
റെയിൽയിൽവേ സ്റ്രേഷൻ. എവിടെയും തിരക്കോട് തിരക്ക്. അതിനിടെ അനൗൺസ്മെന്റ് മുഴങ്ങി. ''തിരുവനന്തപുരത്തേക്ക് പോകുന്ന ജനശതാബ്ദി എക്സ് പ്രസ് പത്തുമിനിട്ടിനുള്ളിൽ മൂന്നാംനമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുന്നതാണ്.""
കാരപ്പറമ്പ് എന്ന സ്ഥലത്ത് നിന്നും സെബിൻ കാറിൽ വന്നിറങ്ങുമ്പോൾ കാണുന്നത് നാല് കൗണ്ടറുകളിലെയും നീണ്ട ക്യൂവാണ്. തെക്കും വടക്കുമായി പോകുന്ന വിവിധ ട്രെയിനുകളിലേക്കുള്ള ടിക്കറ്റെടുക്കാനുള്ള തിരക്ക്. ടിക്കറ്റ് ലഭിച്ചവർ കൗണ്ടർ വിട്ടുപോകുമ്പോൾ ക്യൂവിലേക്ക് പലരും വന്നുചേർന്നുകൊണ്ടിരുന്നു. ഏതാനും ചുവടുകൾ മുന്നോട്ടുവച്ചപ്പോഴാണ് അത് സെബിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഒരു യുവതി അങ്ങോട്ടുമിങ്ങോട്ടും ഓടിനടക്കുന്നു. ബാഗ് തുറന്നു എന്തോ തപ്പുന്നു. പതറിയിട്ട് സങ്കടത്തോടെ കൗണ്ടറിലേക്ക് ഓടുന്നു. പിന്നിൽപോയി നിൽക്കാൻ ക്യൂവിലുള്ള ചിലർ ആക്രോശിക്കുന്നു. തികച്ചും ഗൗരവതരമായൊരു പ്രതിസന്ധിയിൽപ്പെട്ട വല്ലാത്തൊരു മാനസികസംഘർഷമനുഭവിക്കുന്നതുപോലെ അവൾ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടിരുന്നു. മറ്റൊരു ക്യൂവിന്റെ മുന്നിൽ നിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് ഓടിയെത്തി സഹായത്തിനായി കേണപേക്ഷിക്കുന്നു. അവർ ടിക്കറ്റിനുള്ള കാഷ് വാങ്ങാനൊരുങ്ങുമ്പോൾ പിന്നിൽനിന്നവർ ശകാരിച്ച് പിന്തിരിപ്പിച്ചുകൊണ്ട് പിറുപിറുത്തു.
''നേരത്തേ വന്ന് കാത്തുനിന്ന് ടിക്കറ്റെടുക്കണം. ഞങ്ങളുടെ സമയത്തിനും വിലയുണ്ട്.""
അതുകേട്ടതും വല്ലാത്തൊരു അങ്കലാപ്പിൽപ്പെട്ടതുപോലെ അവൾ വിളറിവെളുത്തു. ആരും മനുഷ്യത്വം കാട്ടുന്നില്ലെന്ന് കണ്ടപ്പോൾ നിറഞ്ഞമിഴികളോടെ നിശബ്ദം വിതുമ്പി.
അപ്പോഴേയ്ക്കും ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കുന്നതായിട്ടുള്ള അനൗൺസ്മെന്റ് മുഴങ്ങി. അതുകേട്ടതും അവൾ തറയിൽ തളർന്നിരുന്നുപോയി. ആ ട്രെയിനിൽ തന്നെ പോകേണ്ട എന്തോ വലിയ അത്യാവശ്യമുണ്ടെന്ന് ആ മട്ടും മാതിരിയും കണ്ടാലറിയാം. പക്ഷേ...ആരും യാതൊരു ദയയും സഹാനുഭൂതിയും കാട്ടുന്നില്ല.
എല്ലാം ശ്രദ്ധിച്ചുനിൽക്കുകയായിരുന്ന സെബിൻ വളരെ വേഗം അവൾക്കരികിലേക്ക് ചെന്നു.
''എന്താ കുട്ടി പ്രശ്നം? ആകെ അപ്സെറ്റായിരിക്കയാണല്ലോ?""
അയാളെ നിസഹായതയോടെ അവളൊന്നുനോക്കി പിന്നെ കരയാൻ തുടങ്ങി. അന്നേരം ട്രെയിൻ പ്ലാറ്റ് ഫോമിൽ എത്തിയതിന്റെ ശബ്ദവും യാത്രക്കാരുടെ ആരവവും കേൾക്കാറായി.
''അത്...അത്...""
''പേടിക്കേണ്ട... പറഞ്ഞോളൂ?""
''ട്രെയിൻ എത്തിക്കഴിഞ്ഞില്ലേ? ഇനി പറഞ്ഞിട്ട് കാര്യമില്ല സാർ.""
''എന്താണെങ്കിലും തുറന്നുപറയൂ. പറ്റുമെങ്കിൽ ഞാൻ സഹായിക്കാം.""
''എനിക്ക് വളരെ അത്യാവശ്യമായി ഈ വണ്ടിയിൽതന്നെ തിരുവനന്തപുരത്തേക്ക് പോകേണ്ടതുണ്ട്. തിടുക്കത്തിൽ വീട്ടിൽ നിന്നിറങ്ങിയപ്പോൾ റിസർവേഷൻ ടിക്കറ്റെടുത്ത് വയ്ക്കാൻ വിട്ടുപോയി. ഒരു ടിക്കറ്റെടുത്ത് സഹായിക്കാനുള്ള സന്മനസ് ആരും കാട്ടിയതുമില്ല. ഇതെന്റെ പതിനെട്ടാമത്തെ ഇന്റർവ്യൂവാണ് സാർ. ഇതിലെങ്കിലും ഒരു പ്രതീക്ഷയുണ്ടായിരുന്നു.""
ഒറ്റശ്വാസത്തിൽ പറഞ്ഞുനിറുത്തിയതും അവൾ പൊട്ടിക്കരഞ്ഞുപോയി.
''ഈ വിധ അബദ്ധങ്ങളും പറ്റാം. ഇനി വിഷമിച്ചിട്ട് കാര്യമില്ല. ഏഴെട്ട് മിനിട്ട് കഴിഞ്ഞേ ഈ ട്രെയിൻ ഇവിടെനിന്ന് പുറപ്പെടുകയുള്ളൂ. ഞാനും തിരുവനന്തപുരത്തേക്കാണ്, വരൂ എന്തെങ്കിലും മാർഗമുണ്ടോന്ന് നോക്കാം.""
പ്രതീക്ഷയുടെ ഒരു വെള്ളിവെളിച്ചം പെട്ടെന്നുദിച്ച പോലെ അവൾ ചാടിയെണീറ്റു. എസ്ക്കലേറ്റർ വഴി വേഗം അവർ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെത്തി. അതിനിടയിൽ അയാൾ പറഞ്ഞു:
''എന്റെ കൈവശമുള്ളത് എ.സി കോച്ചിലെ ടിക്കറ്റാണ്. ഈ ട്രെയിനിൽ ഓർഡിനറി കംപാർട്ട്മെന്റിലെ സീറ്റുപോലും റിസർവ് ചെയ്തുറപ്പിക്കുന്നതാണെന്നറിയാമല്ലോ. ആ വിധം കിട്ടിയില്ലെങ്കിൽ എ.സിയിലെങ്കിലും ഒരു ടിക്കറ്റ് തരപ്പെടുത്തി തരാൻ ടി.ടി.ഇയോട് പറയാം.""
സെബിൻ സ്ഥിരം യാത്രക്കാരനാണ്. ഭാഗ്യത്തിന് പരിചയമുള്ള ടി.ടി.ഇ ആണ് എ.സി കോച്ചിനടുത്ത് നിന്നിരുന്നത്. അദ്ദേഹത്തോട് സംഗതി ചുരുക്കിപറഞ്ഞു:
''ഈ കുട്ടി വീട്ടിൽനിന്നിറങ്ങുമ്പോൾ റിസർവേഷൻ ടിക്കറ്റ് എടുത്തുകൊണ്ട് വരാൻ മറന്നുപോയി. ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനുള്ളതാണ്. എങ്ങനെയെങ്കിലും ഒരു സീറ്റ് തരപ്പെടുത്തികൊടുത്ത് സഹായിക്കണം പ്ലീസ്.""
''സാറ് വിഷമിക്കേണ്ട.നമുക്ക് ശരിയാക്കാം. ഒരു ഇന്റർവ്യൂവെന്ന് പറഞ്ഞാൽ അത്ര നിസാരമൊന്നുമല്ല. ചിലപ്പോൾ ഒരു ജീവനോപാധി തെളിയുന്നതവിടെ വച്ചായിരിക്കുമല്ലോ. തത്ക്കാലം ഈ കുട്ടി ഈ കോച്ചിലിരിക്കട്ടെ. ചിലപ്പോ ചില കാൻസലേഷൻ വന്നിട്ട് ഓർഡിനറി കോച്ചിൽ സീറ്റൊഴിവ് വരും. ഞാൻ മറ്റ് ടി.ടി.ഇമാരുമായി ബന്ധപ്പെട്ടിട്ട് ഒഴിവുള്ളിടത്തേക്ക് മാറ്റിക്കൊള്ളാം. ഇല്ലെങ്കിൽ ഈ എ.സി കോച്ചിലെങ്കിലും ഒരു സീറ്റ് ഉറപ്പിക്കാം.""
''വളരെ ഉപകാരം.""
''കുട്ടിയുടെ പേരെന്താ?""
''ഷർമ്മിണി""
കൈവശമുള്ള റിസർവേഷൻ ചാർട്ടിന്റെ ഒരറ്റത്ത് അയാളത് കുറിച്ചിട്ടു. ടിക്കറ്റ് ചാർജിന് പുറമേ ഒരു പാരിതോഷികം കൂടി കൊടുത്തപ്പോൾ സന്തോഷമേറിയൊരു ചിരി ആ മുഖത്ത് തെളിഞ്ഞു. സെബിൻ പറഞ്ഞു:
''സാർ നിർദ്ദേശിച്ചപോലെ തത്ക്കാലം ഈ കോച്ചിൽ കയറിയിരിക്കുക. ഒഴിവുള്ളതെവിടെയാണെന്ന് അറിയിക്കുമ്പോൾ അങ്ങോട്ട് പോയാൽ മതി. കംപാർട്ട്മെന്റുകൾ തമ്മിൽ ലിങ്ക് ഉള്ളതിനാൽ ഇടനാഴിയിൽ കൂടി അവിടേക്ക് നടന്നുപോകാൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.""
വിനയത്തോടെ കൈ കൂപ്പിക്കൊണ്ടവൾ മന്ത്രച്ചു.
''വളരെയേറെ നന്ദിയുണ്ട്. ആരും ഇങ്ങനെ കാശ് മുടക്കി സഹായിക്കില്ല. ഞാനിത് ഒരിക്കലും മറക്കില്ല. എന്റെ അച്ഛന്റെ സ്ഥാനത്താണ് ഞാനിപ്പോൾ സാറിനെ കാണുന്നത്."
''അതൊന്നും സാരമില്ല കുട്ടി. നമ്മൾ ഒരാളെ സഹായിച്ചാൽ നമ്മളെ സഹായിക്കാൻ ദൈവം മറ്റൊരാളെ അയക്കും എന്നാണെന്റെ വിശ്വാസം. നല്ലതു വരട്ടെ.""
''ഈ ട്രെയിനിൽ പോകാനാകില്ലെന്നറിഞ്ഞ് തളർന്ന് വീണ സന്ദർഭത്തിലാണ് സാറെന്നെ സഹായിക്കാനെത്തിയത്. എത്ര നന്ദിപറഞ്ഞാലും മതിയാവില്ല, ഒരായിരം നന്ദി.""
''ട്രെയിൻ പുറപ്പെടാറായി, കയറിക്കോളൂ. ബെസ്റ്റ് വിഷസ്.""
ട്രെയിൻ  പുറപ്പെട്ടപ്പോൾ കണ്ണടച്ച് ഇരുന്നവൾ പ്രാർത്ഥിച്ചു. ദൈവത്തിന് എത്ര സ്തുതിയും നന്ദിയും പറഞ്ഞാലാണ് അധികമാവുക? ഒരു നിയോഗം പോലെ തക്കസമയത്ത് ആ മനുഷ്യൻ സഹായിക്കാനെത്തിയത് ദൈവകൃപ ഒന്നുകൊണ്ടുമാത്രമാണ്. കുറച്ചുകഴിഞ്ഞപ്പോൾ അവൾക്ക് തൊട്ടടുത്തുള്ള ഓർഡിനറി കോച്ചിൽ ഇരിപ്പിടം തരപ്പെട്ടു. അവൾ അങ്ങോട്ടേക്ക് മാറി. ഷർമ്മിണിയുടെ മനം ഉത്സാഹഭരിതമായി.ഇന്റർവ്യൂവിന് വേണ്ടി പരമാവധി തയ്യാറെടുപ്പ് നടത്തിയിരുന്നുവെങ്കിലും കൈവശമുള്ള പൊതുവിജ്ഞാന പുസ്തകം ഒന്നുകൂടി മറിച്ചുനോക്കാനെടുത്തു. ലോകത്തുള്ള ഏത് കാര്യത്തെപ്പറ്റിയും അവർ ചോദിച്ചുകൂടെന്നില്ലല്ലോ.
വായനയിൽ മുഴുകിയിരിക്കുക മാത്രമല്ല ഇടയ്ക്കിടെ ആത്മാർത്ഥമായി പ്രാർത്ഥിക്കാനും മറന്നില്ല. മണിക്കൂറുകൾ പലതും പിന്നിട്ട് ഒടുവിൽ ട്രെയിൻ ലക്ഷ്യസ്ഥലത്തെത്തി. റെയിൽവേ സ്റ്റേഷനിലെ വെയ്റ്റിംഗ് റൂമിൽ തെല്ലൊന്ന് വിശ്രമിച്ചതിനുശേഷം ഊണ് കഴിച്ചു. അതിനുശേഷം ഒരു ഓട്ടോറിക്ഷ പിടിച്ച് ഗോൾഡർ ദർബാർ ബിൽഡിംഗിലേക്ക് പുറപ്പെട്ടു.
ഇന്റർവ്യൂ തുടങ്ങാൻ പിന്നെയും ഒന്നരമണിക്കൂറോളം സമയമുണ്ടായിരുന്നു. ഉദ്യോഗാർത്ഥികൾ എത്തിക്കൊണ്ടിരിക്കുന്നതേയുള്ളൂ, ചിലരെയൊക്കെ ഷർമ്മിണി പരിചയപ്പെട്ടു. ആകെ ഏഴ് വേക്കൻസിയാണുള്ളത്. പക്ഷേ, ഇന്റർവ്യൂവിന് സെലക്ട് ചെയ്യപ്പെട്ടെത്തിയിരിക്കുന്നവർ തന്നെ മുപ്പത്തിലേറെപ്പേരുണ്ട്. ഷർമ്മിണിക്ക് തെല്ലൊരു ഇച്ഛാഭംഗം തോന്നി. തന്റെ പതിനെട്ടാമത്തെ ഇന്റർവ്യൂവാണ്. ഇതും ഒരു ഭാഗ്യപരീക്ഷണമായി കലാശിക്കുമോ? ഇവിടെയിപ്പോൾ തന്നെ സഹായിക്കാനായി ആരുമില്ല. എല്ലായിടത്തും കാര്യസാദ്ധ്യത്തിന് ശുപാർശ വേണ്ടിവരുന്ന കാലമാണ്  ദൈവാനുഗ്രഹമുണ്ടെങ്കിലേ തനിക്കിവിടെ തെല്ലെങ്കിലും പ്രതീക്ഷയ്ക്ക് വകയുള്ളൂ. അവൾ കുറേനേരം നിശബ്ദം പ്രാർത്ഥിച്ചിരുന്നു.
ഇതൊരു ഗാർമെന്റ്സ് എക്സ്പോർട്ടിംഗ് കമ്പനിയാണ്. സ്വകാര്യസ്ഥാപനമാണെങ്കിലും ഈ വേക്കൻസികളിലേക്കെല്ലാം ചിലപ്പോൾ മന്ത്രിതലത്തിൽ വരെ റെക്കമെന്റേഷൻ വന്നിട്ടുണ്ടാകാം.അതൊക്കെ കൊണ്ടാണല്ലോ മികച്ച ക്വാളിഫിക്കേഷൻ ഉണ്ടായിരുന്നിട്ടുപോലും പല ഇന്റർവ്യൂകളിലും താൻ തഴയപ്പെടാനിടയായത്. ഇവിടെയും അതുതന്നെ ആവർത്തിക്കുമോ? വല്ലാത്തൊരു ആശങ്കയും ഉത്കണ്ഠയും അവളെ വലയം ചെയ്തു. ചിന്തകൾ പലവഴിക്ക് പാഞ്ഞുകൊണ്ടിരുന്നപ്പോൾ സമയം പോയതറിഞ്ഞില്ല. ഓരോരുത്തരെ ആയി വിളിക്കാൻ തുടങ്ങി.
ഇന്റർവ്യൂ അറ്റൻഡ് ചെയ്തിട്ട് അധികം വൈകാതെ പലരും പുറത്തുവന്നപ്പോൾ സംശയമേറി. വേണ്ടപ്പെട്ടവരെയൊക്കെ നേരത്തേതന്നെ സെലക്ട് ചെയ്തിട്ടുണ്ടാകും. ഒരുപക്ഷേ...ഇതും മുൻകാലാനുഭവങ്ങൾപോലെ വെറുമൊരു പ്രഹസനമായിരിക്കാം.
എല്ലാവരും പോയ് കഴിഞ്ഞു. ഏതോ ഒരു തുരുത്തിൽ ഒറ്റപ്പെട്ടവളെപ്പോലെ ഷർമ്മിണി മിഴിച്ചിരുന്നു. ഏറ്രവും ഒടുവിലായിരുന്നു അവളുടെ ഊഴം. എ.സിയുള്ള വിശാലമായ ഇന്റർവ്യൂ ഹാളിലേക്ക് വിനയപൂർവം അഭിവാദനം ചെയ്തുകൊണ്ടവൾ കടന്നുചെന്നു. അന്നേരം ഇന്റർവ്യൂ ബോഡിലെ നാലംഗങ്ങളിൽ മൂന്നുപേരും പുറത്തേക്കിറങ്ങി. ഒരു മാഡം മാത്രം പുഞ്ചിരിയോടെ അവളെ എതിരേറ്റു.
''വരൂ...ഇരിക്കൂ.""
അവർ ഡോക്യുമെന്റ്സ് വാങ്ങി നോക്കി.
''ഷർമ്മിണിക്ക് പി.ജിക്ക് നല്ല മാർക്കുണ്ടല്ലോ? എം.ബി.എയും മികച്ചരീതിയിൽ തന്നെ പാസായിട്ടുണ്ട്. മാത്രമല്ല, കമ്പ്യൂട്ടർ കോഴ്സുകൾ പാസായിട്ടുള്ള അഡീഷണൽ ക്വാളിഫിക്കേഷനുമുണ്ട്.സംഗതിയൊക്കെ ഒ.കെ. പക്ഷേ... ഇവിടെ ഏഴ് വേക്കൻസിയേ ഉള്ളൂവെന്നറിയാമല്ലോ...എത്ര പേർ ഇന്റർവ്യൂവിന് ഹാജരായെന്ന് കുട്ടിയും കണ്ടതല്ലേ?""
ദയനീയ ഭാവത്തിൽ അവൾ പറഞ്ഞു,
''മാഡം വളരെയേറെ പ്രതീക്ഷയോടെയാണ് ഞാൻ ഈ... ""
മന്ദഹാസത്തോടെ പെട്ടെന്നവർ പറഞ്ഞു.
''അതെയതേ പ്രതീക്ഷകളാണല്ലോ നമ്മളെ മുന്നോട്ട് നയിക്കുന്നത്.""
''എന്നാലും മാഡം ഞാനും ക്വാളിഫൈഡ് അല്ലേ? ഈ വേക്കൻസികളിലൊന്നിൽ പരിഗണിക്കപ്പെടാനുള്ള അർഹത എനിക്കുമില്ലേ..?""
''തീർച്ചയായും ഉണ്ട്.""
''പിന്നെന്താണ് തടസം? ഇതൊരു പ്രഹസനമാണോ മാഡം? താല്പര്യമുള്ളവരെ മുൻകൂട്ടി സെലക്ട് ചെയ്തിട്ട് ഞങ്ങളെപ്പോലുള്ള പാവങ്ങളെ എന്തിനാണിങ്ങനെ വിളിച്ചുവരുത്തി...""
അത്രയും പറഞ്ഞപ്പോഴേയ്ക്കും ഗദ്ഗദകണ്ഠയായ അവളുടെ മിഴികൾ നിറഞ്ഞു.
''എന്ന് പറയുന്നത് ശരിയല്ല. ഞങ്ങൾ ശുപാർശയുടെ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നവരല്ല.""
''അപ്പോൾ പിന്നെ...?""
''വെയ്റ്റ് ആന്റ് സീ എന്നേ പറയാനുള്ളൂ. എങ്കിലും ഞാനൊന്ന് ചോദിച്ചോട്ടെ. ഈ ജോലി കിട്ടിയെന്നിരിക്കട്ടെ, എന്തായിരിക്കും ഷർമ്മിണിയുടെ പ്രവർത്തനശൈലി.""
''എന്റേത് ഒരു ഡെഡിക്കേറ്റഡ് വർക്ക് ആയിരിക്കും. അതായത് കമ്പനിയുടെ സർവ്വതോന്മുഖമായ ഉന്നമനത്തിന് വേണ്ടി അങ്ങേയറ്റം ആത്മാർത്ഥമായി പ്രവർത്തിക്കും. വേണ്ടിവന്നാൽ ആനുകൂല്യം ഒന്നും പ്രതീക്ഷിക്കാതെ തന്നെ കമ്പനിക്ക് ഓവർടൈം ജോലിയെടുക്കാനും ഞാൻ സന്നദ്ധയായിരിക്കും.""
''വെരിഗുഡ്. ഐ അപ്രീഷിയേറ്റ് യുവർ ആറ്റിറ്റ്യൂഡ്.""
''താങ്ക് യൂ.""
''ഒരു നിമിഷം, കൂടുതൽ കാര്യങ്ങൾ ഇനി വരുന്ന സാർ പറയും.""
അവർ മൊബൈൽ ഫോണിൽ ടച്ച് ചെയ്തപ്പോൾ ഡോറിനപ്പുറത്ത് ഫോൺ ശബ്ദിച്ചു.
ഒരു ചെറുചിരിയോടെ കടന്നുവന്നയാളെക്കണ്ട് പെട്ടെന്നവൾ ചാടിയെണീറ്റ് കൈകൂപ്പി.
തനിക്ക് ഈ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ യാത്രാസൗകര്യമൊരുക്കിതന്ന മഹാനുഭാവൻ. അവിശ്വസനീയതയോടെ വിസ്മയാധിക്യത്താൽ വിടർന്നമുഖവുമായി അവൾ അങ്ങനെതന്നെ നിന്നുപോയി. പിന്നെ പതിഞ്ഞസ്വരത്തിലാരാഞ്ഞു.
''സാറിവിടെ?""
''കുട്ടി ഇരിക്കൂ.""
ഒരുനിമിഷം നിറുത്തിയിട്ട് അദ്ദേഹം തുടർന്നു.
''ഈ കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ് ഞാൻ. അതുകൊണ്ട് സ്വാഭാവികമായും ഇന്റർവ്യൂ ബോഡിലും ഞാനുണ്ടാകുമല്ലോ. ഷർമ്മിണിയുടെ ഊഴം വന്നപ്പോൾ ഒരു സർപ്രൈസിനുവേണ്ടി ഞാൻ അപ്പുറത്തേക്ക് മാറിയെന്നേയുള്ളൂ. മാത്രമല്ല, വ്യക്തിപരമായ ചിലകാര്യങ്ങൾ കൂടി ചോദിച്ചറിയാൻ വേണ്ടിയിട്ടാണ് ഏറ്റവുമൊടുവിൽ വിളിച്ചതും."
''എന്നാലും സാർ എനിക്കിപ്പോഴും വിശ്വസിക്കാനാകുന്നില്ല. ഇത് അങ്ങേയറ്റം അതിശയകരമായിരിക്കുന്നു.""
''അതെ, ശരിയാണ്. നിമിത്തമെന്നോ...നിയോഗമെന്നോ ഒക്കെ ഇങ്ങനെ സംഭവിക്കുമ്പോൾ ചിലർ പറയാറുണ്ട്.""
''നൂറ് ശതമാനം കറക്ടാണ് സാർ. ഇന്നുതന്നെ സാറിനെ വീണ്ടും കണ്ടപ്പോൾ അതും ഇവിടെ ഈ ഇന്റർവ്യൂ ബോഡിൽ..കമ്പനിയുടെ ഡയറക്ടറെന്ന നിലയിൽ...എനിക്ക് വാക്കുകൾ കിട്ടുന്നില്ല സാർ...""
അവളുടെ മിഴികൾ നിറഞ്ഞു.
''ഈ ഇന്റർവ്യൂവിൽ എനിക്കൊന്നേ കുട്ടിയോട് ചോദിക്കാനുള്ളൂ, ഷീലയുടെ മകളല്ലേ...?""
''ങേ...""
ആശ്ചര്യാതിരേകത്താൽ അവൾ മുന്നോട്ടാഞ്ഞുപോയി.
''അതെ സാർ അതെ. ""
''ഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ ക്ലാസ്മേറ്റായിരുന്നു ഷീല. ഷർമ്മിണിക്ക് ഷീലയുടെ മുഖച്ഛായ ഉണ്ട്. അതാണ് പെട്ടെന്നെനിക്ക് മനസിലായത്. റെയിൽവേ സ്റ്റേഷനിൽവച്ച് കണ്ടപ്പോൾ അതൊന്നും ചോദിക്കാനോ പറയാനോ ഉള്ള സാവകാശമില്ലായിരുന്നുവല്ലോ.""
''ശരിയാണ് സാർ. അന്നേരം ഞാനാകെ അപ്സെറ്റായിരുന്നല്ലോ.""
''ഷീല നല്ല സഹൃദയത്വമുള്ള ഒരു സാഹിത്യാസ്വാദകയായിരുന്നു. മാത്രമല്ല, പഠിക്കാനും മിടുക്കിയായിരുന്നു.""
''സാറ് അമ്മയുടെ ക്ലാസ്മേറ്റായിരുന്നു എന്നറിയുന്നതിൽ എനിക്ക് അഭിമാനമുണ്ട് സാർ.""
''അതിരിക്കട്ടെ, ഷർമ്മിണിയുടെ ഇപ്പോഴത്തെ കുടുംബപശ്ചാത്തലമൊക്കെ എങ്ങനെ?ഷീല എന്തു ചെയ്യുന്നു?""
''അമ്മയ്ക്ക് ജോലിയൊന്നും ഇല്ല. ഞാനാണ് മൂത്തത്, ഒരനുജൻ കൂടിയുണ്ട്. അച്ഛന് ഗൾഫിൽ ബിസിനസായിരുന്നു. കുടുംബസ്ഥിതിയൊക്കെ ഒരുവിധം മെച്ചപ്പെട്ടുവരികയായിരുന്നു. അപ്പോഴാണത് സംഭവിച്ചത്....""
അവളുടെ വാക്കുകൾ പതറി. മിഴികൾ നിറഞ്ഞൊഴുകി.
''എന്തുപറ്റി? വിഷമിക്കേണ്ട എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ.""
''സാർ...ഇപ്പോൾ എവിടെയും തട്ടിപ്പും വെട്ടിപ്പും പറ്റിപ്പുമൊക്കെയാണല്ലോ? അച്ഛന്റെ ബിസിനസ് പാർട്ണർ ചതിച്ചു. സകല സമ്പാദ്യവും നഷ്ടപ്പെട്ട് വെറും കൈയോടെ നാട്ടിലേക്ക് മടങ്ങേണ്ടിവന്ന അച്ഛന്റെ സങ്കടം ഇപ്പോഴും വിട്ടുമാറിയിട്ടില്ല.""
സെബിൻ തെല്ലുനേരം നിശബ്ദനായി. പിന്നെ ആത്മഗതമെന്നോണം പറഞ്ഞു:
''പ്രയാസമുണ്ടാക്കുന്ന കാര്യങ്ങളാണല്ലോ കേൾക്കുന്നത്? "
''അതാണ് സാർ ഒരു ജോലിക്ക് വേണ്ടി ഞാൻ പരക്കം പാഞ്ഞുകൊണ്ടിരിക്കുന്നത്. അതിനിടയിൽ ഓരോരോ നൂലാമാലകൾ. ഇന്നിപ്പോൾ ഇവിടെ എത്താൻ കഴിഞ്ഞത് തന്നെ സാറിന്റെ സന്മനസ് ഒന്നുകൊണ്ടുമാത്രമാണ്.""
''അനുജൻ എന്തു ചെയ്യുന്നു?""
''ഇക്കണോമിക്സ് പി.ജി ഫസ്റ്റ് ഇയറാണ്.""
''എല്ലാ പ്രയാസങ്ങളും മറന്നേക്കൂ. ഷീലയുടെ മകൾ ഷർമ്മിണിയെ ഒരു നിമിത്തം പോലെ ഞാൻ കണ്ടുമുട്ടി. അതിൽ സന്തോഷിക്കൂ. കുട്ടിയെ ഈ കമ്പനിയിൽ നിയമിച്ചുകഴിഞ്ഞതായി അറിയിക്കുകയാണ്.""
വിതുമ്പലോടെ കൈകൂപ്പിക്കൊണ്ടവൾ മന്ത്രിച്ചു.
''സന്തോഷം പറഞ്ഞറിയിക്കാൻ വാക്കുകളില്ല സാർ. ഒരായിരം നന്ദി.""
''ഇതിപ്പൊ അത്രവലിയ കാര്യമൊന്നുമല്ല""
''എനിക്ക് ഒരു ജീവിതമാർഗം അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ട് തീർച്ചയായും ഇതേറെ പുണ്യമുള്ള ഒരു സത്കർമ്മം തന്നെയാണ് സാർ.""
''എറണാകുളത്ത് കമ്പനിയിലെ ക്വാർട്ടേഴ്സിൽ താമസിക്കാം അല്ലെങ്കിൽ വർക്കിംഗ് വുമൺസ് ഹോസ്റ്രലിൽ തങ്ങാം. ഷർമ്മിണിയുടെ സൗകര്യം പോലെ. എന്ത് സഹായം വേണമെങ്കിലും ഒരു ബന്ധുവായി ഞാനുണ്ടാകും. കാര്യങ്ങൾ ഉടനെ വീട്ടിൽ അറിയിച്ചേക്കൂ. ഒരുപക്ഷേ, ഇയാളേക്കാൾ കൂടുതൽ സന്തോഷിക്കുന്നത് അവരായിരിക്കും.""
കൃതജ്ഞതയോടെ, സന്തോഷാധിക്യത്താൽ വിടർന്നമിഴികളോടെ വീണ്ടും അവൾ കൈകൂപ്പി.