
ഇന്ത്യ - ഇംഗ്ളണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്ന് ചെന്നൈയിൽ തുടക്കം
ചെന്നൈ : പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് ആസ്ട്രേലിയയിൽ ചെന്ന് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ചരിത്രത്തിന്റെ നെറുകയിൽ വിജയതിലകം ചാർത്തിയ ഇന്ത്യൻ ടീമിന് ഇനി ഇംഗ്ളീഷ് പരീക്ഷ. സ്വന്തം മണ്ണിൽ ഇംഗ്ളീഷുകാരെ കീഴടക്കിയാൽ ഇംഗ്ളണ്ടിൽ ചെന്ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ന്യൂസിലാൻഡിനെതിരെ കളിക്കാൻ അവസരമൊരുങ്ങും എന്നതാണ് ഈ പരമ്പരയ്ക്ക് വീര്യം പകരുന്നത്. അച്ഛനായ ശേഷമുള്ള ആദ്യ ടെസ്റ്റിൽ ഇന്ത്യയെ നയിക്കാൻ വിരാട് കൊഹ്‌ലി എത്തുന്നതാണ് ഇന്ത്യൻ ടീമിന്റെ പ്ളസ് പോയിന്റ്. ശ്രീലങ്കയിൽ രണ്ട് ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ, തുരുതുരാ സെഞ്ച്വറികൾ അടിച്ചുകൂട്ടിയ ജോ റൂട്ടിന്റെ നേതൃത്വത്തിലാണ് ഇംഗ്ളണ്ട് ഇറങ്ങുന്നത്. റൂട്ടിന്റെ കരിയറിലെ നൂറാം ടെസ്റ്റ് എന്ന നാഴികക്കല്ലിന്കൂടിയാണ് ചെന്നൈയിൽ വേദിയൊരുങ്ങുന്നത്.
ആസ്ട്രേലിയയിലെ അശ്വമേധം തന്നെയാണ് ഇന്ത്യയുടെ ആത്മവിശ്വാസം. അഡ്‌ലെയ്ഡിലെ ആദ്യ ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്സിൽ 36 റൺസിന് ചുരുട്ടിക്കൂട്ടപ്പെട്ട അവസ്ഥയിൽ നിന്നാണ് 2-1ന് പരമ്പര ജേതാക്കളായി ഇന്ത്യ ഉയിർത്തെണീറ്റത്. വിരാട് കൊഹ്‌ലിയുടെ അഭാവത്തിലായിരുന്നു അവസാന മൂന്ന് ടെസ്റ്റുകളിൽ രണ്ട് വിജയങ്ങളും ഒരു വിജയതുല്യമായ സമനിലയും ഇന്ത്യ നേടിയെടുത്തത് എന്നതാണ് ആസ്ട്രേലിയയിലെ പോരാട്ടത്തെ വേറിട്ടുനിറുത്തുന്നത്. മാത്രവുമല്ല പരിക്കുമൂലം മുൻനിര താരങ്ങളെ മിക്കവരെയും നഷ്ടമായപ്പോൾ പരിമിതമായ സ്രോതസുകളെ പ്രയോജനപ്പെടുത്തിയാണ് കംഗാരുക്കളുടെ ഉരുക്കുകോട്ടയായ ബ്രിസ്ബേനിൽ ഉൾപ്പടെ അവരെ തോൽപ്പിച്ചുകളഞ്ഞത്.
ടീമെന്ന നിലയിൽ ഒട്ടേറെ പോസിറ്റീവുകളാണ് ആസ്ട്രേലിയൻ പര്യടനം ഇന്ത്യയ്ക്ക് നൽകിയിരിക്കുന്നത്. നിശബ്ദനായ പോരാളിയായി വിലയിരുത്തപ്പെട്ടിരുന്ന അജിങ്ക്യ രഹാനെയിൽ ഒളിഞ്ഞിരുന്ന നേതൃപാടവം വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവന്ന പ
മ്പരയായിരുന്നു അത്. ഈ പരമ്പരയിൽ ഉപനായകനായാണ് രഹാനെ കളിക്കുന്നതെങ്കിലും സഹനായകനായിത്തന്നെ വിരാട് പരിഗണിക്കും. വ്യത്യസ്തമായ ശൈലികളുള്ള രണ്ട് ക്യാപ്ടൻമാരുടെ പരിചയ സമ്പത്താണ് ഇന്ത്യയ്ക്ക് പ്രയോജനമാവുക. അവസരങ്ങൾ ലഭിച്ചാൽ പ്രയോജനപ്പെടുത്താൻ ശേഷിയുള്ള ഒരു യുവനിര ഇന്ത്യയ്ക്കുണ്ട് എന്ന് തെളിയിക്കപ്പെട്ടതും ആസ്ട്രേലിയൻ പര്യടനത്തിലൂടെയാണ്.യുവനിര അവസരങ്ങൾക്കായി ദാഹിച്ചുനിൽക്കുമ്പോൾ ടീമിൽ ഇടം കിട്ടിക്കഴിഞ്ഞവർക്ക് സ്ഥാനം നിലനിറുത്താൻ അതിഗംഭീര പ്രകടനം പുറത്തെടുത്തേ മതിയാകൂ എന്ന ആരോഗ്യകരമായ ഒരു മത്സരം തന്നെ ടീം ഇന്ത്യയിൽ നടക്കുന്നുണ്ട്.
ആസ്ട്രേലിയയിലേതുപോലെ പരിക്കുകൾ വലിയതോതിൽ ഇന്ത്യയെ അലട്ടുന്നില്ല എന്ന ആശ്വാസം ഈ പരമ്പരയിലുണ്ട്.ഓസീസ് പര്യടനത്തിന് പോകാൻ കഴിയാതിരുന്ന ഇശാന്ത് ശർമ്മയും പര്യടനത്തിനിടെ മടങ്ങിയെത്തിയ ജസ്പ്രീത് ബുംറയും പരിക്കുമാറി തിരിച്ചെത്തിയത് പേസ് നിരയെ ശക്തമാക്കിയിട്ടുണ്ട്. കംഗാരുനാട്ടിൽ കിടിലൻ പ്രകടനം നടത്തിയ മുഹമ്മദ് സിറാജും ശാർദ്ദൂൽ താക്കൂറും ടീമിലെ സ്ഥാനം നിലനിറുത്തിയിട്ടുണ്ട്. വൃദ്ധിമാൻ സാഹ,കെ.എൽ രാഹുൽ എന്നിവരും പരിക്കുമാറി ടീമിലെത്തിയിട്ടുണ്ട്. സ്പിന്നർ രവിചന്ദ്രൻ അശ്വിനും പരിക്കിൽ നിന്ന് മോചിതനായി. ആസ്ട്രേലിയയിൽ കളിക്കാൻ അവസരം ലഭിക്കാതിരുന്ന മറ്റൊരു സ്പിന്നർ കുൽദീപ് യാദവിനൊപ്പം വാഷിംഗ്ടൺ സുന്ദർ,അക്ഷർ പട്ടേൽ എന്നിവരുമുണ്ട്. ആസ്ട്രേലിയൻ പേസർമാരുടെ ബൗൺസറുകൾ കൊണ്ട് വശംകെട്ടിട്ടും തളരാതെ പിടിച്ചുനിന്ന ചേതേശ്വർ പുജാര വിശ്രമം കഴിഞ്ഞ് ഉന്മേഷത്തോടെയിറങ്ങും.
പരിക്കിൽ നിന്ന് മോചിതനാകാത്ത രവീന്ദ്ര ജഡേജയുടെ അഭാവമാണ് ഇന്ത്യയ്ക്കുള്ളത്. എല്ലാ ഫോർമാറ്റുകളിലും തന്റെ ആൾറൗണ്ട് പ്രാധാന്യം ഉറപ്പിച്ചുവരുന്നതിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. ഹാർദിക പാണ്ഡ്യയാണ് ജഡേജയുടെ പകരക്കാരനായി എത്തുന്നത്. കൊഹ്‌ലിയെയും രഹാനെയെയും പുജാരെയെയും കൂടാതെ രോഹിത് ശർമ്മ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ കെ.എൽ രാഹുൽ, മായാങ്ക് അഗർവാൾ എന്നിവരും ഇന്ത്യൻ ബാറ്റിംഗിന് കരുത്തുപകരാനായുണ്ട്. പൃഥ്വി ഷാ ഒഴിവാക്കപ്പെട്ടു. കൊവിഡ് സാഹചര്യം പരിഗണിച്ച് ശ്രീകാർ ഭരത്,രാഹുൽ ചഹർ,അഭിമന്യൂ ഈശ്വരൻ, ഷഹ്ബാസ് നദീം എന്നിവരെ സ്റ്റാൻഡ് ബൈ ആയി ടീമിനൊപ്പം കൂട്ടിയിട്ടുണ്ട്. മലയാളിയായ സന്ദീപ് വാര്യരടക്കം അഞ്ച് നെറ്റ്സ് ബൗളർമാരും ഇന്ത്യൻ സംഘത്തിലുണ്ട്.
കൊവിഡ് സാഹചര്യം പരിഗണിച്ച് കളിക്കാർക്ക് റൊട്ടേഷൻ പോളിസിയുമായാണ് ഇംഗ്ളണ്ട് എത്തുന്നത്. ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ വിശ്രമം നൽകിയിരുന്ന ആൾറൗണ്ടർ ബെൻ സ്റ്റോക്സും പേസർ ജൊഫ്ര ആർച്ചറുമാണ് ആദ്യം ഇന്ത്യയിലെത്തിയത്. ശ്രീലങ്കയിൽ നിന്നെത്തിയ ഇംഗ്ളീഷ് സംഘത്തിൽ നിന്ന് ജോസ് ബട്ട്ലർ ആദ്യ ടെസ്റ്റ് കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങും. സംഘത്തോടൊപ്പമുള്ള ജോണി ബെയർ സ്റ്റോ,മാർക്ക് വുഡ്,സാം കറൻ എന്നിവർ ആദ്യ രണ്ട് ടെസ്റ്റുകളിൽ കളിക്കില്ല. 2021ൽ 21 ടെസ്റ്റുകൾ ഇംഗ്ളണ്ട് ടീമിനെ കാത്തിരിക്കുന്നതിനാലാണ് കളിക്കാർക്ക് റൊട്ടേഷൻ ഏർപ്പെടുത്തി മതിയായ വിശ്രമം നൽകാൻ ഇംഗ്ളീഷ് ക്രിക്കറ്റ് ബോർഡ് തീരുമാനിച്ചിരിക്കുന്നത്.
നാലുടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകൾക്കും വേദിയാകുന്നത് ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയമാണ്. അവസാന രണ്ട് മത്സരങ്ങൾ അഹമ്മദാബാദിലെ പുതിയ സ്റ്റേഡിയത്തിൽ നടക്കും.അഹമ്മദാബാദിലെ ആദ്യ ടെസ്റ്റ് ഡേ ആൻഡ് നൈറ്റ് ആയിരിക്കും. രണ്ടാം ടെസ്റ്റുമുതൽ ഗാലറിയിൽ പകുതി കാണികളെ അനുവദിക്കും.അഞ്ച് ട്വന്റി-20കളും മൂന്ന് ഏകദിനങ്ങളും കൂടി ഇംഗ്ളണ്ട് ഇന്ത്യയിൽ കളിക്കുന്നുണ്ട്. ട്വന്റി-20കൾ അഹമ്മദാബാദിലും ഏകദിനങ്ങൾ പൂനെയിലുമാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇംഗ്ളണ്ടിന്റെ ഇന്ത്യൻ പര്യടന ഷെഡ്യൂൾ
4 ടെസ്റ്റുകൾ
1. ഫെബ്രുവരി 5-9 : ചെന്നൈ
2. ഫെബ്രുവരി 13-17 : ചെന്നൈ
3. ഫെബ്രുവരി 24-28 : അഹമ്മദാബാദ്
4. മാർച്ച് 4-8 : അഹമ്മദാബാദ്
5 ട്വന്റി-20കൾ
1.മാർച്ച് 12 : അഹമ്മദാബാദ്
2.മാർച്ച് 14 : അഹമ്മദാബാദ്
3.മാർച്ച് 16 : അഹമ്മദാബാദ്
4.മാർച്ച് 18 : അഹമ്മദാബാദ്
5.മാർച്ച് 20 : അഹമ്മദാബാദ്
3 ഏകദിനങ്ങൾ
1.മാർച്ച് 23 : പൂനെ
2.മാർച്ച് 26 : പൂനെ
3.മാർച്ച് 28 : പൂനെ
1933
ലാണ് ഇംഗ്ളണ്ട് ടീം ആദ്യമായി ഇന്ത്യൻ പര്യടനം നടത്തിയത്.
60
ടെസ്റ്റുകളാണ് ഇന്ത്യയും ഇംഗ്ളണ്ടും തമ്മിൽ ഇന്ത്യയിൽ വച്ച് നടന്നത്.
19
മത്സരങ്ങളിൽ ഇന്ത്യ വിജയിച്ചു
13
എണ്ണത്തിൽ ഇംഗ്ളണ്ട് വിജയം നേടി.
28
മത്സരങ്ങൾ സമനിലയിലായി.
2016
ലാണ് അവസാനമായി ഇംഗ്ളണ്ട് ഇന്ത്യൻ പര്യടനത്തിനെത്തിയത്.