face-hand-transplant

വാഹനാപകടത്തിൽ മുഖവും കൈകളും നഷ്ടപ്പെട്ട ഇരുപത്തിരണ്ടുകാരന് പുതുജീവൻ നൽകി എൻവൈയു ലംഗോൺ ഹെൽത്തിലെ (NYU Langone Health, NewYork) മെഡിക്കൽസംഘം. ന്യൂ ജേഴ്സിയിൽ നിന്നുളള ജോ ഡിവീഗോയുടെ മുഖവും കൈകളും ഡോക്ടർമാർ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ചു. ഇത്തരത്തിൽ നടത്തിയിട്ടലുളളതിൽ വിജയകരമായി തീർന്ന ലോകത്തിലെ ആദ്യത്തെശസ്ത്രക്രിയയാണിതെന്ന് ഡോക്ടർമാരുടെ സംഘം അറിയിച്ചു.

2018 ലാണ് ജോ ഡിവീഗോയ്ക്ക് അപകടം സംഭവിച്ചത്. രാത്രി ഷിഫ്റ്റിലെ ജോലി കഴിഞ്ഞ് കാറിൽ മടങ്ങവെ ഉറങ്ങിപ്പോയതാണ് അപകടകാരണമായത്. കീഴ്‌മേൽ മറിഞ്ഞ കാറിലുണ്ടായ സ്‌ഫോടനത്തിൽ ശരീരത്തിന്റെ 80 ശതമാനത്തോളം പൊളളലേറ്റിരുന്നു. ജോയ്ക്ക് കൈവിരലുകളും ചുണ്ടുകളും കൺപോളകളും അപകടത്തിൽ നഷ്ടമായി.

2020 ഓഗസ്റ്റ് 12 ന് നടന്ന സങ്കീർണമായ അവയവമാറ്റ ശസ്ത്രക്രിയയിലൂടെയാണ് ജോയെ ഡോക്ടർമാർ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. ആറ് വിദഗ്ദ്ധർ 23 മണിക്കൂർ കൊണ്ടാണ് ശസ്ത്രക്രിയ പൂർത്തിയായത്. ആശുപത്രിയിലെ വദനമാറ്റ ശസ്ത്രക്രിയ വിഭാഗം മേധാവി എഡ്യൂർഡോ റോഡ്രിഗ്വിസ് ആണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. നെറ്റി, പുരികം, ചെവികൾ, മൂക്ക്, കൺപോളകൾ, ചുണ്ട്, കവിളുകൾ, തലയോട്ടി, മൂക്ക്, താടി തുടങ്ങിയ ഭാഗത്തെ അസ്ഥികൾ തുടങ്ങി ജോയുടെ മുഖം പൂർണമായും മാറ്റി വെച്ചു, പിന്നീട് രണ്ട് കൈകളും മാറ്റി വെക്കുകയായിരുന്നു.

തനിക്ക് പുതുജീവിതം നൽകിയ മെഡിക്കൽ സംഘത്തിനും കുടുംബത്തിനും തനിക്ക് മുഖവും കൈകളും നൽകിയ അജ്ഞാതദാതാവിന്റെ കുടുംബത്തിനും ജോ നന്ദിയറിയിച്ചു. കുഞ്ഞുങ്ങൾ സാധനങ്ങൾ ആദ്യമായി പിടിക്കുന്നതു പോലെയാണ് താൻ വസ്തുക്കൾ പുതിയ കൈകളുപയോഗിച്ച് എടുക്കാൻ ശ്രമിക്കുന്നത്. കുറച്ചുകാലം ഇല്ലാതിരുന്ന കൈകൾ വീണ്ടുമുപയോഗിക്കേണ്ടി വരുന്നതിന്റെ ചില പ്രയാസങ്ങളേയുള്ളുവെന്നും അത് താമസിയാതെ മാറുമെന്നും ജോ പറയുന്നു.

ലോകത്തിന്ന് വരെ നടന്ന മുഖവും കൈകളും ഒരുമിച്ച് മാറ്റി വെച്ച രണ്ട് ശസ്ത്രക്രിയകളും പരാജയപ്പെട്ടിരുന്നു. ഒരു രോഗി ശസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബാധ കാരണം മരിച്ചു. മറ്റെയാളുടെ മാറ്റി വെച്ച കൈകൾ പ്രവർത്തനക്ഷമമാവാത്തതിനെ തുടർന്ന് പിന്നീട് നീക്കം ചെയ്തിരുന്നു. പൂർണമായും ചേർച്ചയുള്ള ദാതാവിനെ ലഭിക്കേണ്ടതാണ് ഇത്തരം ശസ്ത്രക്രിയകളുടെ വെല്ലുവിളി.