
വിശാഖപട്ടണം:താന്ത്രിക പൂജ തടയാനെത്തിയ പൊലീസ് സംഘത്തെ വിറപ്പിച്ച് വീട്ടുകാർ. ഒടുവിൽ ഏറെപണിപ്പെട്ടാണ് പൊലീസ് വീട്ടുകാരെ കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലാക്കിയത്. അന്ധവിശ്വാസത്തിനടിമപ്പെട്ട് രണ്ട് യുവതികളെ മാതാപിതാക്കൾ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ആന്ധ്രാപ്രദേശിൽ നിന്നാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്. വിശാഖപട്ടണത്തിന് സമീപത്തായിരുന്നു സംഭവം.
വീട്ടിൽ താന്ത്രിക പൂജ നടക്കുകയാണെന്നും ജനാലകളും വാതിലുകളും അടച്ച് വീട്ടുകാർ ഉളളിലിരിക്കുകയാണെന്നും നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. യുവതികളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിൽ പൊലീസ് സ്ഥലത്ത് പാഞ്ഞെത്തി. പക്ഷേ, എത്രവിളിച്ചിട്ടും വാതിൽ തുറക്കാനോ പുറത്തുവരാനോ വീട്ടുകാർ തയ്യാറായില്ല.കുടുംബ നാഥനും 45കാരനുമായ അസീസും ഭാര്യയും ഒരു മകനും മകളുമാണ് വീട്ടിലുണ്ടായിരുന്നത്. വീട്ടുകാർ പുറത്തുവരാൻ തയ്യാറാവാത്തതോടെ വാതിൽപൊളിച്ച് ഉളളിൽ കടക്കാൻ തന്നെ പൊലീസ് തീരുമാനിച്ചു. ഇക്കാര്യം വീട്ടുകാരെ അറിയിക്കുകയും ചെയ്തു.
ഇതോടെ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലായി. പൊലീസുകാർ വീട്ടിൽ കടക്കാൻ ശ്രമിച്ചാൽ കഴുത്തറുത്ത് എല്ലാവരും ആത്മഹത്യചെയ്യുമെന്ന് അസീസ് അറിയിച്ചു.പൊലീസുകാർ എത്രയുംപെട്ടെന്ന് വീട്ടിൽ നിന്ന് പോകണമെന്നും അയാൾ ആവശ്യപ്പെട്ടു. ഇതുകേട്ട് ഞെട്ടിയെങ്കിലും കുടുംബാംഗങ്ങളെ അനുനയിപ്പിക്കാൻ പൊലീസ് വീണ്ടും ശ്രമിച്ചു. ഇത് വിജയിച്ചില്ലെന്ന് മാത്രമല്ല ഇനിയും നിന്നാൽ തങ്ങൾ കൂട്ടത്തോടെ ജീവനൊടുക്കുമെന്ന് വീട്ടുകാർ വീണ്ടും ഭീഷണിമുഴക്കുകയും ചെയ്തു. ഭയന്നുപോയ പൊലീസുകാർ മുതിർന്ന ഉദ്യോഗസ്ഥരെ സംഭവം അറിയിച്ചു. സ്ഥലത്തെത്തിയ ഉന്നത ഉദ്യാേഗസ്ഥർ വീട്ടുകാരെ അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങളും വിജയിച്ചില്ല. ഒടുവിൽ കമാൻഡോ സ്റ്റൈലിൽ വീട്ടിനുളളിലേക്ക് ഇരച്ചുകയറി എല്ലാവരെയും കീഴ്പ്പെടുത്തുകയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. പൂജാദ്രവ്യങ്ങൾ, മഞ്ഞൾ, നാരങ്ങ തുടങ്ങിയ വീട്ടിൽ നിന്ന് കണ്ടെടുത്തു. തങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും താന്ത്രിക വിദ്യയിലൂടെ പരിഹരിക്കപ്പെടും എന്നാണ് വീട്ടുകാർ വിശ്വസിച്ചിരുന്നത്. അതിനുളള ശ്രമമായിരുന്നു നടത്തിയിരുന്നത്.
അസീസിന്റെ മാനസിക നില പ്രശ്നമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. കൊവിഡ് മൂലമുളള സാമ്പത്തിക പ്രശ്നങ്ങളാണ് അസീസിനെ ഈ അവസ്ഥയിലെത്തിച്ചതെന്നും അവർ പറയുന്നു. സംസ്ഥാനത്ത് താന്ത്രിക പൂജകളും മന്ത്രവാദങ്ങളും കൂടുന്ന പശ്ചാത്തലത്തിൽ നടപടി കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.