narendra-modi

ലഖ്‌നൗ: കർഷകർക്ക് വേണ്ടിയാണ് കാർഷിക നിയമങ്ങളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ ഉന്നമനത്തിനായാണ് പുതിയ നിയമങ്ങൾ കൊണ്ടു വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ചൗരി- ചൗര സംഭവത്തിന്റെ നൂറാം വാർഷിക ആഘോഷങ്ങൾ വീഡിയോ കോൺഫറന്‍സ് വഴി ഉദ്ഘാടനം ചെയ്യവെയാണ് മോദി കാർഷിക നിയമങ്ങളെ കുറിച്ച് പറഞ്ഞത്. ഉത്തർപ്രദേശിലെ ഗോരക്പുരിലാണ് വാർഷിക ആഘോഷങ്ങൾ.

കാർഷിക നിയമങ്ങൾ നടപ്പിലാക്കുക തന്നെ ചെയ്യുമെന്ന സൂചനകൾ നൽകിയായിരുന്നു മോദിയുടെ പ്രസംഗം. ഉത്പന്നങ്ങൾ എവിടെയും വിൽക്കാനുളള സ്വാതന്ത്ര്യം പുതിയ നിയമം വഴി സാദ്ധ്യമായെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്ക് പിന്നിൽ കർഷകരാണ്. ചൗരി-ചൗര സംഭവത്തിൽ പോലും അവരുടെ പങ്ക് സുപ്രധാനമായിരുന്നുവെന്നും മോദി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ആറ് വർഷമായി കർഷകരുടെ ക്ഷേമത്തിനായി നിരവധി പ്രവർത്തനങ്ങൾ കേന്ദ്രസർക്കാർ നടത്തി. അതുകൊണ്ടു തന്നെ കൊവിഡ് മഹാമാരി സമയത്ത് പോലും കാർഷിക മേഖലയ്‌ക്ക് വളർച്ച കൈവരിക്കാൻ സാധിച്ചുവെന്നും മോദി കൂട്ടിച്ചേർത്തു.