
ഇടുക്കി: വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിനെയാകെ വലക്കുന്നൊരു പ്രശ്‌നമാണ് പ്രധാനകേന്ദ്രങ്ങളിൽ പോലുമുളള മാലിന്യ നിക്ഷേപം. പ്രധാന വഴികളിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും അറവുശാലകളും അവശിഷ്‌ടങ്ങൾ വൻതോതിൽ സ്ഥലത്തെ പുഴയിലൊഴുക്കുമ്പോൾ വരുന്ന വിനോദ സഞ്ചാരികളും ഒട്ടും കുറയ്‌ക്കുന്നില്ല. ഭക്ഷണം കഴിച്ച ശേഷം അവശിഷ്‌ടങ്ങളും പ്ളാസ്‌റ്റിക് മാലിന്യങ്ങളും ഇവിടങ്ങളിൽ അവർ ഉപേക്ഷിച്ചിട്ടിട്ട് പോകും. മാട്ടുപ്പെട്ടി എക്കോപോയിന്റ്, രാജമല ടോപ്‌സ്‌റ്റേഷൻ, കുണ്ടളയിലെ ഫോട്ടോപോയിന്റ് എന്നിങ്ങനെയിടങ്ങളിലും അന്തർ സംസ്ഥാന പാതയിലും ദേശീയപാതയിലും പ്ളാസ്‌റ്റിക് വേസ്‌റ്റുകൾ പെരുകുകയാണ്. ഇതിനൊരു പ്രതിവിധിക്കായി ദേവികുളം സബ്‌കളക്‌ടർ പ്രേം കൃഷ്‌ണയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ആദ്യഘട്ടത്തിൽ ബോധവൽക്കരണത്തിനും തുടർന്ന് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കാനും മൂന്നാർ ദേവികുളം പഞ്ചായത്ത് തീരുമാനിച്ചു.
ടൂർ ഗൈഡുകൾ, കച്ചവടക്കാർ, ഓട്ടോ-ടാക്‌സി ഡ്രൈവർമാർ എന്നിവർക്കും മൂന്നാറിലെത്തുന്ന സന്ദർശകർക്ക് പഴയ മൂന്നാർ, പെരിയവാര കവല, പോസ്‌റ്റോഫീസ് കവല എന്നിവിടങ്ങളിൽ നിർദ്ദേശം നൽകും. മാലിന്യം സംസ്‌കരിക്കാതെ പുഴയിലൊഴുക്കുന്നത് കണ്ടെത്താൻ മൂന്നാറിലെ വ്യാപാരസ്ഥാപനങ്ങളിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സർവെ നടത്തും. കൊവിഡ് ലോക്‌ഡോൺ കാലത്ത് മൂന്നാറിലെ പുഴ മാലിന്യമുക്തമായി ശുദ്ധമായിരുന്നു. മൂന്നാറിനെ പൂർണമായും മാലിന്യമുക്തമാക്കി മാറ്റാനാണ് സ്വകാര്യ സഹായത്തോടെ ഡ്രോൺ നിരീക്ഷണം തുടങ്ങുന്നത്.