
'ആ സെക്യൂരിറ്റി ബുക്ക് പിടിച്ചുവാങ്ങാൻ നോക്കി""
''ഏത് സെക്യൂരിറ്റി, വിശ്വസിക്കാനായില്ല. ഒരു പെണ്ണിനോട് അങ്കംവെട്ടാൻ തന്റേടമുള്ള ഏത് വാച്ചറാണത്? ""
അവൾ അയാളുടെ രൂപം വർണിച്ചു. വലിയ മീശയുടെ കാര്യവും.
സുമി തിരിച്ചറിഞ്ഞു,
''ആ കുറുപ്പായിരിക്കും അത്.""
''എന്നിട്ട്?""
'' ഞാൻ വിട്ടുകൊടത്തില്ല""
സുമിയുടെ മുഖം ചുമന്നു. അടുത്ത മീറ്റിംഗിൽ ഈ വിഷയം സംസാരിക്കാൻ വിശ്വനാഥിനോട് പറയണം. അയാൾ എല്ലാം മറന്നുപോവും. ഒപ്പമിരുന്ന് ഓർമ്മപ്പെടുത്തണം.
''കയ്യാങ്കളി നടത്താനൊന്നും സെക്യൂരിറ്റിക്ക് അവകാശമില്ല""
സുമിയുടെ ക്ഷോഭം അടങ്ങുന്നുണ്ടായിരുന്നില്ല. ഇപ്പോൾ തന്നെ ചേച്ചി തോട്ടത്തിൽചെന്ന് അയാളെ ശകാരിക്കുമെന്ന് ഭയന്നു. ചേച്ചി ആ വിഷയത്തിൽ നിന്ന് മോചിതയാവാനായി അവൾ തിടുക്കത്തിൽ അടുക്കളയിലേക്ക് കയറി. സുമി മറ്റെന്തോ ചിന്തകളിൽ മുഴുകി. ജീവിതത്തിലെ സ്വസ്ഥത നശിപ്പിക്കാനായി ജാലവിദ്യ. ആ വിദ്യയുടെ കളിക്കാരായ അയൽക്കാർ. അവർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ... അവതന്റെ സ്വകാര്യതയിൽ കൊളുത്തുകളാവുന്നു. രാത്രി അവൾ അക്കാര്യം വിശ്വനാഥിനോട് വിവരിച്ചു. ഉള്ളിക്കുണ്ടായ മാന്ത്രികമാറ്റം അയാൾ ഉൾക്കൊണ്ടില്ല. ഒരു ഫലിതം കേൾക്കുന്നമട്ടിൽ ചിരിച്ചുതള്ളുകയാണ് ചെയ്തത്. എല്ലാം തോന്നൽ... കൺപോളകൾക്കുള്ളിലെ കൗതുക്കാഴ്ചകൾ. വിളക്കുകെടുത്തി അയാൾ പിറുപിറുത്തു.
''ഞാനൊരു മാജിക് കാണിക്കാം.""
അയാളുടെ വിരലുകൾ അവളുടെ വസ്ത്രക്കുടുക്കുകൾ അഴിക്കുമ്പോൾ അവൾ മന്ത്രിച്ചു. ഇതുമൊരു മായക്കാഴ്ച. പിറ്റേന്ന് രാവിലെ വിശ്വനാഥ് പുറത്തിറങ്ങുമ്പോൾ അവൾ ഓർമ്മിപ്പിച്ചു.
''താഴെ ആ സെക്യൂരിറ്റിയെ കണ്ടാൽ ഒന്ന് ചോദിക്കണേ...""
അയാൾ ഏറ്റു. ആ വിഷയത്തിൽ അയാൾക്ക് ശരിക്കും പ്രതിഷേധമുണ്ടായിരുന്നു. ഇവിടത്തെ വേലക്കാരിപ്പെണ്ണിനെ ആക്രമിക്കാൻ അവന് ആരും അനുവാദം കൊടുത്തിട്ടില്ല. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നവനെ പടിക്കു പുറത്താക്കുകയാണ് വേണ്ടത്. ഗേറ്റിനരികിൽ കുറുപ്പുണ്ടായിരുന്നു. വിശ്വനാഥൻ തട്ടിക്കയറി.
''താനെന്ത് തോന്ന്യാസമാണ് കാണിച്ചത്?""
അയാൾക്ക് പിടികിട്ടിയില്ല.
''എന്റെ വീട്ടിൽ നിൽക്കുന്നവളുടെ ബുക്ക് തട്ടിപ്പറിക്കാൻ തനിക്കെന്ത് കാര്യം?""
ഇപ്പോഴാണ് കാര്യം തെളിഞ്ഞത്. കുറുപ്പ് ന്യായീകരിക്കാൻ ശ്രമിച്ചു. ചെവിക്കൊള്ളാൻ അയാൾ തയ്യാറായില്ല. ആവർത്തിച്ചാൽ പിരിച്ചുവിടുമെന്ന ഭീഷണി മുഴക്കിയിട്ടാണ് വിശ്വനാഥൻ പോയത്. വിശ്വനാഥന് സ്വയം വിശ്വസിക്കാനാവാത്ത മുന്നേറ്റമായിരുന്നു അത്. സാധാരണ എല്ലാ കാര്യങ്ങളിൽ നിന്നും വീട്ടിലെ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുന്നയാളാണ് സുമി. പലവട്ടം ആവശ്യപ്പെട്ടാൽ പോലും മറവി നടിക്കും. അല്ലെങ്കിൽ തിരക്കിൽ മുങ്ങും. ഇതാദ്യമായാണ് കൃത്യമായി പ്രതികരിക്കുന്നത്. അതോ വലിഞ്ഞുകയറി വന്ന വേലക്കാരിക്ക് വേണ്ടി. കൂടുതൽ ആലോചിച്ചപ്പോൾ അങ്ങനെയല്ല, സുമി ആവശ്യപ്പെട്ടതുകൊണ്ടാണ് താൻ അനുസരിച്ചത്. പ്രാവർത്തികമാക്കിയത്. ഇവിടെ ശ്യാമളയും കുറുപ്പും പ്രസക്തമല്ല,സുമി മാത്രം.സുമിയുടെ ഭർത്താവിന്റെ ധർമ്മം ഭാര്യയോടുള്ള പരിഗണന.
സെക്യൂരിറ്റി കുറുപ്പിന് വല്ലാത്ത ജാള്യമായി. നിതുന ഹൈറ്റ്സിൽ ജോലിക്കെത്തിയതിനുശേഷമുള്ള ആദ്യത്തെ സംഭവമാണ്. കണിശമായി, വിട്ടുവീഴ്ചയില്ലാതെ ജോലി നിർവഹിക്കുന്നവൻ എന്ന പേര് സമ്പാദിച്ചുകഴിഞ്ഞിരുന്നു, ഇന്ന് എല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ വേലക്കാരി പെണ്ണ് കാരണം. അവൾ സംഭവിച്ചതിനുമപ്പുറം പൊടിപ്പും തൊങ്ങലും ചേർത്ത് അവതരിപ്പിച്ചിരിക്കും. അതാണ് വിശ്വൻ സാർ ക്ഷുഭിതനായത്. മുൻപൊരിക്കലും ക്ഷുഭിതനായി കണ്ടിട്ടില്ലാത്തയാൾ. അയാൾ ഗ്രൗണ്ടിലും സ്വിമ്മിംഗ് പൂളിനരികിലും ചുറ്റിനടന്നു. ഇന്ന് സന്ധ്യവരെയാണ് ഡ്യൂട്ടി. അടുത്തയാൾ വന്നാലേ പോവാൻ കഴിയുകയുള്ളൂ. തോൽവിയുടെ ക്ഷതം അയാളെ തളർത്തിയിരുന്നു. കുട്ടികളുടെ പാർക്ക് വൃത്തിയായി സൂക്ഷിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. സ്ലൈഡിംഗ് ബാറും ഊഞ്ഞാലും കളിക്കോപ്പുകളും പൊടിയില്ലാതെ മിനുക്കണം. കിളിത്തൂവലുകൾ നിലത്തുവീണ് കിടപ്പുണ്ടെങ്കിൽ എടുത്തുകളയണം. ഇരുമ്പ് റെയിലിംഗിൽ പോലും പൊടിപാടില്ല. കുട്ടികൾ സുരക്ഷിതരായിരിക്കണംഎന്ന് എല്ലാ വീട്ടുകാർക്കും നിർബന്ധമുണ്ട്, അയാൾ ഓരോന്നായി തുടച്ചു. കുട്ടികൾ ഇരുന്ന് തുള്ളുന്ന കുതിരകൾ. പതിവ് പോലെ ഓരോ മൂലകളുംതുണി നനച്ച് തുടച്ചിട്ടു. തല തുറന്ന് അകവും തുടയ്ക്കാറുണ്ട്. എലിയോ പാറ്റയോ കയറിയിരുന്നാൽ കണ്ടാൽ ചില കുട്ടികൾ പേടിച്ച് നിലവിളിക്കും.
രണ്ടാമത്തെ വെളുത്ത കുതിരയുടെ തല തുറക്കുമ്പോൾ ഉള്ളിൽ ഒരു പുസ്തകം വായിക്കാനോ പഠിക്കാനോ കൊണ്ടുവന്ന പുസ്തകം കുട്ടികൾ തിരുകിവച്ചതാവും. അറിയാതെയോ മനഃപൂർവമോ!കുറുപ്പ് ബുക്ക് പുറത്തെടുത്തു. ഒറ്റനോട്ടത്തിൽ അയാൾ തിരിച്ചറിഞ്ഞു. ഇത് ആ വേലക്കാരി പിടിച്ചെടുത്ത ബുക്ക് തന്നെയാണ്. ഈ കുതിരയ്ക്കുള്ളിൽ ആരുമറിയാതെ അവൾ സൂക്ഷിക്കണമെങ്കിൽ എന്തോ പ്രത്യേകതയുണ്ട്. അവൾക്ക് വിലപിടിച്ചതാവാം ഇത്. അതുല്യമായ വസ്തു. ബുക്ക് കളയുകയാണെന്ന് അഭിനയം. പിന്നെ, വീണ്ടെടുത്ത് കരുതൽ. മിടുക്കി. വീണ്ടെടുത്ത ഈ ബുക്ക് ഒരായുധമാണ്. അവളെ നേരിടാനും തോല്പിക്കാനുമുള്ള ആയുധം. അവൾ തന്റെ മുന്നിൽ മുട്ടുകുത്തി മാപ്പുപറയും. അഹങ്കാരിയായ പെണ്ണിനെ പാഠം പഠിപ്പിക്കാനുല്ല അവസരം. അവൾ  ഇനി പുറത്തിറങ്ങി വരുമ്പോൾ ചോദ്യം ചെയ്യാം. ഭീഷണിപ്പെടുത്താം. അയാൾ ഉള്ളാലെ ചിരിച്ചു. ക്രൂരതയുടെ രസം നുണഞ്ഞു. വീണ്ടുമാലോചിച്ചപ്പോൾ ആ ഭീഷണിയേക്കാൾ ശക്തം ആ ഫ്ലാറ്റിലേക്ക് കയറിച്ചെന്ന് ബുക്ക് കാണിക്കുന്നതാണ്. വീട്ടുകാരി അറിയട്ടെ രഹസ്യം ചികയട്ടെ. ആ പെണ്ണും ഈ ബുക്കുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണം നടത്തട്ടെ. സംശയം ജനിപ്പിച്ചാൽ അവൾ പുറത്താക്കപ്പെടും. അത് തന്നെയാണ് തന്റെ ലക്ഷ്യം. പണി തത്ക്കാലം അവസാനിപ്പിച്ച് കൈയും മുഖവും കഴുകി. അയാൾ വിശ്വനാഥന്റെ ഫ്ലാറ്റിലേക്ക് ചെന്നു. ഡോർബെൽ അമർത്തിയപ്പോൾ ശ്യാമളയാണ് വാതിൽ തുറന്നത്. കുറുപ്പിനെ കണ്ട അവൾ ഞെട്ടി. ദുരുദ്ദേശത്തിലാണ് ഇയാൾ വന്നിരിക്കുന്നതെന്ന് തീർച്ച. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അവൾക്ക് പൊള്ളലേറ്റു. അയാളുടെ കൈയിൽ ബുക്കുണ്ട്. താൻ ഒളിച്ചുവച്ച മാജിക് ബുക്ക്. ഒരു ചാരനായി അയാൾ കണ്ടെത്തിയിരിക്കുന്നു. തൊണ്ടി മുതൽ കൊണ്ടുവന്നിരിക്കുന്നു. അവൾക്ക് മിണ്ടാൻ പേടിയായി. എന്താ എന്ന് ചോദിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല.
''മാഡമില്ലേ?""
കുറുപ്പ് ചോദിച്ചു.
ഉണ്ടെന്നവൾ തലയാട്ടി. അവളെ മുൻപ് കണ്ടിട്ടുള്ളതായി അയാൾ ഭാവിച്ചില്ല. ഗൗരവം നിറഞ്ഞ ഏതോ കാര്യത്തിനായി വന്നതായി നടിച്ചു.
''ഒന്ന് വിളിക്കൂ.""
ആജ്ഞാ സ്വരം.
സെക്യൂരിറ്റിഗാർഡിന് വേലക്കാരിയോട് ആജ്ഞാപിക്കാമെന്ന അഹന്ത.അവൾ വിറയലോടെ അകത്തേക്ക് ചെന്നു. സുമിയോട് ആംഗ്യം കാട്ടി. പുറത്തൊരാൾ വന്നുനിൽക്കുന്നുവെന്ന്.
'' ആരാ?"" എന്ന ചോദ്യത്തിന് അവൾ മറുപടി നൽകിയില്ല. ശബ്ദം വീണ്ടെടുക്കാനാവാതെ കുഴഞ്ഞു. കണ്ണിൽ ഇരുട്ട് കയറുന്നതായി തോന്നി. സ്വീകരണ മുറിയിലെത്തിയ സുമി പടിക്കൽ നിൽക്കുന്ന കുറുപ്പിനെ കണ്ടു. അയാൾ മാപ്പുപറയാൻ വന്നതായിരിക്കുമെന്ന് വിചാരിച്ചു. നന്നായി വിശ്വനാഥൻ കണക്കിന് കൊടുത്തിരിക്കും.ഈർഷ്യയോടെയാണ് അവൾ അയാൾക്ക് മുന്നിലെത്തിയത്.
'' എന്താ?""
അയാൾ തൊഴുതു.
സുമി ഉള്ളാലെ ചിരിച്ചു. ഒന്നും സംസാരിക്കാതെ അയാൾ ആ ബുക്ക് അവൾക്ക് നീട്ടി. മാജിക് പഠനത്തിന്റെ പുസ്തകം കണ്ട് സുമി അത്ഭുതപ്പെട്ടു. ഇത് ശ്യാമളയോട് കളയാൻ പറഞ്ഞതല്ലേ! ഈ പുസ്തകത്തിന്റെ പേരിലാണല്ലോ കുറുപ്പും അവളും തമ്മിൽ തർക്കമുണ്ടായത്. വലിച്ചെറിഞ്ഞ പുസ്തകം ഇയാൾ വീണ്ടെടുത്തുകൊണ്ടുവന്നിരിക്കുന്നു. സുമി അത് വാങ്ങിയില്ല.
''ഇതിവിടെ കൊണ്ടുവന്നതെന്തിനാ?""
''ഇവിടത്തെ ബുക്കല്ലേ അതാണ്.""
''കുപ്പ തൊട്ടിയിൽ എറിഞ്ഞതാണല്ലോ. പിന്നെന്തിനാ എഴുന്നള്ളിച്ച് കൊണ്ടുവന്നത്?""
അവൾക്ക് അരിശം അടക്കാനായില്ല. കുറുപ്പിനോട് അതിരില്ലാത്ത വെറുപ്പുമുണ്ടായി.
''കുപ്പത്തൊട്ടിയിൽ നിന്നല്ല""
''പിന്നെ?""
'' ഒളിച്ചുവച്ചിടത്തുനിന്ന്.""
''ആരൊളിച്ചുവച്ചു?""
കുറുപ്പ് വിരൽചൂണ്ടി. ഡൈനിംഗ് ടേബിളിനരികിൽ പരുങ്ങിനിൽക്കുന്ന ശ്യാമളയുടെ നേരെയാണ് ആ വിരൽ.
''ഒളിച്ചുവച്ചെന്നോ തനിക്ക് വട്ടാ""
''ആ കുട്ടിയോട് ചോദിച്ച് നോക്കൂ...""
ഒരു വിജയിയുടെ ഭാവമായിരുന്നു അയാൾക്ക്. ശകാരം കേൾപ്പിച്ചതിന് തോല്പിച്ചതിന് പകരം വീട്ടൽ. സുമി ശ്യാമളയെ ചോദ്യം ചെയ്യുന്നത് കണ്ടാസ്വദിക്കാനായി അയാൾ നിന്നു. പക്ഷേ സുമി അതിനവസരം നൽകിയില്ല. ഡോർ വലിച്ചടയ്ക്കുന്നതിനിടയിൽ അയാൾ ആ ബുക്ക് ഉള്ളിലേക്കെറിഞ്ഞു. വാശിയോടെ , ഒരുയുദ്ധത്തിന് വഴിയൊരുക്കിക്കൊണ്ട്...
''ശ്യാമളേ... ""
സുമി വിളിച്ചു. ആ വിളിയിൽ അവൾ വെന്തു. ഭയപ്പെട്ടു നിൽക്കുന്ന ശ്യാമളയോട് സുമിക്ക് കഠിനമായ അരിശമുണ്ടായി. അവളോട് തോന്നിയ സ്നേഹവും ഒലിച്ചുപോയി. അനുസരണക്കേടിന്റെ സാക്ഷ്യം. വഞ്ചിക്കാൻ കയറിവന്നവൾ. ദുരൂഹമായ പശ്ചാത്തലം. കളയാൻ നിർദ്ദേശിച്ച മാജിക് പഠന പുസ്തകം ഒളിപ്പിച്ചുവച്ചവൾ. എന്നിട്ട് സെക്യൂരിറ്റി ഗാർഡിനെക്കുറിച്ച് ഇല്ലാക്കഥയുണ്ടാക്കിയവൾ. അവളിൽ നിന്നുതന്നെ സത്യം ബോദ്ധ്യപ്പെടണമെന്ന് സുമിക്ക് നിർബന്ധമുണ്ടായിരുന്നു.
''കുറുപ്പ് പറഞ്ഞത് ശരിയാണോ?""
അവൾ ചോദ്യം ചെയ്തു. വിറയലോടെ ശ്യാമള തലയാട്ടി. അതേ എന്ന അർത്ഥത്തിൽ.
''എന്തിന്?""
''എനിക്ക് മാജിക് പഠിക്കാൻ""
''പഠിച്ചിട്ട്?""
''കളിക്കാൻ""
ഒരു നിമിഷം സുമി ആലോചിച്ചു. ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിക്ക് അങ്ങനെയൊരു താത്പര്യമുണ്ടായാൽ കുറ്റപ്പെടുത്താനാവില്ല. മോഹങ്ങളെ പഴിക്കാനാവില്ല. മുതിർന്നവർക്കു പോലും മാജിക് ഇഷ്ടമാണ് ഹരമാണ്.
''നിന്നെ കവിത വിളിച്ചില്ലേ ഒപ്പം ചെല്ലാൻ""
അവൾ മൂളി.
''നീ പൊയ്ക്കോ""
ഒരു നിമിഷത്തെ മൗനത്തിന് ശേഷം സുമി കൂട്ടിച്ചേർത്തു.
''മാജിക് കളിക്കാൻ മാത്രമല്ല, താമസത്തിനും""
ശ്യാമള ഞെട്ടിപ്പോയി. പുറത്താക്കൽ, അക്ഷരാർത്ഥത്തിൽ പറഞ്ഞുവിടൽ. കവിത തന്നെ സ്വീകരിക്കും. കളിക്കാരിയായി. പ്രദർശനത്തിലെ പെൺകുട്ടിയെന്ന കാഴ്ചവസ്തുവായി. അതിനപ്പുറം പാർപ്പിക്കുമോ അന്തിയുറങ്ങാൻ അനുവദിക്കുമോ എന്നൊന്നും അറിയില്ല. പ്രതീക്ഷയില്ല. സുമിയെ പോലെ സൗമ്യമായ പ്രകൃതക്കാരിയല്ല അവൾ. ശാന്തമായ സുമിക്ക് പോലും ഇപ്പോൾ തന്നോട് അടക്കാനാവാത്ത അരിശമുണ്ടായിരിക്കുന്നു.
''ഇപ്പോൾതന്നെ പൊയ്ക്കോളൂ.""
അതൊരു താക്കീതായിരുന്നു. സുമിയുടെ ആജ്ഞയായിരുന്നു. ഇനിയിവിടെ  തന്റെ ആവശ്യമില്ലെന്ന പ്രഖ്യാപനം.
''ചേച്ചീ...""
അവൾ തേങ്ങി. അപേക്ഷയോടെ കൈകൂപ്പി.
''എനിക്ക് പോണ്ട""
സുരക്ഷിതമായ ഇടം നഷ്ടപ്പെടുന്നതിലെ വ്യഥ അവളെ ഉലച്ചു.
''നീ പോണം...അതാണെന്റെ തീരുമാനം.""
അയവില്ലാത്ത തീരുമാനം. സുമിയുടെ മുഖം കറുത്തിരുന്നു. കണ്ണുകളിൽ വിട്ടുവീഴ്ചയില്ലാത്ത നിശ്ചയത്തിന്റെ പുക പടർന്നു. ശ്യാമളയ്ക്ക് വേറെ വഴിയില്ല. കാത്തുനിന്നാലും അഭ്യർത്ഥിച്ചാലും ഫലമുണ്ടാവുകയില്ലെന്ന് ബോദ്ധ്യമായിക്കഴിഞ്ഞിരിക്കുന്നു. ഒരിക്കൽകൂടി അപേക്ഷിക്കാനുള്ള ധൈര്യമുണ്ടായില്ല. കണ്ണുനീരോടെ അവൾ ബാഗെടുത്തു. വാതിൽ കടന്ന് ഇടനാഴിയിലിറങ്ങുമ്പോൾ ഒരു പിൻവിളിക്കായി പ്രാർത്ഥിച്ചു. പക്ഷേ ഉണ്ടായില്ല.
സുമി വാതിൽ ഒച്ചയോടെ അടയ്ക്കുന്നത് നിസ്സഹായയായി കണ്ടു. കവിതയുടെ വീട്ടിൽ അഭയം എന്ന പ്രതീക്ഷയുടെ വെളിച്ചവുമായി അവൾ ആ ഫ്ലാറ്റിലേക്ക് നടന്നു. ഡോർബെല്ലിൽ അമർത്തുമ്പോൾ കൈ വിറച്ചു. കവിത വാതിൽ തുറന്നു. ചുമൽ ബാഗുമായി കണ്ണുകൾ കലങ്ങി നിൽക്കുന്ന ശ്യാമളയെ അവൾ അത്ഭുതത്തോടെ നോക്കി. യാത്ര പറയുകയാണെന്ന് വ്യക്തം.
''എന്തു പറ്റി?""
''സുമി ചേച്ചി എന്നെ ഇറക്കിവിട്ടു.""
മടിയോടെയാണെങ്കിലും അവളറിയിച്ചു.
''എന്തിന്?""
ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് അവൾ കൃത്യമായി മറപുടി നൽകി. ഒന്നും മറച്ചുവയ്ക്കാതെ. മാജിക് പുസ്തകം സമ്മാനിച്ച കയ്പ്പ്.
''ഒരു ബുക്കാണോ ഇത്രവലിയ പ്രശ്നം?""
കവിത സുമിയെ പുച്ഛിച്ചു.
''അവൾക്ക് അഹങ്കാരം ചില്ലറയല്ല""
സുമിചേച്ചിയെ കുറ്റപ്പെടുത്തണമെന്ന് ശ്യാമളയ്ക്ക് താത്പര്യമുണ്ടായിരുന്നില്ല. കാരണം ഒരുപാട് സ്നേഹം നൽകിയതാണ്. വിലാസമറിയാതെ സ്വീകരിച്ചതാണ്. എല്ലാപരിഗണനയും തന്നതാണ്. വാത്സല്യത്തിൽ പൊതിഞ്ഞു പിടിച്ചതാണ്. താനാണ് എല്ലാം നഷ്ടപ്പെടുത്തിയത്. വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ചു.
''നീ പോവുകയാണോ?""
താൻ ആവശ്യപ്പെടാതെ തന്നെ കവിത സംരക്ഷണം നൽകുമെന്നും സ്വീകരിക്കുമെന്നുമായിരുന്നു ധാരണ. പക്ഷേ അങ്ങനെയൊരു വാക്ക് ഉയരുന്നില്ല.
''വണ്ടിക്കൂലിയൊക്കെയുണ്ടോ?""
നിരാശപ്പെടുത്തുന്ന അടുത്തചോദ്യം.
''സുമിചേച്ചി തന്നു.""
''ദുഷ്ട, അതെങ്കിലും തന്നല്ലോ""
കവിത പല്ല് ഞെരിച്ചു. പിന്നെ അടുത്തചോദ്യം
''ഇപ്പോൾ ബസ് കിട്ടുമോ?""
ആ ചോദ്യത്തിനുമുന്നിൽ ശ്യാമള പൊട്ടിക്കരഞ്ഞുപോയി. ദയയില്ലാത്ത പ്രതികരണം. ആശ്രയം പ്രതീക്ഷിച്ചത് വെറുതേ.
''ചേച്ചീ ഞാനിവിടെ നിന്നോട്ടെ""
കവിത പകച്ചു. ഇങ്ങനെയൊരാവശ്യം അവളിൽ നിന്നുണ്ടാവുമെന്ന് കരുതിയില്ല. മാത്രമല്ല ഇവളെ ഇവിടെ താമസിപ്പിച്ചാൽ സുമി വഴക്കിന് വരാനിടയുണ്ട്. അത് സാരമില്ല. സുമിയോട് മത്സരിക്കാനുള്ള കരുത്തൊക്കെ തനിക്കുണ്ട്. പക്ഷേ ഇങ്ങനെയൊരു ബാദ്ധ്യത ഏറ്റെടുക്കുന്നതിലെ കുരുക്കുകൾ...പെട്ടെന്നാണ് അവളോർത്തത്. ശബരിയുടെ മാജിക് ഷോയിൽ ഈ പെൺകുട്ടിയെ ഉപയോഗിക്കാം. അതിനുശേഷം പറഞ്ഞുവിടാം. ഷോയിൽ ഇവൾ അഭിനന്ദനമാണ് ഏറ്റുവാങ്ങുന്നതെങ്കിൽ കൂടുതൽ ദിവസം പാർപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം. ശബരിയോട് ചോദിക്കണം. അവൾ അത് തുറന്നു പറഞ്ഞു.
''നീ നിൽക്ക്...ഞാൻ ശബരിയെ വിളിക്കട്ടെ.""
ശ്യാമളയ്ക്ക് ആശ്വാസമായി. ശബരി എതിർക്കില്ലെന്നായിരുന്നു അവളുടെ വിശ്വാസം. കവിത അകത്തുകയറി ഫോണെടുത്ത് ശബരിയെ വിളിച്ചു.ശ്യാമള കേൾക്കാതിരിക്കാനായി സ്വരം താഴ്ത്തി.
''ഇതിനൊക്കെ എന്റെ അനുവാദമെന്തിനാ?"" 
ശബരി ചിരിച്ചു.
''തനിക്കൊരു വേലക്കാരിയെ വേണമെങ്കിൽ ആയിക്കോട്ടെ.""
''വേലക്കാരി മാത്രമല്ല..."" 
അവൾ മാജിക്കിന്റെ കാര്യം സൂചിപ്പിച്ചു.
''ശരിയാണല്ലോ""
അയാൾക്ക് സന്തോഷമായി. അവളെ മാജിക്കിൽ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ഇരുവരും നേരത്തേ സംസാരിച്ചതുമാണ്.
''നമ്മുടെ ഭാഗ്യത്തിനായിരിക്കും സുമി അവളെ ഇറക്കിവിട്ടത്.""
കവിത പറഞ്ഞു.
''അതേ ഭാഗ്യമുള്ള പെണ്ണാണെന്ന് ഒറ്റനോട്ടത്തിൽ എനിക്കും തോന്നി.""
ശബരി യോജിച്ചു.
''ഭാഗ്യം കൊണ്ടുവരുന്ന പെണ്ണ്""
ഫോൺ കട്ട് ചെയ്ത് കവിത ഉത്സാഹത്തോടെ ശ്യാമളയെ അകത്തേക്ക് വിളിച്ചു.
''കയറി വാ""
ശ്യാമളയുടെ അനിശ്ചിതത്വത്തിന് അവസാനമായി. നഷ്ടപ്പെട്ട പാർപ്പിടത്തിന് തൊട്ടടുത്ത് മറ്റൊരാശ്രയം. അതേ രൂപത്തിലും അളവിലും നിർമ്മിച്ച ഫ്ലാറ്റ്. മാജിക്കിനെ സ്നേഹിക്കുന്ന മാജിക് കുടുംബത്തിലേക്ക് വാതിൽ തുറക്കുന്നു.ഇവിടെ കരുതലുണ്ടാവണം. തന്റെ പക്ഷത്തുനിന്ന് ചെറിയ തെറ്റുപോലും സംഭവിക്കാൻ പാടില്ല. സുരക്ഷിതം. അവളുടെയുള്ളിൽ പകവീട്ടലിന്റെ ആഹ്ലാദമുണ്ടായി. സുമിചേച്ചി അറിയാതിരിക്കില്ല. ഇവിടെ അഭയം കിട്ടിയ വിശേഷം. ആ വിശേഷം തന്റെ വിജയമാണ്. ചേച്ചിയെ തോല്പിക്കാൻ ആഗ്രഹമില്ലെങ്കിലും... അന്ന് ആവേശത്തോടെയാണ് ശബരി വീട്ടിലെത്തിയത്. ഒരതിഥിയുണ്ടെന്ന ആനന്ദം. അവളെ വേലക്കാരിയായി കാണാൻ അയാൾക്കാവുമായിരുന്നില്ല. ജാലവിദ്യയിലെ കൂട്ടുകാരി. സമയം നഷ്ടപ്പെടുത്താതെ അയാൾ അവളെ മാജിക്കിന്റെ ആദ്യപാഠങ്ങൾ പഠിപ്പിച്ചു. കവിത നോക്കിയിരുന്നു. അയാളുടെ ശ്വാസത്തിന്റെ ചൂട് കവിളിൽ തട്ടിയപ്പോൾ സ്പർശത്തിന് മുറുക്കമുണ്ടായപ്പോൾ ശ്യാമള അസ്വസ്ഥയായി. അപരിചിതമായ ഒരു ലോകത്തിലേക്ക് അറിയാതെ ചെല്ലുകയാണ്. വഴിതെറ്റുകയാണ്. പക്ഷേ, പ്രതിഷേധിക്കാനാവില്ല. ഈ അഭയം ഇപ്പോൾ അത്യാവശ്യമാണ്. നാട്ടിലെ പുരയിലെ ദൈന്യതകളിൽ നിന്ന് മാറി നിൽക്കാൻ. ജീവിതത്തിന് നിറം പകരാൻ. അയാൾ പറഞ്ഞുകൊടുത്ത വിദ്യകൾ അവൾ വളരെ വേഗത്തിൽ പഠിച്ചു.
''മിടുക്കി""
അയാൾ അഭിനന്ദിച്ചു.
ഡെയ്സിയാണ് സുമിയെ അറിയിച്ചത്. ശ്യാമള കവിതയുടെ വീട്ടിൽ താമസമാക്കിയിരിക്കുന്നു. അമ്പരപ്പുണ്ടായില്ല. പ്രതീക്ഷിച്ചതാണ്. ശ്യാമള ഇവിടെ നിന്നിറങ്ങുന്നത് കണ്ടാൽ കവിത ക്ഷണിച്ചുകൊണ്ടുപോവുമെന്ന് ഊഹിക്കാമായിരുന്നു. ഊഹം തെറ്റിയില്ല. കവിത തന്നെയാണ് ഡെയ്സിയോട് വിവരം വിളിച്ചുപറഞ്ഞത്. ആദ്യ ദിവസം ലിഫ്റ്റിൽ കണ്ടുമുട്ടിയപ്പോൾ ഡെയ്സി അവളെ പരിചയപ്പെട്ടിരുന്നു. സുപർണയുടെ ഫ്ലാറ്റിലെ താമസക്കാരിയാണെന്നറിയിച്ചപ്പോൾ സുമി അടുത്ത കൂട്ടുകാരിയാണെന്ന് വെളിപ്പെടുത്തിയിരുന്നു. സുമി പങ്കുവച്ച ആശങ്കകൾ ഡെയ്സി ഉള്ളിൽ സൂക്ഷിച്ചു.
''ആ പെങ്കൊച്ചിനെ സുമി ഇറക്കിവിട്ടു""
ആമുഖമില്ലാതെയാണ് കവിതയുടെ വെളിപ്പെടുത്തൽ.
ഒന്നുമറിയാത്തതുപോലെ ഡെയ്സി മറുചോദ്യമെറിഞ്ഞു.
''ഏത് പെങ്കൊച്ച്?""
കവിത വിശദീകരിച്ചു.
(തുടരും)