
സാധാരണയായി അപ്പാർട്മെന്റിലെത്തിയാൽ ഞാൻ കാളിംഗ് ബെൽ അടിക്കാറില്ല. പകരം സെൽഫോണിൽ മിസ്ഡ് കോൾ കൊടുക്കും. എന്റെ നമ്പറിൽ സെറ്റ് ചെയ്ത റിംഗ്ടോൺ അടിക്കുമ്പോൾ അദ്ദേഹം വാതിൽ തുറക്കും. ഇതാണ് പതിവ്. എന്നാൽ ഇത്തവണ രണ്ടു മിസ്ഡ് കോൾ കൊടുത്തിട്ടും വാതിൽ തുറന്നില്ല. ഞാൻ ഒന്നു ശങ്കിച്ചു നിന്നശേഷം വാതിലിൽ തള്ളിനോക്കിയപ്പോൾ അത് മലർക്കെ തുറന്നു.അകത്തേക്ക് നോക്കിയ ഞാൻ അന്ധാളിച്ചുപോയി. പൃഥ്വിയുടെ സ്ഥാനത്ത് തൂവെള്ള ഷർട്ടും കറുത്ത പാന്റ്സും മുഖത്ത് ബ്രൗൺ നിറത്തിലുള്ള കണ്ണടയും ധരിച്ച് ഒരു ബുൾഗാൻ അടിക്കാരനിരുന്ന് കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്നു! അപരിചിതനെ കണ്ട് ഞെട്ടിയ ഞാൻ പെട്ടെന്ന് ഒരടി പിന്നാക്കം വച്ചു.
എന്റെ കാലൊച്ച കേട്ട് അയാൾ തിരിഞ്ഞുനോക്കി.
''വരൂ സ്നേഹിതാ! താങ്കൾ കറക്ട് ടൈമിൽ എത്തി!""
അയാൾ മുഖത്തെ കണ്ണട മാറ്റിയപ്പോൾ ഞാൻ വീണ്ടും ഞെട്ടി.
പൃഥ്വികാന്ത്!
ഇറക്കിവെട്ടിയ മീശയും കൃത്രിമത്താടിയും റേയ്ബാൻ ഗ്ലാസും വച്ചതോടെ അദ്ദേഹം തികച്ചും മറ്റൊരാളായി കഴിഞ്ഞിരുന്നു.
വേഷം മാറുന്നതിൽ പൃഥ്വിയെ കവച്ചുവയ്ക്കാൻ ഈ ഭൂതലത്തിൽ മറ്റൊരാളില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ടെങ്കിലും ഇത്തവണ അദ്ദേഹം എന്നെ അക്ഷരാർത്ഥത്തിൽ അമ്പരപ്പിച്ചുകളഞ്ഞു.
നിമിഷങ്ങൾക്കകം ഏതുവേഷത്തിലേയ്ക്കും മാറാൻ അസാമാന്യ കഴിവുള്ള അദ്ദേഹത്തിന്റെ അപ്പാർട്ട്മെന്റിലെ ഒരു മുറി മേക്കപ്പ് സാധനങ്ങളുടെ മ്യൂസിയമായിരുന്നു.
''വണ്ടി 15 മിനിട്ട് ലേറ്റാണ്. നമുക്ക് പുറപ്പെടാം...""
അദ്ദേഹം എണീറ്റുകൊണ്ടു പറഞ്ഞു:
''താങ്കളിപ്പോൾ സിറ്റി ചാനലിന്റെ ചീഫ് റിപ്പോർട്ടറും ഞാൻ കാമറാമാനും താങ്കളുടെ സഹായിയുമാണ്. വടക്കേ മലബാറിലെ ഗ്രാമീണ ജീവിതത്തിന്റെ ഉൾത്തുടിപ്പുകളിലേക്ക് എന്ന ഫീച്ചർ തയ്യാറാക്കാൻ ഉൾനാടൻ ഗ്രാമത്തിലേക്കിറങ്ങുന്ന ചാനലിന്റെ ഫോട്ടോ ഷൂട്ട് ടീം... ആലോചിച്ചപ്പോൾ ഈയൊരു വേഷമാണ് അനുയോജ്യമെന്ന് തോന്നി. എന്താ വിരോധമുണ്ടോ?""
കുസൃതി കുത്തി നിറച്ച കണ്ണുകളോടെ അദ്ദേഹം എന്നെ നോക്കി. എനിക്ക് ചിരിവന്നു.
''നമുക്ക് ഇത്തരം ചമയങ്ങളൊക്കെ എന്തിന്? നേരിട്ട് പോയി സ്ഥലം കണ്ടാൽ പോരേ?""
എന്റെ നിഷ്കളങ്കഭാവം കണ്ട് അദ്ദേഹം പൊട്ടിച്ചിരിച്ചു.
''വിഡ്ഢിത്തം പറയാതിരിക്കൂ സ്നേഹിതാ! ഒരുൾനാടൻ ഗ്രാമത്തിലേക്കാണ് നമ്മൾ പോകുന്നത്. അവിടെ അപരിചിതർ വിചിത്രജീവികളാണ്. തൃപ്തികരമായി വിശദീകരിച്ചില്ലെങ്കിൽ പണി പാളും. അപകടം വേറെയുമുണ്ട്. ചതുപ്പിൽ ചുറ്റിക്കറങ്ങുന്ന ശലഭ നിരീക്ഷകനെ അത്ര നിസാരനായി കണ്ടുകൂടാ...""
അപ്പോൾ മാത്രമാണ് എന്റെ തലച്ചോർ ഉണരുന്നത്.
''പ്രശസ്തി സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് എപ്പോഴും തടസമാണ്. താങ്കൾ ചാനലിൽ ഇപ്പോൾ നാലാളറിയുന്ന പഴ്സനാലിറ്റിയാണല്ലോ... ""
വിടർന്ന ചിരിയോടെ അദ്ദേഹം എന്നെ നോക്കി.
''ഈ വേഷമാകുമ്പൾ ഒറിജിനാലിറ്റി തോന്നിക്കുകയും ചെയ്യും.""
ഒരു ഓട്ടോയിൽ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലെത്തി. കണ്ണൂർ പാസഞ്ചറിൽ ചെറുവത്തൂരിറങ്ങുമ്പോൾ നാലുമണികഴിഞ്ഞിരുന്നു. മാധവൻ നായർ പറഞ്ഞുതന്ന വഴിയിലൂടെ കാമറയും തൂക്കി ഞങ്ങൾ നടന്നു. കഥകളിലും കാവ്യങ്ങളിലും വർണിച്ചിട്ടുള്ളതുപോലെ പ്രകൃതിരമണീയമായ ഗ്രാമദൃശ്യം. നോക്കത്താദൂരത്തോളം പാടങ്ങൾ പരന്നുനിവർന്നു കിടക്കുന്നു. വയൽപ്പരപ്പിന്റെ അങ്ങേയറ്റത്ത് നിതാന്തധ്യാനത്തിൽ ലയിച്ച് തേജസ്വിനിപ്പുഴ. കിഴക്കുഭാഗത്ത് ആകാശപ്പരപ്പിനെ കൈയെത്തിപ്പിടിക്കാൻ നോക്കുന്ന വീരമലക്കുന്ന്. പൃഥ്വി ഗ്രാമഭംഗി വീഡിയോ കാമറയിൽ പകർത്തികൊണ്ട് മുമ്പിൽ നടന്നു. പിറകേ നിഴൽ പോലെ ഞാനും.
നെൽപ്പാടങ്ങളുടെ അരികുപറ്റി റെയിൽപ്പാളത്തോട് ചേർന്നുകിടക്കുന്ന നാട്ടുവഴിയിലൂടെ പത്തുമിനിട്ട് നടന്നപ്പോൾ ചതുപ്പിലെത്തി. അവിടുന്നങ്ങോട്ട് യാത്ര അല്പം ആയാസത്തിലായി. പത്തുമിനിട്ട് കൂടി നടന്നപ്പോൾ തരിശിട്ട പാടത്തിനപ്പുറം ആതിഥേയൻ ഞങ്ങളെ കാത്തുനിൽക്കുന്നതുകണ്ടു. പശ്ചാത്തലത്തിൽ വെള്ളവലിച്ച കൊച്ചുവീട്.
എന്നെ പെട്ടെന്ന് തിരിച്ചറിഞ്ഞെങ്കിലും നായർ പൃഥ്വിയെ സൂക്ഷിച്ച് നോക്കുന്നത് കണ്ടു. കൂടെവന്ന അപരിചിതനെക്കണ്ട് അയാളുടെ മുഖം വാടി.
''സാറ് വന്നില്ലേ?""
ഉന്മേഷരഹിതനായി അയാൾ ചോദിച്ചു.
''ഏത് സാറിനെയാ നിങ്ങൾക്ക് വേണ്ടത്?""
കുസൃതിയോടെ അദ്ദേഹം ചോദിച്ചു.
''പൃഥ്വികാന്ത് സാ...""
അയാൾ വാചകം പൂർത്തിയാക്കുന്നതിനു മുമ്പ് അദ്ദേഹം മുഖത്തെ കണ്ണടയെടുത്തു.
''ഈശ്വരാ!""
അദ്ദേഹത്തിന്റെ വേഷപ്പകർച്ച കണ്ട് അയാൾ അമ്പരന്നു. പൃഥ്വി സിറ്റൗട്ടിൽ കയറിനിന്ന് ചുറ്റും നോക്കി. പിന്നീട് അയാളെക്കൂട്ടി അകത്ത് പ്രവേശിച്ചു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഭാര്യയേയും കുട്ടികളെയും രാവിലെതന്നെ തറവാട്ടുവീട്ടിലേക്കയച്ചുവെന്ന് അയാൾ പറഞ്ഞു. അപരിചിതരായ ഞങ്ങളുടെ സാന്നിദ്ധ്യവും പരിശോധനയുമൊക്കെ കാര്യമെന്തെന്നറിയാത്ത അവരിൽ പരിഭ്രാന്തി സൃഷ്ടിക്കുമെന്ന് മനസിലാക്കി മുൻകരുതലെടുത്ത മാധവൻ നായരെ അദ്ദേഹം അഭിനന്ദിച്ചു.
ആദ്യം വീടിന്റെ പുറമേ നടന്നുനോക്കാമെന്ന് പറഞ്ഞ് അദ്ദേഹം മുറ്റത്തേക്കിറങ്ങി. കാമറയോടൊപ്പമുള്ള ബൈനോക്കുലറിൽ പുറം കാഴ്ചകൾ അല്പനേരം നോക്കിനിന്നു. പാടത്തിനും ചതുപ്പിനും ഇടയിലുള്ള ചെറുതുരുത്തുകൾ പോലെ ഉയർന്നു നിൽക്കുന്ന മൺതിട്ടകളിൽ രണ്ടു കൊച്ചുവീടുകൾ. ഇടയ്ക്കുള്ള ചില തുരുത്തുകളിൽ മരാമത്ത് പണികൾക്കായി ശേഖരിച്ച മെറ്റീരിയലുകൾ ചിതറിക്കിടക്കുന്നു. മറ്റു ചില ഇടങ്ങളിൽ പണി തുടങ്ങിയശേഷം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഏതാനും കെട്ടിടാവശിഷ്ടങ്ങൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള ഏതോ ശ്മശാനഭൂമിയിൽ എത്തിപ്പെട്ടതുപോലെ എനിക്കു തോന്നി.
''പല കാലങ്ങളിലായി പലരും വീടു പണിയാൻ നോക്കി മനം മടുത്ത് ഉപേക്ഷിച്ചപോയതാണ് സാർ... കഷ്ടപ്പെട്ടു പണി തീർത്താലും പിന്നീടുള്ള ജീവിതവും തൊന്തരവാണെന്നു കണ്ട് കുറേപ്പേർ പിന്നെയും വന്നുപോയി. ഞങ്ങൾക്ക് പോകാൻ വേറെ ഇടമില്ലാത്തതുകൊണ്ട് ഇവിടെതന്നെ കൂടി...""
ചുറ്റുമുള്ള കാഴ്ചകൾ ഞാൻ കണ്ണിമയ്ക്കാതെ നോക്കിനിൽക്കുന്നതു കണ്ട അയാൾ തന്റെ നിസ്സഹായത വെളിപ്പെടുത്തി. വീട്ടിലേയ്ക്കുള്ള പ്രധാനവഴിയിലും പിറകിലൂടെ പാടത്തേക്കിറങ്ങുന്ന ഊടുവഴിയിലും ഇറങ്ങിനിന്ന് അദ്ദേഹം പരിസരം നിരീക്ഷിച്ചു. റെയിൽപ്പാളം സ്ഥിതിചെയ്യുന്ന ഭാഗത്ത് നിരനിരയായി നിൽക്കുന്ന കൈതച്ചെടികൾ അങ്ങോട്ടുള്ള വഴിയടച്ചിരുന്നു. അതുവഴി പുരയിടത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ വീണ്ടും മുൻവശത്തുള്ള വഴിയിലേക്ക് തിരിഞ്ഞു. എളുപ്പത്തിൽ വീട്ടിലെത്താനുള്ള വഴി അതാണെന്ന് മനസിലായി. പിറകിലെ ഊടുവഴിയിലൂടെയുള്ള യാത്രയും അത്ര സുഖകരമല്ല. ഞങ്ങൾ തിരിഞ്ഞ് നായർ കാണിച്ചുതന്ന ജനാലയ്ക്കരികിലെത്തി. അതിന്റെ പാളികൾ തുറന്നുനോക്കിയപ്പോൾ ജനലുകൾക്കൊന്നും അഴിയെറിഞ്ഞിട്ടില്ലെന്നു കണ്ടു. ജനൽ വാതിൽ തുറന്നാൽ ഒരാൾക്ക് അനായാസം അകത്തുകയറാം. ഒടിഞ്ഞ കൊളുത്തിനു പകരം പുതിയത് പിടിപ്പിച്ചിട്ടുണ്ട്.
''അഴി പിടിപ്പിക്കാത്ത ജനലുകളാണല്ലോ""
ഞാൻ പൃഥ്വിയുടെ പുറകിൽ നിന്ന് വെറുതെ വിളിച്ചുപറഞ്ഞു.
''അത്...അന്ന് വീടുപണി നടക്കുന്ന സമയത്ത് ഇവിടെയടുത്തുള്ള പഴയസ്കൂൾ കെട്ടിടം പൊളിക്കുന്നുണ്ടായിരുന്നു. അവിടന്ന് വാതിലും ജനലുമൊക്കെ സൗജന്യമായി കിട്ടിയതാ...""
ദൈന്യത മറയ്ക്കാൻ അയാൾ ഒന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. കിടപ്പുമുറിയും അടുക്കളയും വിശദമായി പരിശോധിച്ചശേഷം അദ്ദേഹം സ്വീകരണമുറിയിലെത്തി. പിറകെയെത്തിയ നായർ മേശ തള്ളിമാറ്റി ഭിത്തിയിലെ ചിത്രം കാണിച്ചുകൊടുത്തു. അത് വിശദമായി പരിശോധിച്ചശേഷം കീശയിൽ നിന്നും പെൻടോർച്ചെടുത്ത് ഭിത്തിയുടെ മറ്റുഭാഗങ്ങളിലും മുറി മുഴുവനും സൂക്ഷ്മമായി പരിശോധിക്കാൻ തുടങ്ങി.
അരമണിക്കൂറോളം നോക്കിയിട്ടും ഒന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും തൃപ്തിവരാതെ അദ്ദേഹം ഒരിയ്ക്കൽകൂടി ലെൻസിന്റെ സഹായത്തോടെ ഭിത്തിയിലും തറയിലും പരിശോധനയാരംഭിച്ചു. ടോർച്ചിന്റെ വൃത്താകാരത്തിലുള്ള പ്രകാശം ഓരോ ഇഞ്ച് സ്ഥലത്തും അരിച്ചുപെറുക്കി. ഒടുവിൽ മുറിയുടെ സീലിംഗിൽ ആ വെട്ടം ഒരു നിമിഷം ഉടക്കിനിന്നു. പെട്ടെന്ന് അദ്ദേഹത്തിന്റെ തൊണ്ടയിൽ നിന്നും ആഹ്ലാദസൂചകമായ ശബ്ദം ഉയർന്നു. ഞങ്ങൾ നോക്കിയപ്പോൾ മുറിയുടെ ഏകദേശം മധ്യത്തിലായി സീലിംഗിൽ പെൻസിൽകൊണ്ടു കോറിയിട്ട അവ്യക്തചിത്രം ടോർച്ച് വെളിച്ചത്തിൽ തെളിഞ്ഞു. ഭിത്തിയിലുള്ള അതേ ചിത്രം! വൃത്തത്തിനുള്ളിൽ ഗുണന ചിഹ്നം!
പൃഥ്വി ഞങ്ങളെ നോക്കി. തന്റെ നിഗമനം ശരിയായതിലുള്ള അഭിമാനം ആ മുഖത്ത് ഞാൻ വായിച്ചു.
''സ്റ്റൂളിലും മേശപ്പുറത്തും കാല്പാടുകൾ വന്നതെങ്ങനെയെന്ന് ഇപ്പോൾ മനസിലായില്ലേ?""
പുതിയൊരു കണ്ടുപിടിത്തം നടത്തിയ കൊച്ചുകുട്ടിയുടെ ആഹ്ലാദത്തോടെ അദ്ദേഹം ചോദിച്ചു.
''സീലിംഗിൽ കൈ തൊടാൻ മേശയുടെ ഉയരം മതിയാവില്ല. സ്റ്റൂൾ കയറ്റിവച്ച് അതിനു മുകളിൽ കയറി നിന്നതാവണം.""
അദ്ദേഹം പറഞ്ഞു,.
''അതുകൊണ്ടാവണം ചിത്രത്തിന് ക്ലാരിറ്റിയില്ലാത്തത്.""
''അല്ല സാർ! അയാൾ വല്ല പ്രാന്തനുമായിരിക്ക്വോ, എന്റെ വീട് തേടിപ്പിടിച്ചുവന്ന് ഇങ്ങനെയൊരു പണിയൊപ്പിക്കാൻ? ""
സമനില നഷ്ടപ്പെട്ടവനെ പോലെ മാധവൻ നായർ ഇരുചെന്നിയിലും അമർത്തിച്ചൊറിഞ്ഞു.
''ചില ഭ്രാന്തിനു പുറകിൽ നിഗൂഢലക്ഷ്യങ്ങളുണ്ടായിരിക്കും...""
തന്റെ പരിശോധന തുടർന്നുകൊണ്ട് അദ്ദേഹം പ്രതിവചിച്ചു.
''ഏതായാലും നമ്മുടെ ചങ്ങാതി പ്രേതത്തിൽനിന്നും പ്രാന്തിലേയ്ക്ക് മാറി. താങ്ക് ഗോഡ് ""
ഞാൻ പൃഥ്വിയുടെ കാതിൽ ഒരു തമാശ പറഞ്ഞു. അദ്ദേഹം പൊട്ടിയചിരി ചുണ്ടിലൊളിപ്പിച്ചു.
പൃഥ്വി തറയിലും പരിശോധനയാരംഭിച്ചു. ചുവരിലെ ചിത്രത്തിനടുത്തു നിന്ന് മൂന്നടിയോളം മുമ്പോട്ട് നടന്ന് സീലിംഗിലെ പടത്തിന് കീഴെയെത്തി ചുറ്റും നോക്കി. പെട്ടെന്നെന്തോ മസ്തിഷ്കത്തിൽ തടഞ്ഞതുപോലെ അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി പ്രത്യക്ഷപ്പെട്ടു.
''നമുക്ക് പോകാം...""
അദ്ദേഹം പുറത്തേക്ക് നടന്നു.
''എന്തു പറ്റി സാർ? ""
പെട്ടെന്നുള്ള അദ്ദേഹത്തിന്റെ പ്രതികരണത്തിൽ അത്ഭുതം കൂറി നായർ ചോദിച്ചു.
''അന്വേഷണം പൂർത്തിയായി!""
''ങേ?""
മാധവൻ നായരോടൊപ്പം ഞാനും അമ്പരന്നു.
''അതേ, പിന്നൊരുകാര്യം! ജോലിസ്ഥലത്ത് നിങ്ങളെഅന്വേഷിച്ച് ഇനി ഫോൺവന്നാൽ അപ്പോൾതന്നെ എന്നെ അറിയിക്കണം. ആര് ചോദിച്ചാലും ഞങ്ങൾ ടി.വിക്കാര് വീഡിയോ പിടിക്കാൻ വന്നതാണെന്നേ പറയാവൂ. പുഴയെപ്പറ്റിയും ചതുപ്പിനെ പറ്റിയുമൊക്കെ കുറേ ചോദ്യങ്ങൾ ചോദിച്ചു എന്നു പറയണം...""
അയാൾ തലയാട്ടി.
''ഞാൻ ഒരു ഫോട്ടോ നിങ്ങളുടെ മൊബൈൽ ഫോണിലേക്കയക്കാം. അത് ഭാര്യയെ കാണിച്ച് അതുതന്നെയാണോ ചതുപ്പിൽകണ്ട ശലഭനിരീക്ഷകൻ എന്ന് ചോദിക്കണം. ഓകെ!""
അയാൾ വീണ്ടും തലയാട്ടി.
ഇറങ്ങാൻ നേരം പൃഥ്വി ചോദിച്ചു:
''ഭാര്യയും കുട്ടികളും ഇന്നുതന്നെ തിരിച്ചുവരുമായിരിക്കും അല്ലേ? ""
''എന്താ സാർ?വല്ല കുഴപ്പവുമുണ്ടോ?""
''ഹേയ്! നിങ്ങൾ ഭയപ്പെടാതിരിക്കൂ! ആർക്കും അപകടമൊന്നുമുണ്ടാവില്ല. അവർ വരുന്നില്ലെങ്കിൽ നിങ്ങളിന്നു ജോലിക്ക് പോകരുത്. വീട്ടിൽ ഏതു സമയത്തും ആളുണ്ടാവണം. ഇറ്റ്സ് ഇംപോർട്ടന്റ്.""
ആ പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ അയാൾ അദ്ദേഹത്തെ തുറിച്ചുനോക്കി.
''രാത്രി കാലങ്ങളിൽ ആരും വീട്ടിൽ നിന്നും പുറത്തിറങ്ങരുത്. ഓകെ! സിറ്റൗട്ടിൽ വച്ച കാമറയടങ്ങുന്ന ബാഗ് കൈയിലെടുത്ത് ഇറങ്ങുമ്പോൾ തിരിഞ്ഞുനിന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഒന്നുകൊണ്ടും ഭയപ്പെടേണ്ട, ജാഗ്രത മതി..! ""
ഞങ്ങൾ പാടത്തേക്കിറങ്ങി.
''നമ്മുടെ ഈ വരവുകൊണ്ട് ഉദ്ദേശിച്ചതിലും കൂടുതൽ പ്രയോജനം താങ്കൾക്ക് ലഭിച്ചെന്നു തോന്നുന്നല്ലോ-""
മടക്കയാത്രയിൽ അദ്ദേഹത്തിന്റെ  മുഖത്ത് ഉന്മേഷം ഓളമടിക്കുന്നതുകണ്ട് ഞാൻ ചോദിച്ചു.
''ഷുവർ! പക്ഷേ ഒന്നുണ്ട്. ഈ കേസ് എപ്പോൾ തീരണമെന്നത് ഞാനല്ല; ആ കള്ളനാണ് തീരുമാനിക്കേണ്ടത്.""
'' അതെന്താ?""
ആ പറഞ്ഞതിന്റെ പൊരുൾ പിടികിട്ടാതെ ഞാൻ വർദ്ധിച്ചുവന്ന ആശ്ചര്യത്തോടെ അദ്ദേഹത്തെ നോക്കി.
'' പറയാം...പക്ഷേ നമുക്കീ ചതുപ്പിനടത്തുള്ള വീടിന്റെ നിഗൂഢതകളിലേക്ക് രാത്രിയുടെ മറപറ്റി ഒരിക്കൽകൂടി വരേണ്ടിവരും.""
ആശയലഭ്യതയുടെ അപൂർവഘട്ടങ്ങളിൽ സ്ഥിരമായി പ്രത്യക്ഷപ്പെടാറുള്ള ആ ഗൂഢമന്ദസ്മിതം ഒരിയ്ക്കൽകൂടി അദ്ദേഹത്തിന്റെ മുഖത്ത് മിന്നിമറയുന്നത് അപ്പോൾ ഞാൻ കണ്ടു.
പിന്നീട് ചോദ്യങ്ങളൊന്നും ചോദിച്ചില്ല. ചില നേരങ്ങളിൽ അദ്ദേഹത്തിന്റെ ചിന്തകളും സംഭാഷണരീതികളും അങ്ങനെയാണ്. ദുരൂഹതകൾ വട്ടമിട്ടുനിൽക്കുന്ന വാക്കുകളും പ്രവൃത്തികളും മറ്റുള്ളവർക്ക് മനസിലായെന്നു വരില്ല. ക്ഷമയോടെ കാത്തിരിക്കുകയേ നിവർത്തിയുള്ളൂ. സമയമെത്തുമ്പോൾ യക്ഷിക്കഥകളിലെന്നപോലെ എല്ലാം ചുരുൾ നിവർന്നുവരും.
പിന്നീടുള്ള ഒരാഴ്ചകാലം സംഭവരഹിതമായി കടന്നുപോയി. കേസിന്റെ കാര്യം തന്നെ പാടേ വിസ്മരിച്ചതുപോലെയാണ് അദ്ദേഹം പെരുമാറിയത്. തന്റെ പതിവ് രീതികളിലേക്ക് മടങ്ങി ദിവസങ്ങൾ തള്ളിനീക്കി. മുനിസിപ്പൽ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ വരുത്തുകയും തന്റെ ഗിറ്റാറുമായി മണിക്കൂറുകളോളം സല്ലപിക്കുകയും ചെയ്തു. പക്ഷേ, ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു; ആഴ്ചയിൽ രണ്ടും മൂന്നുംതവണ നഗരത്തിലെ തിയേറ്ററുകൾ മുടക്കമില്ലാതെ സന്ദർശിക്കുമായിരുന്ന പൃഥ്വി അക്കാലത്ത് അങ്ങോട്ടു തിരിഞ്ഞു നോക്കിയതേയില്ല! പുതിയ മൂന്നു ചിത്രങ്ങൾ ആ വാരം റിലീസായിട്ടു പോലും! സന്ധ്യയായാൽ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങാതെ ആരെയോ പ്രതീക്ഷിച്ചെന്നപോലെ രാത്രി ഏറെ വൈകുവോളം പുസ്തകങ്ങളും സംഗീതവുമായി കഴിച്ചുകൂട്ടും. അങ്ങനെ ഇരിക്കുമ്പോഴും കൂടെക്കൂടെ ഫോൺ ഇരിക്കുന്ന ഭാഗത്തേക്കും മൊബൈലിലേക്കും ദൃഷ്ടികൾ പായിക്കുന്നതും കണ്ടു.
ഞാനാണെങ്കിൽ ചാനലുമായി ബന്ധപ്പെട്ട തിരക്കിലുമായി. രണ്ടുമൂന്ന് ദിവസം ഫ്ലാറ്റിൽ പോകാനോ പൃഥ്വിയെ കാണാനോ കഴിഞ്ഞില്ല. പല ദിവസങ്ങളിലും ജോലി തീരുമ്പോൾ രാത്രി ഏറെ വൈകിയതിനാൽ ഓഫീസിലും തൊട്ടടുത്തുള്ള വാടകവീട്ടിലുമായി രാത്രി കഴിച്ചുകൂട്ടി. ഒഴിവ് കിട്ടുമ്പോൾ ഫ്ലാറ്റിലെത്തിയെങ്കിലും അപ്പോഴൊക്കെ അദ്ദേഹം തന്റെ പ്രിയപ്പെട്ടപാട്ടുകൾ ആസ്വദിച്ചും പുസ്തകങ്ങളിൽ മുഴുകിയും ഗിറ്റാറുമായി സല്ലപിച്ചിരിക്കുന്നതുമാണ് കണ്ടത്. ആ ദിവസങ്ങളിലൊന്നും കേസിനെപ്പറ്റി സംസാരിച്ചതേയില്ല. ചില നേരങ്ങളിൽ എന്റെ സാമീപ്യം തന്നെ വിസ്മരിച്ചതുപോലെയായിരുന്നു അദ്ദേഹത്തിന്റെ പെരുമാറ്റം.
ഒരാഴ്ച കഴിഞ്ഞപ്പോൾ കൃത്യമായി പറഞ്ഞാൽ ഡിസംബർ 31ന് പുതുവർഷത്തലേന്ന് രാത്രി എട്ടുമണിയായപ്പോൾ എന്റെ സെൽഫോണിൽ പൃഥ്വിയുടെ റിംഗ്ടോൺ ശബ്ദിച്ചു. ജോലിത്തിരക്കില്ലെങ്കിൽ ഉടൻ എത്തണമെന്നും ഇന്നുരാത്രി പണിയുണ്ടെന്നും അദ്ദേഹം പറഞ്ഞപ്പോൾ എനിക്കുത്സാഹമായി. ഓഫീസിലെ സീനിയർ സ്റ്റാഫിനെ ചുമതലകൾ ഏല്പിച്ച് എന്റെ ബൈക്കിൽ ഫ്ലാറ്റിലെത്തി. അദ്ദേഹം എന്നെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.
(തുടരും)