crematorium

'നമുക്ക് ജാതിയില്ല ' അതൊരു ആഹ്വാനമായിരുന്നില്ല,​ ഒരു സാമൂഹ്യ പ്രബോധനം കൂടിയായിരുന്നു. അത് കേരളീയ സമൂഹത്തിന്റെ അടിത്തട്ടിലുണ്ടാക്കിയ ചലനം ആശയപരമായ സംവാദങ്ങൾക്കും അപ്പുറം പ്രായോഗിക ജീവിതത്തിന് നൽകിയ തിരിച്ചറിവുകൾ ചെറുതായിരുന്നില്ല. എന്നിട്ടും അത് കേരളത്തെ ജാതിവിരുദ്ധ ചിന്തയിൽ നിന്നും പൂർണമായും മോചിപ്പിക്കുന്നതിൽ പരാജയപ്പെട്ടു എന്നുവേണം മനസിലാക്കാൻ. ഒരു മുദ്രാവാക്യം കൊണ്ട് മാത്രം ഇല്ലാതാവുന്നതല്ല കേരളത്തിന്റെ ജാതിബോധമെന്നതിന് തെളിവാണ് കിഴക്കൻ അട്ടപ്പാടിയിൽ മരണാനന്തരവും ദളിതർ നേരിടുന്ന ജാതിവിവേചനം.

പാലക്കാട് ജില്ലയിലെ അതിർത്തിഗ്രാമങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിവിവേചനങ്ങളും ഊരുവിലക്കുകളും ഇതിനുമുമ്പും കേരളം പലകുറി കേട്ടതാണ്. അതിന്റെ സമീപകാല ഉദാഹരണമായിരുന്നു തേങ്കുറുശിയിലെ അനീഷിന്റെ കൊലപാതകം,​ മുതലമട അംബേദ്കർ കോളനി വിവാദം,​ ചിറ്റൂർ,​ മീനാക്ഷിപുരം,​ എരുത്തേമ്പതി എന്നിവിടങ്ങളിൽ ദളിതർക്ക് ആരാധനായങ്ങളിലെ വിലക്ക് എന്നിവ. ഇപ്പോൾ കേരളം ചർച്ചചെയ്യുന്നത് അട്ടപ്പാടിയിൽ ദളിതർ പ്രത്യേകിച്ച് ചക്ലിയ സമുദായം നേരിടുന്ന കൊടിയ ജാതിവിവേചനത്തെ കുറിച്ചാണ്.

മൃതദേഹത്തിനും ജാതിയുണ്ട് ഇവിടെ. ഇതുകേൾക്കുമ്പോൾ ആശ്ചര്യപ്പെടേണ്ട,​ അതെ,​ അതൊരു സാമൂഹ്യ യാഥാർത്ഥ്യമാണ്. കാലാകാലങ്ങളായി പിന്തുടരുന്ന പച്ചയായ യാഥാർത്ഥ്യം. ഒന്നാം ലോക്ക് ഡൗൺ കാലത്ത് ഏകദേശം ഏഴുമാസം മുമ്പാണ് കിഴക്കൻ അട്ടപ്പാടിയിലെ പുതൂർ പഞ്ചായത്തിൽ താമസിക്കുന്ന ശകുന്തള മരണപ്പെട്ടത്. സംസ്കാര ചടങ്ങുകൾക്കായി ബന്ധുക്കൾ ശകുന്തളയുടെ മൃതദേഹവുമായി പുതൂർ ആലമരത്തുള്ള പൊതുശ്മശാനത്തിലെത്തിയെങ്കിലും അകത്തുകടക്കാൻ സ്ഥലത്തെ പ്രമാണിമാർ അനുവദിച്ചില്ല. അമ്പതോളം പേർ ചേർന്നാണ് അന്ന് പ്രതിരോധം തീർത്തത്. '' ഇത് ഉന്നതകുല ജാതിയിൽ പിറന്നവരെ അടക്കം ചെയ്യാനുള്ള മണ്ണാണ്. ചക്ലിയർക്ക് പുറമ്പോക്കാണ് സ്ഥാനം''. ഇതാണ് പ്രമാണിമാരുടെ നിലപാട്. ഇതിൽ നിന്ന് ഒരടി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ ദൂരെയുള്ള പുറമ്പോക്കിലേക്ക് സംസ്‌കാരം മാറ്റേണ്ടിവന്നു. ഈ അപമാനത്തിന്റെ കണ്ണീർ കേരളീയ സമൂഹത്തിൽ വറ്റാതെ കിടക്കും ഇനിയുമേറെക്കാലം. ഒരുപക്ഷേ, മരണാനന്തരവും അവസാനിക്കാത്ത ജാതീയ വേർതിരിവുകൾക്ക് അറുവതിവരുന്ന കാലത്തോളം.

ശ്മശാനഭൂമി സ്വന്തമാക്കി പ്രമാണിമാർ

ഏഴ് പതിറ്റാണ്ട് പഴക്കമുള്ള ശ്മശാനമാണ് ആലമരത്തുള്ള പൊതുശ്മശാനം. ഒരേക്കറിലധികം വിസ്തീർണമുള്ള ഈ ശ്മശാനത്തിൽ ആദ്യകാലങ്ങളിൽ അനാഥരുടെയും ഹിന്ദു - ക്രിസ്ത്യൻ വിഭാഗങ്ങളുടെയും അടക്കം എല്ലാത്തരം ആളുകളുടെയും മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നു. പിന്നീട് പ്രദേശത്തെ ഭൂഉടമകളും പ്രമാണിമാരും ഈ ശ്മശാനം തങ്ങളുടേതാക്കുകയായിരുന്നു. ഇതോടെ ദളിതർ പുറമ്പോക്കിലേക്ക് പുറന്തള്ളപ്പെട്ടു. ഇൗ നടപടി ചോദ്യം ചെയ്തവരെ പ്രമാണിമാർ അവരുടെ സാമ്പത്തിക - രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് ഒതുക്കുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. പിന്നീട് ഗൗ‌ഡർമാരുടെയും ചെട്ടിയാൻമാരുടെയും സമുദായ അംഗങ്ങളെ ഉൾപ്പെടുത്തി ശ്മശാന സമിതിയും രൂപീകരിച്ചു. ശ്മശാനഭൂമി ഇപ്പോൾ ബി.ജെ.പി - കോൺഗ്രസ് നേതാക്കളുടെ പേരിൽ ശിവമുക്തി മയാനം എന്ന പേരിൽ രജിസ്റ്റർ ചെയ്ത് സ്വന്തമാക്കിയിരിക്കയാണ്. ഇത് തങ്ങളുടേതാണ് എന്നാണ് ഇവരുടെ വാദം.

അടക്കാൻ ആറടി മണ്ണില്ലാതെ

പൊതുശ്മശാനത്തിൽ ഇടംനഷ്ടമായതോടെ ചക്ലിയർ മൃതദേഹങ്ങൾ സംസ്കരിച്ചിരുന്നത് ഉമ്മത്തുംപടിയിലെ വനഭൂമിയിലായിരുന്നു. വനം കൈയ്യേറ്റം ഒഴിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വനംവകുപ്പിന്റെ നേതൃത്വത്തിൽ ഇവിടം ജണ്ടകെട്ടി തിരിച്ചതോടെയാണ് പ്രതിസന്ധിക്ക് തുടക്കമാകുന്നത്. വനംവകുപ്പ് പ്രദേശവാസികളോടെ മൃതദേഹം സംസ്കരിക്കാൻ മറ്റൊരിടം കണ്ടെത്തണെന്ന് കട്ടായം പറഞ്ഞതോടെയാണ് ഒരുതുണ്ട് ഭൂമിയില്ലാത്ത ഇവർ പ്രതിസന്ധിയിലായത്. തുടർന്നാണ് പൊതുശ്മശാനത്തിന് മുന്നിലെത്തിയത്.

ശകുന്തളയുടെ മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതിരുന്നതോടെ വിഷയത്തിൽ ഇടപെട്ട പഞ്ചായത്ത് ഭരണസമിതിക്ക് ശാശ്വതപരിഹാരം കാണാനായില്ല. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്ത് ശകുന്തളയുടെ മൃതദേഹം പുറമ്പോക്കിൽ സംസ്കരിക്കാനുള്ള സൗകര്യം ഒരുക്കിനൽകിയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരം കണ്ടെത്തിയത്. നവോത്ഥാനം പ്രസംഗിക്കുന്ന ഇടതുപക്ഷ ഭരണസമിതിയിൽ നിന്ന് സമൂഹം പ്രതീക്ഷിക്കുന്നത് ഇതല്ലെന്നത് ഇനിയെങ്കിലും അവർ തിരിച്ചറിയണം. ജാതിവാഴ്ച ഉറപ്പിക്കാനായി ശ്മശാനം തന്നെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ജാതിപ്രമാണിമാർക്ക് ഒത്താശ ചെയ്യുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ ഏറെ ഭയപ്പെടുത്തുന്നു.

ചക്ലിയർ ഏറ്റവും പീഡനം അനുഭവിക്കുന്നവർ

പൂർവികർ പശു ഇറച്ചി കഴിച്ചിരുന്നു എന്നതിന്റെ പേരിലാണ് കാലാകാലങ്ങളായി ചക്ലിയ വിഭാഗം മുഖ്യധാരയിൽ നിന്ന് അരികുവത്കരിക്കപ്പെടുന്നത്. കാലം മാറി, കാലഘട്ടം പാടെമാറി എന്നിട്ടും നേരംവെളുക്കാത്ത ചിലരുടെ ജാത്യാചാരങ്ങളും ദുരഭിമാനവുമാണ് ഈ സാമൂഹ്യവിപത്തിന്റെ കാരണം. സ്‌കൂളുകളിലും തൊഴിലിടങ്ങളിലും പൊതു നിരത്തിൽ പോലും നേരിടുന്ന ജാതി വിവേചനത്തിന്റെ തുടർച്ചയാണ് അട്ടപ്പാടിയിലെ വിഷയവും. തലമുറകളായി തുടരുന്ന ജാത്യാചാരത്തിന്റെ അവകാശമാണ് ഇവിടെത്തെ ഗൗ‌ഡർ, ഒക്ലിയ ഗൗഡർ, ചെട്ടിയാൻമാരും ഉന്നയിക്കുന്നത്. ദളിത് വിഭാഗത്തിലെ തന്നെ ഏറ്റവും പീഡിതരായ വിഭാഗമാണ് ചക്ലിയർ. മുൻകാലങ്ങളിൽ അനുഭവിച്ചതിനെക്കാൾ കടുത്ത വിവേചനമാണ് ഇവരിപ്പോൾ അനുഭവിക്കുന്നത്. ഇതിന് പുതിയ മതരാഷ്ട്രീയവും പ്രേരകമാകുന്നു എന്നത് ഖേദകരമാണ്.