
മഴക്കാലം വരാറായിരിക്കുന്നു. അതോടെ ആ പക്ഷിയുടെ സമാധാനം പോയി. ഇനി എങ്ങനെ മുട്ട ഇടും? അതെവിടെ സൂക്ഷിക്കും? എങ്ങനെ വിരിയിച്ചെടുക്കും. മഴക്കാലത്ത് സുരക്ഷിതമായി പാർക്കാനും മുട്ട ഇടാനും ഉള്ള ഒരു സ്ഥലം അന്വേഷിച്ച് ആ കിളിപ്പെണ്ണ് പരക്കം പാഞ്ഞു നടന്നു. കണ്ട സ്ഥലമൊന്നും കൂടുകൂട്ടാൻ പറ്റിയവ അല്ലെന്നും സുരക്ഷിതത്വം ഉണ്ടാവില്ലെന്നും പക്ഷിക്ക് മനസിലായി അങ്ങനെ കൂടുകെട്ടാൻ സ്ഥലമന്വേഷിച്ച് നടക്കുന്നതിനിടെ രണ്ടു മുത്തശിമരങ്ങളെ കണ്ടെത്തി. ആ വൃക്ഷങ്ങളുടെ എടുപ്പും ഗൗരവവും കണ്ടപ്പോൾതന്നെ തനിക്ക് മുട്ടയിട്ടു പാർക്കാനും മഴയെ പ്രതിരോധിക്കാനും പറ്റിയ സ്ഥലമാണെന്ന് പറവയ്ക്ക് മനസിലായി.
അങ്ങനെ അതിൽ ആദ്യത്തെ മരത്തിനടുത്ത് ചെന്ന് തനിക്ക് മഴക്കാലം പാർക്കാൻ ഒരിടം തരണമെന്ന് ആ പക്ഷി അപേക്ഷിച്ചു. പക്ഷിയുടെ അപേക്ഷ കേട്ടപ്പോൾ തന്നെ ഒട്ടും കാരുണ്യമില്ലാതെ ആ വൃക്ഷം പറഞ്ഞു ''നോ! എനിക്ക് സമ്മതമല്ല. നീ മറ്റെവിടെയെങ്കിലും പോയി കൂട് കൂട്ടൂ."
നിരാശയും ദേഷ്യവും സങ്കടവും സഹിക്കവയ്യാതെ ആ പക്ഷി നിസഹായയായി പറന്നുപോയി. അടുത്തുകണ്ട രണ്ടാമത്തെ മുത്തശിയോട് തന്റെ ആവശ്യം അറിയിച്ചു. നല്ല മനസുണ്ടായിരുന്ന ആ 'മരമഹതി" കിളിയുടെ അപേക്ഷ അംഗീകരിച്ചു. മഴക്കാലത്ത് സുരക്ഷിതമായി മുട്ടയിട്ട് പാർത്ത്കൊള്ളാൻ പക്ഷിക്ക് അവർ അനുവാദം കൊടുത്തു.
നമ്മുടെ കിളിപ്പെണ്ണിന് സന്തോഷമായി. അവൾ വൃക്ഷത്തോട് നന്ദി പറഞ്ഞു. മരത്തിൽ കൂടുകെട്ടി. മുട്ടയിട്ട് വിരിയിച്ച് പക്ഷിക്കുഞ്ഞുങ്ങളുമായി അവൾ ആ മഹാവൃക്ഷത്തിൽ സസുഖം പാർത്തു. കുറേ ദിവസം കഴിഞ്ഞപ്പോൾ ഭയപ്പെട്ടിരുന്നതുപോലെ മഹാ പ്രളയം സൃഷ്ടിച്ചുകൊണ്ട് പേമാരിയും കൊടുങ്കാറ്റും വന്നു. കനത്ത കാറ്രിൽ ആദ്യത്തെ വൃക്ഷത്തിന് വേരുറപ്പിച്ച് നിൽക്കാനായില്ല. അടിതെറ്റിയ ആ മഹാവൃക്ഷം പേക്കാറ്റിൽ ആടിയുലഞ്ഞ് നിലം പതിച്ചു. ജലപ്രളയത്തിൽ അത് ഒഴുകിപ്പോയി. അതിന്റെ ശിഖരങ്ങളും ഇലകളും പൂക്കളും കായ്കളുമൊക്കെ തകർന്ന് ഒഴുകി നടന്നു.
നിലം പൊത്തിയ മരം പ്രളയജനത്തിൽ ഒഴുകി നമ്മുടെ പക്ഷിപ്പെണ്ണ് പാർക്കുന്ന വൃക്ഷത്തിന്റെ അരികിൽ എത്തി. ഈ കാഴ്ചകണ്ട് പക്ഷിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. തനിക്ക് കൂടുകൂട്ടാൻ സ്ഥലം നിഷേധിച്ച ആ മരത്തിന് അങ്ങനെ തന്നെ വരണം. അതിന്റെ അഹങ്കാരത്തിന് അറുതി വന്നല്ലോ? തന്റെ മുന്നിലേക്ക് ഒഴുകിവന്ന ആ മഹാവൃക്ഷത്തോട് കിളിപ്പെണ്ണ് കയർത്തു.
''നിനക്ക് ഇങ്ങനെ തന്നെ വരണം. കർമ്മഫലമാണിത്. ഞാൻ കൂടുകൂട്ടാൻ ഇത്തിരി സ്ഥലം ചോദിച്ചു വന്നപ്പോൾ അഭയം തരാതെ എന്നെ ഓടിച്ചുവിട്ട നിനക്ക് ഈ ഗതി വരണം. മഴക്കാലത്ത് രക്ഷയ്ക്കായി വന്ന എന്നോട് 'നോ" പറഞ്ഞ നിനക്ക് ആ മഴ തന്നെ വിനയായത് വിധി!"
ചെറുകിളിയുടെ ശകാരവാക്കുകൾ കേട്ട് ആ മഹാവൃക്ഷം പുഞ്ചിരിച്ചു. എന്നിട്ടു പറഞ്ഞു.
'' പ്രിയപ്പെട്ട പക്ഷീ! നീ പറയുന്നതുപോലെയല്ല കാര്യങ്ങൾ. ഈ വർഷകാലത്ത് ഞാൻ രക്ഷപ്പെടില്ലെന്ന് എനിക്കറിയാമായിരുന്നു. ചീഞ്ഞുകൊണ്ടിരുന്ന എന്റെ വേരുകളെക്കുറിച്ച് എനിക്ക് ഉത്തമബോദ്ധ്യം ഉണ്ടായിരുന്നു. ഈ മഴയിൽ ഞാൻ വീണുപോവുമ്പോൾ, എന്നിൽ അഭയം തേടിയ നിങ്ങൾക്ക് കുഴപ്പം ഉണ്ടാകരുതെന്ന് കരുതിയാണ് ഞാൻ 'നോ" എന്നു പറഞ്ഞത്. നീ എന്റെ ശിഖരത്തിൽ കൂടുവച്ച് മുട്ടയിട്ടിരുന്നെങ്കിൽ ഇപ്പോൾ എന്തു സംഭവിക്കുമായിരുന്നു എന്ന് ഞാൻ പറയേണ്ടല്ലോ? നിന്റെയും നിന്റെ പക്ഷിക്കുഞ്ഞുങ്ങളുടെയും ജീവൻ അപകടത്തിൽ പെടാതിരിക്കാനാണ് അന്ന് ഞാൻ നിനക്ക് കൂടുകെട്ടാൻ സ്ഥലം നിഷേധിച്ചത്."
കുറ്റബോധം കൊണ്ട് ആ പക്ഷിയുടെ കണ്ണുകൾ നിറഞ്ഞു. അവൾ പശ്ചാത്താപവിവശയായി. തന്റെ നന്മയ്ക്ക് വേണ്ടി ആ വൃക്ഷമുത്തശി ചെയ്ത കാര്യമോർത്തപ്പോൾ ആ കിളി കരഞ്ഞുപോയി. മഹാമനസ്കയായ ആ മരമുത്തശിയോട് അവൾ മാപ്പു പറഞ്ഞു.
ഈ കഥ നമുക്കൊരു വലിയ പാഠം നൽകുന്നുണ്ട്. നമ്മോട് ആരെങ്കിലും നോ എന്നു പറയുന്നത് എപ്പോഴും നെഗറ്റീവ് ആകണമെന്നില്ല. ജലാശയത്തിൽ ഇറങ്ങണമെന്നു പറഞ്ഞ് വാശിപിടിക്കുന്ന കുട്ടിയോട് 'നോ" എന്ന് രക്ഷിതാക്കൾ പറയുന്നത് നെഗറ്റീവ് അല്ല. ഒരാൾ നമുക്കുള്ള ഒരു ആവശ്യം നിരാകരിച്ചാൽ അതിന്റെ എല്ലാവശവും നാം മനസിലാക്കികൊള്ളണമെന്നില്ല. കേവലം വാക്കുകളുടെ ബാഹ്യരൂപത്തിലും ശബ്ദത്തിലും മാത്രമല്ല അതിന്റെ അർത്ഥതലങ്ങൾ ഉള്ളത്. വലിയ കാൻവാസിൽ കാര്യങ്ങൾ കാണുമ്പോൾ 'യെസ്' 'നോ" എന്നിവയ്ക്ക് പുതിയ ഭാവവും അർത്ഥവും കൈവരുന്നതായി കാണാം. അതുകൊണ്ട് എല്ലാത്തിന്റെയും അങ്ങേവശം കൂടി കാണാൻ ശ്രമിക്കണം എന്നതാണ് ഈ കഥ നമ്മോട് പറയുന്നത്.