m-b-rajesh

കോഴിക്കോട്: കാലടി സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിൽ ക്രമക്കേടുണ്ടെന്ന് സൂചിപ്പിച്ച് കാലിക്കറ്റ് സർവകലാശാലയിലെ പ്രൊഫസർ ഡോ ഉമർ തറമേൽ. നിനിത നിയമിക്കപ്പെട്ട തസ്‌തികയിലേക്കുളള അഭിമുഖത്തിൽ ഭാഷാവിദഗ്ദ്ധനെന്ന നിലയിൽ വിദഗ്ദ്ധസമിതി അംഗമായി പങ്കെടുത്തയാളായിരുന്നു ഡോ ഉമർ തറമേൽ. കോഴിക്കോട് സർവകലാശാലയിലെ മലയാള- കേരളപഠനവകുപ്പിൽ പ്രൊഫസറാണ് അദ്ദേഹം.

ഭാഷാ വിദ‌ഗ്ദ്ധനായി ഇരിക്കാൻ ഇനി ഇല്ലെന്നും സ്ഥാനത്ത് നിന്ന് ഒഴിവാകുന്നതായും വ്യക്തമാക്കി കൊണ്ട് ഫേസ്‌ബുക്കിൽ കുറിച്ച് കുറിപ്പിൽ ഉമ്മർ തറമേൽ വ്യക്തമാക്കുന്നു. സർവകലാശാല നിയമനത്തിനുളള റാങ്ക് ലിസ്റ്റ് അട്ടിമറിക്കപ്പെട്ടതുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്നാണ് വിദ​ഗ്ദ്ധ സമിതി അം​ഗത്വത്തിൽ നിന്ന് ഉമർ ഒഴിവാകുന്നത്.

സർവകലാശാലകളിൽ ഉദ്യോ​ഗാർത്ഥികളുടെ മികവ് നോക്കി വി​ദ​ഗ്ദ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്താൻ എന്നാണ് യു ജി സി ചട്ടം. എന്നാൽ റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്‌തുപോയ അവസ്ഥ കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്ന് ഇതാദ്യമാണുണ്ടായത്. ഇതിനോടുളള കടുത്ത വിമർശനവും വിയോജിപ്പും താനും സഹ വിദഗ്ദ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുളളവൻ ഇല്ലെന്ന് അറിയിക്കുന്നതായും അദ്ദേഹം കുറിപ്പിൽ പറയുന്നു.

ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം

'സബ്ജെക്‌ട് എക്സ്‌പെർട്ട്' പണി നിർത്തി.

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ദ്ധൻ, എന്നാണ്. കോളേജുകളിലോ സർവകലാശാലകളിലോ അദ്ധ്യാപക നിയമനവുമായി ബന്ധപ്പെട്ട്, തത്‍വിഷയത്തിൽ പ്രവീണ്യമുളളവരെ ഉൾപ്പെടുത്തി അഭിമുഖം നടത്തണമെന്നും, ഉദ്യോഗാർത്ഥികളുടെ മികവ് നോക്കി വിദഗ്ദ്ധർ നൽകുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ വേണം നിയമനം നടത്തണമെന്നുമാണ്, സർവകലാ /യു ജി സി ചട്ടങ്ങൾ. സാങ്കേതികമായി എല്ലാ അഭിമുഖങ്ങളും ഇങ്ങനെത്തന്നെയാണ് അരങ്ങേറുക. അതേ സാധുവാകൂ.

അദ്ധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനയ്ക്കാത്ത മട്ടിൽ,റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽനിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുളള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട്. ഇതിന്‍റെ വെളിച്ചത്തിൽ ഇനിയും ഇപ്പണിക്ക് ഈയുള്ളവൻ ഇല്ലെന്ന് കേരളത്തിലെ അക്കാഡമിക് സമൂഹത്തെ ഇതിനാൽ അറിയിച്ചുകൊളളുന്നു.

എന്ന് വിനീതവിധേയൻ''

'സബ്ജെക്ട് എക്സ്പെർട്ട്' പണി നിർത്തി.

ഈ പണിയുടെ, മലയാള പരിഭാഷ വിഷയവിദഗ്ധൻ, എന്നാണ്.കോളേജുകളിലോ സർവകലാശാലകളിലോ അധ്യാപക...

Posted by Umer Tharamel Tharamel on Wednesday, February 3, 2021