
കാസർകോട്: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രക്കിടെ രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ കെ പി സി സി നിർവാഹക സമിതി അംഗം അഡ്വ. എ ഗോവിന്ദൻ നായർക്ക് കെ പി സി സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ കാരണം കാണിക്കൽ നോട്ടിസ് നൽകി. കാസർകോട് ബ്ലോക്ക് സെക്രട്ടറി അർജുനൻ തായലങ്ങാടിക്കും നോട്ടീസ് നൽകിയിട്ടുണ്ട്. പാർട്ടിയിൽ നിന്ന് പുറത്താക്കാതിരിക്കാൻ ഏഴ് ദിവസത്തിനുളളിൽ കാരണം ബോധിപ്പിക്കണം.
സംഭവം ചർച്ച ചെയ്യാൻ ഇന്നലെ ചേർന്ന ഡി സി സി യോഗം തല്ലിപ്പിരിഞ്ഞു. ഡി സി സി പ്രസിഡന്റ് ഹക്കിം കുന്നിൽ ഉൾപ്പെടെ ഏതാനും നേതാക്കൾ മൗനം പാലിച്ചെങ്കിലും, ഭൂരിപക്ഷം അംഗങ്ങളും എം പിക്ക് അനുകൂലമായി നിലപാടെടുത്തു. ഉണ്ണിത്താൻ എ ഐ സി സി ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതി കെ പി സി സി പ്രസിഡന്റിന് അയച്ചു കൊടുക്കുകയായിരുന്നു.
യാത്രയുടെ ആദ്യദിനത്തിൽ, അന്തരിച്ച മുൻ എംഎൽഎ പി. ബി. അബ്ദുൾ റസാഖിന്റെ വീട്ടിലെ അതിഥി സൽക്കാരത്തിനിടെയാണ് കെ പി സി സി ഭാരവാഹികളുടെ സാന്നിദ്ധ്യത്തിൽ എം പിയെ കൈയേറ്റം ചെയ്യുകയും തെറി വിളിച്ച് അപമാനിക്കുകയും ചെയ്തത്. ഗോവിന്ദൻ നായരുടെ നേതൃത്വത്തിൽ എത്തിയ സംഘം അപമാനിക്കാൻ ശ്രമിച്ചപ്പോൾ സംയമനം പാലിച്ച് എം പി കാറിൽ കയറിപ്പോയി .കാസർകോട് നഗരസഭാ മണ്ഡലം പ്രസിഡന്റായി ഗോവിന്ദൻ നായരുടെ സ്വന്തക്കാരനെ നിയമിക്കുന്നത് രാജ്‌മോഹൻ ഉണ്ണിത്താൻ തടഞ്ഞതാണ് പ്രകോപനകാരണമെന്നാണ് വിവരം. തന്റെ പേരുപയോഗിച്ചുളള ബിനാമി ഇടപാട് തിരിച്ചറിഞ്ഞാണ് എം പി എതിർത്തതെന്ന് പറയുന്നു.