം പടരാൻ സാദ്ധ്യതയുളളത് എന്ന് സൂചിപ്പിച്ചിട്ടുമുണ്ട്.