
ന്യൂഡൽഹി: കർഷക സമരത്തിനെതിരെ അന്താരാഷ്‌ട്ര തലത്തിൽ നടക്കുന്ന പ്രചാരണങ്ങളെ ചെറുക്കണമെന്ന് എംബസികൾക്ക് നിർദ്ദേശം നൽകി കേന്ദ്രസർക്കാർ. കർഷക സമരത്തിന് അനുകൂലമായി പ്രതികരിക്കുന്ന വിവിധ രാജ്യങ്ങളെ കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണം. രാജ്യങ്ങളിലുളള ഇന്ത്യൻ സമൂഹത്തെ ഒപ്പം നിർത്തണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
അതിനിടെ കർഷകർക്ക് വേണ്ടിയുളളതാണ് പുതിയ കാർഷിക നിയമങ്ങളെന്നും അത് നടപ്പാക്കുന്നതിൽ നിന്ന് പിന്നോട്ട് പോകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇക്കാര്യം തിങ്കളാഴ്‌ച പാർലമെന്റിൽ പ്രധാനമന്ത്രി അറിയിച്ചേക്കും. അതേസമയം സമരം ചെയ്യുന്ന കർഷകരെ ഗാസിപ്പൂരിലെ സമരഭൂമിയിൽ കോൺഗ്രസിതര പാർലമെന്റംഗങ്ങൾ സന്ദർശിക്കാൻ പുറപ്പെട്ടു.
സിപിഎം എം.പി എ.എ ആരിഫ്, ആർഎസ്‌പിയിലെ എൻ.കെ പ്രേമചന്ദ്രൻ, ഡിഎംകെ എം.പിമാർ കനിമൊഴി, തിരുച്ചി ശിവ, ശിരോമണി അകാലിദൾ എം.പി ഹർസിമ്രത് കൗർ ബാദൽ, തൃണമൂൽ കോൺഗ്രസ് എം.പിമാർ എന്നിവരടങ്ങുന്നതായിരുന്നു സംഘം. ഇവരെ പൊലീസ് തടഞ്ഞു. കാൽനടയാത്രക്കാരെ പോലും തടയുന്ന സംവിധാനങ്ങളൊരുക്കിയതിനാലാണ് ഇവർക്ക് മുന്നോട്ട് പോകാനാകാത്തത്. അതേസമയം പൊലീസിന് നൽകിയ 576 ബസുകൾ ഡൽഹി സർക്കാർ തിരികെ വിളിച്ചു. ഇതിൽ 40 എണ്ണം നശിപ്പിക്കപ്പെട്ടതായി സർക്കാർ ഡൽഹി പൊലീസിനെ കുറ്റപ്പെടുത്തി.