
തിരുവനന്തപുരം: മാലിന്യം ഉറവിടത്തിൽ വച്ചുതന്നെ സംസ്‌കരിക്കുന്നതിന് സ്ഥലമുള്ള കുടുംബങ്ങൾക്കായി നഗരസഭ റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ നൽകും. ആദ്യഘട്ടത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നഗരത്തിലെ അഞ്ഞൂറോളം കുടുംബങ്ങൾക്കായിരിക്കും ഈ സംവിധാനം ഒരുക്കുക. റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ നിർമ്മിച്ച് സ്ഥാപിക്കുന്നതിനായുള്ള ടെണ്ടർ നഗരസഭ ക്ഷണിച്ചു കഴിഞ്ഞു.
 50 ശതമാനം സബ്സിഡി
സ്വച്ച് ഭാരത് മിഷന് കീഴിലുള്ള മാലിന്യ നിർമ്മാർജ്ജന പദ്ധതിയിൽ റിംഗ് കമ്പോസ്‌റ്റ്, എടുത്തുമാറ്രാവുന്ന ബയോ കംപോസ്റ്റ് ബിന്നുകൾ, ബയോഗ്യാസ് പ്ളാന്റുകൾ എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) ആണ് നഗരസഭ തയ്യാറാക്കിയിരിക്കുന്നത്. മതിയായ സ്ഥലം ഉള്ളവർക്ക് റിംഗ് കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ഇതിന് 50 ശതമാനം സബ്സിഡി നൽകും. വീടുകളിലെ മാലിന്യ നിർമ്മാർജ്ജന പദ്ധതിക്ക് കീഴിൽ 200 ബയോഗ്യാസ് പ്ളാന്റുകളും 50,000 ബയോ കമ്പോസ്റ്റ് യൂണിറ്റുകളും സ്ഥാപിക്കുന്നുണ്ട്.
 റിംഗ് കമ്പോസ്റ്റ് യൂണിറ്റ്
മണ്ണിൽ പ്രത്യേകം തയാറാക്കുന്ന കുഴികളിൽ ഉറപ്പിച്ച റിംഗുകൾ വഴി ജൈവമാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്നതാണ് റിംഗ് കമ്പോസ്റ്റ് യൂണിറ്റ് പദ്ധതി. റിംഗ് യൂണിറ്റിന്റെ മുകളിൽ മാലിന്യം ഒഴുകിപ്പോകാൻ തരത്തിൽ ഒരു ദ്വാരം ഉണ്ടാകും. അഞ്ച് സെന്റീമീറ്ററിൽ കുറയാത്ത തരത്തിൽ മാലിന്യങ്ങൾ റിംഗിൽ നിക്ഷേപിക്കാം. ആദ്യത്തെ റിംഗ് മൂന്ന് മാസം ഉപയോഗിക്കാനാകും. അതിനുശേഷം രണ്ടാമത്തെ സെറ്റ് റിംഗ് ഉപയോഗിക്കാം. 180 ദിവസം വരെ മാലിന്യങ്ങൾ സൂക്ഷിക്കാം. അതിനുശേഷം റിംഗിന് വശത്തുള്ള മൂടി തുറന്ന് സംസ്കരിക്കപ്പെട്ട മാലിന്യം നീക്കാം. പിന്നീട് ഇത് വീണ്ടും ഉപയോഗിക്കാം.
 വാർഡുകൾ കണ്ടെത്തും
റിംഗ് യൂണിറ്റ് കമ്പോസ്റ്റ് സ്ഥാപിക്കുന്നതിനുള്ള വാർഡുകൾ കണ്ടെത്താനുള്ള നടപടികൾ കോർപ്പറേഷൻ തുടങ്ങിയിട്ടുണ്ട്. ഇവ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുത്താണ് നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ പ്രതിവർഷം മാലിന്യ നിർമ്മാർജനത്തിനായി ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇന്ധന ചെലവിനത്തിൽ ഒരുകോടി രൂപയാണ് കോർപ്പറേഷൻ ചെലവിടുന്നത്. പദ്ധതി വിജയകരമായാൽ ഈ തുക കോർപ്പറേഷന് ലാഭിക്കാനാകും.
 ഖരമാലിന്യ സംസ്‌കരണവും
മലിനീകരണത്തെ തുടർന്ന് വിളപ്പിൽശാലയിലെ മാലിന്യ സംസ്‌കരണ പ്ളാന്റ് അടച്ചതോടെ മാലിന്യ നിർമ്മാർജ്ജനത്തിന് നഗരസഭ കടുത്ത പ്രതിസന്ധി നേരിട്ടിരുന്നു. നഗരത്തിലെ മാലിന്യങ്ങളിൽ പകുതിയും ഉണ്ടാകുന്നത് വീടുകളിൽ നിന്നാണ്. നഗരത്തിൽ 2.5 ലക്ഷം വീടുകളിലായി 10 ലക്ഷത്തോളം പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവർക്കെല്ലാം കൂടിയുള്ള കേന്ദ്രീകൃത മാലിന്യ സംസ്കരണ മാർഗങ്ങൾ കണ്ടെത്തുക കോർപ്പറേഷനെ സംബന്ധിച്ചടത്തോളം വെല്ലുവിളിയാണ്. അതിനാലാണ് ഖരമാലിന്യ സംസ്കരണത്തെക്കുറിച്ച് പ്രത്യേകമായി ചിന്തിച്ചത്.