
ഭാരതത്തിന്റെ തെക്കുഭാഗത്ത് ഒരിക്കൽ കഠിനമായ വരൾച്ച ബാധിച്ചു. മഹർഷിമാരുടെയും ജനങ്ങളുടെയും പക്ഷിമൃഗാദികളുടെയും പ്രയാസം മനസിലാക്കിയ അഗസ്ത്യൻ കൈലാസത്തിലെത്തി ശിവനെ വണങ്ങി കുറച്ച് ജലം ശേഖരിച്ച് വരുന്നതിനായി യാത്രയായി. അഗസ്ത്യന്റെ ആവശ്യം ന്യായമാണെന്നു തോന്നിയ കരുണാമയനായ ശിവൻ തന്റെ സമീപം പ്രാർത്ഥിച്ചുകൊണ്ടു നിന്ന കാവേരി ദേവിയോട് ഭാരതത്തിന്റെ തെക്കേ അറ്റത്തുപോയി ഒരു നദിയായി ഒഴുകാമോ എന്നു ചോദിച്ചു. ശിവഭക്തയായ കാവേരി ഉടൻതന്നെ സമ്മതമറിയിച്ചു. ശിവൻ കാവേരിയെ ജലമാക്കി അഗസ്ത്യന്റെ കമണ്ഡലുവിലാക്കി കൊണ്ടു പോകാൻ അനുഗ്രഹിച്ചു. അഗസ്ത്യന്റെ ഈ നടപടി ഇന്ദ്രന് രസിച്ചില്ല. കുസൃതി ഒപ്പിക്കാൻ സമർത്ഥനായിരുന്ന ഗണപതിയെ ഇന്ദ്രൻ കൂട്ടുപിടിച്ച് തരം കിട്ടുമ്പോൾ കമണ്ഡലു തട്ടിമറിച്ച് ജലം പുറത്തേക്ക്കളയാൻ പ്രേരിപ്പിച്ചു. ഒരു കുസൃതിക്കുള്ള അവസരം കിട്ടിയ ഗണപതി, കളി അഗസ്ത്യനോടാണെന്ന് അന്നേരം ചിന്തിച്ചില്ല. ഒരു കാക്കയുടെ രൂപം സ്വീകരിച്ച ഗണപതി അവസരം നോക്കി അഗസ്ത്യന്റെ പിന്നാലെ കൂടി. വഴിയിൽ വച്ച് കുളിയും സന്ധ്യാവന്ദനവും ചെയ്യുന്നതിനായി കമണ്ഡലും ഒരു പാറയുടെ പുറത്തുവച്ച അഗസ്ത്യൻ നദിയിലേക്കിറങ്ങുമ്പോൾ കാക്ക കമണ്ഡലു കൊത്തിമറിച്ച് ജലമെല്ലാം പുറത്തേക്കൊഴുക്കി. കമണ്ഡലും മറിഞ്ഞുവീണ ശബ്ദം കേട്ട് തിരിഞ്ഞുനോക്കിയ അഗസ്ത്യന് മറിഞ്ഞു കിടക്കുന്ന കമണ്ഡലുവും സമീപത്തൊരു കാക്കയേയുമാണ് കാണാൻകഴിഞ്ഞത്. അടുത്തനിമിഷം അഗസ്ത്യൻ കാക്കയെ പിടികൂടി. കളി കാര്യമാകുമെന്ന് മനസിലാക്കിയ ഗണപതി അഗസ്ത്യന്റെ അടുത്ത നടപടിക്കു മുമ്പായി സ്വന്തം രൂപം സ്വീകരിച്ച് അഗസ്ത്യനോട് മാപ്പു പറഞ്ഞ് കമണ്ഡലു വീണ്ടും പുണ്യജലം കൊണ്ടു നിറച്ചുകൊടുത്തു. പെട്ടെന്ന് അവിടെ പ്രത്യക്ഷനായ സുബ്രഹ്മണ്യന്റെ അപേക്ഷയെ തുടർന്ന് ഗണപതിയെ തത്ക്കാലം അഗസ്ത്യൻ വെറുതേ വിട്ടു. ഭാരതത്തിന്റെ തെക്കുഭാഗത്തെത്തിയ അഗസ്ത്യൻ ഇപ്പോഴത്തെ കർണാടകത്തിന്റെ അതിർത്തിയിലെത്തി ഭക്തിപൂർവം കമണ്ഡലു ചരിച്ചൊഴിച്ച് ഒരു പുതിയ നദി സൃഷ്ടിച്ചു. ഇത് കാവേരി നദിയായി തെക്കേ ഭാരതത്തിൽ ഒഴുകാൻ തുടങ്ങി. ഇതോടെ തെക്കേ ഭാരതത്തിൽ വരൾച്ച കൊണ്ടുള്ള ദുരിതം ഒരുപരിധിവരെ ഒഴിവായികിട്ടി.
മഹാഭാരതയുദ്ധം കഴിഞ്ഞ് നടന്ന സംഭവങ്ങളിൽ അസ്വസ്ഥനായ വ്യാസന്റെ ഹൃദയം ദുഃഖത്താൽ ആർദ്രമായി. നടന്ന സംഭവങ്ങൾ ഒന്നൊന്നായി മനസിൽ പൊന്തി വരാൻ തുടങ്ങി. ധൃതരാഷ്ട്രർ സ്വന്തം പുത്രനും കൗരവർ സ്വന്തം പൗത്രന്മാരും ആയിരുന്നിട്ടും അവർ സ്വന്തം ബുദ്ധിയും വിവേകവും ഉപയോഗിച്ച് ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യട്ടെ എന്നു ചിന്തിച്ച വ്യാസൻ ഒരു കാര്യത്തിലും അവരെ ശാസിക്കുകയോ തിരുത്താനോ തയ്യാറായില്ല. ഒരു സാധാരണ സന്ദർശകനെപ്പോലെ ഇടക്കിടെ ഹസ്തിപുരത്തിൽ വരികയും സംഭവങ്ങളുടെ സ്ഥിതിഗതികൾ വീക്ഷിക്കുകയും ചെയ്തിരുന്നു. സംഭവിക്കാൻ പോകുന്നതെല്ലാം വ്യക്തമായി മുൻകൂട്ടി മനസിലാക്കാൻ കഴിഞ്ഞിരുന്ന വ്യാസൻ ഒക്കെ വിധിപോലെ നടക്കട്ടെ എന്ന നിലപാടിലായിരുന്നു. കഴിഞ്ഞകാല സംഭവങ്ങൾ ഒരു കാവ്യത്തിന്റെ രൂപത്തിൽ വ്യാസമനസിൽ തയ്യാറായി. ഇതിനെ ഒരു ഗ്രന്ഥരൂപത്തിലാക്കണമെങ്കിൽ എഴുതാൻ പ്രാപ്തനായ ഒരാളെ കണ്ടെത്തണം. വ്യാസന്റെ നോട്ടത്തിൽ പകർത്തിയെഴുതാൻ പ്രാപ്തിയുള്ള ഒരാളേയും കണ്ടെത്താൻ കഴിഞ്ഞില്ല. നിരാശനാകാതെ വ്യാസൻ ബ്രഹ്മാവിനെ സമീപിച്ചു. തന്റെ ആഗ്രഹം ഉണർത്തിച്ചു. ഗണപതിക്ക് മാത്രമേ വ്യാസന്റെ മനസിൽ രൂപം കൊണ്ട കാവ്യം പകർത്താൻ കഴിയൂ എന്നു മനസിലാക്കിയ ബ്രഹ്മാവ് ഗണപതിയെ സ്മരിച്ചു വരുത്തി.
ബ്രഹ്മസമക്ഷം എത്തിയ ഗണപതിയോട് വിളിച്ചുവരുത്തിയതിന്റെ ഉദ്ദേശം ബ്രഹ്മാവ് ധരിപ്പിച്ചു. വ്യാസനെപ്പോലുള്ള ഒരാളിന്റെ പകർത്തെഴുത്തുകാരൻ ആകാൻ എന്തോ കുറവ് തോന്നിയ ഗണപതി വയ്യ എന്ന മറുപടി പറയുന്നതിനുപകരം എഴുത്താണി നിറുത്താതെ അഭങ്കുരം കാവ്യം ചൊല്ലാൻ വ്യാസന് കഴിയുമെങ്കിൽ അത് പകർത്താൻ താൻ തയ്യാറാണെന്ന് ഗണപതി ബ്രഹ്മാവിനെ അറിയിച്ചു. ബ്രഹ്മാവ് വ്യാസനെ നോക്കി. കാവ്യം തുടർച്ചയായി ചൊല്ലാമെന്നും എന്നാൽ എഴുതുന്ന ഓരോ ശ്ലോകത്തിന്റെയും അർത്ഥം മനസിലാക്കി മാത്രമേ അടുത്ത ശ്ലോകം എഴുതാവൂ എന്നൊരുപാധി വ്യാസനും ഉന്നയിച്ചു. ബ്രഹ്മാവിന്റെ മുമ്പിൽ കുഴങ്ങിയ ഗണപതിക്ക് വ്യാസന്റെ ഉപാധി അംഗീകരിക്കേണ്ടിവന്നു.
ചില ശ്ലോകങ്ങൾ എഴുതുമ്പോൾ അർത്ഥം മനസിലാക്കാനായി ഗണപതിക്ക് സമയം വേണ്ടിവരും. ഈ സമയത്ത് അടുത്ത ശ്ലോകം വ്യാസൻ മനസിൽ തെറ്റുകൂടാതെ ക്രമീകരിക്കുകയും ചെയ്യും. ഇങ്ങനെ പരസ്പര ധാരണയിൽ മൂന്നുവർഷം കൊണ്ട് ഭാരതകഥ വ്യാസൻ ചൊല്ലിതീർക്കുകയും ഗണപതി അത് എഴുതിതീർക്കുകയും ചെയ്തു.
ഇങ്ങനെ വ്യാസനാൽ ചൊല്ലപ്പെട്ടതും ഗണപതിയാൽ വിരചിതവുമായ മഹാഭാരത കാവ്യം പോലെ മറ്റൊരു കാവ്യം ഭാരതത്തിലെന്നല്ല ലോകത്ത് മറ്റൊരിടത്തും പിന്നീട് ഉണ്ടായിട്ടില്ല. ഇത്രയേറെ കഥാപാത്രങ്ങളും സംഭവങ്ങളും കാലവം ക്രമം തെറ്റാതെ ഒരാളിന്റെ മനസിൽ എങ്ങനെ രൂപം കൊണ്ടു എന്നത് ലോക സാഹിത്യകാരന്മാരെ അത്ഭുതപ്പെടുത്തുന്ന ഒരു പ്രതിഭാസമായി ഇന്നും നിലകൊള്ളുന്നു. ഒരു പക്ഷേ ലോകാവസാനം വരെ ഈ പ്രതിഭാസം ഇങ്ങനെ നിലനിന്നെന്നും വരാം.
(ലേഖകന്റെ ഫോൺ: 9447750159)