
കുമാരനാശാൻ  എന്ന കവിയെയും വിപ്ളവകാരിയെയും കൃത്യമായി അടയാളപ്പെടുത്തുന്ന  'ഗ്രാമവൃക്ഷത്തിലെ കുയിൽ '
എന്ന ചിത്രമൊരുക്കിയ,  മലയാള സിനിമയിൽ കുറച്ചു സിനിമകൾ കൊണ്ട് തന്നെ സ്വന്തം പേര് കൃത്യമായി 
രേഖപ്പെടുത്തിയ  സംവിധായകൻ കെ.പി. കുമാരൻ സംസാരിക്കുന്നു...
ആശാനെക്കുറിച്ചുള്ള സിനിമ കുറേക്കാലമായി സംവിധായകൻ കെ.പി. കുമാരന്റെ മനസിലുണ്ട്.  എഴുത്തും വായനയും തിരിച്ചറിവുകളും എല്ലാമായി ആശാൻ പത്തുപതിനഞ്ചുവർഷമായി അദ്ദേഹത്തിന്റെ കൂടെയുണ്ട്. മലയാളികൾ മഹാകവിയായി വാഴ്ത്തുമ്പോഴും അത്രയധികം ആഴത്തിൽ അറിയാതെ പോയ കുമാരനാശാന്റെ ജീവിതവും കാവ്യജീവിതവും അടയാളപ്പെടുത്തിയില്ലെങ്കിൽ സ്വസ്ഥത കിട്ടില്ലെന്ന ഉത്തമ ബോദ്ധ്യത്തിലാണ് എൺപത്തിരണ്ടാം വയസിലും കൈവിടാത്ത ഉത്സാഹത്തിൽ അദ്ദേഹം മനസിൽ കണ്ട ചിത്രം സാർത്ഥകമായി പകർത്തിയത്. 'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന ചിത്രം കൊവിഡ് കാലത്തെ കാത്തിരിപ്പിനുശേഷം രണ്ടുമാസത്തിനുള്ളിൽ തിയേറ്ററിൽ പ്രദർശിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമയിലെ നവതരംഗസിനിമാ പ്രസ്ഥാനങ്ങളുടെ മുൻനിരയിലുണ്ടായിരുന്ന ഈ സംവിധായകൻ. സിനിമാമേഖലയിൽ കുറച്ചു കാലങ്ങളായിട്ടുള്ള ഒരു മനുഷ്യന്റെ പക്വതയും പാകതയും ആയ ശേഷമുള്ള തിരിഞ്ഞു നോട്ടമാണിതെന്നും അദ്ദേഹം തന്റെ സിനിമയെ വിശേഷിപ്പിക്കുന്നു. റോക്ക്, അതിഥി, തോറ്റം, രുഗ്മിണി, ആകാശ ഗോപുരം തുടങ്ങി അമ്പതുവർഷം നീണ്ട സിനിമാ ജീവിതത്തിൽ പകർത്തിയ ചിത്രങ്ങളെല്ലാം നവീന കാഴ്ചപ്പാടുകളുടെ പുതിയ അദ്ധ്യായങ്ങളായിരുന്നു. ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം പുറത്തിറങ്ങുന്ന ചിത്രത്തിലേക്കെത്തിയ വഴികളെക്കുറിച്ച്, തന്റെ ചിന്തകളെ കുറിച്ച് കെ.പി. കുമാരൻ സംസാരിക്കുന്നു.
കാവ്യജീവിതത്തിലെ വഴിത്തിരിവ്
ആശാനെ ഇനിയും ആഴത്തിൽ പഠിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നു. എപ്പോഴും സൗമ്യനായിരുന്നു ആശാൻ. ഔന്നത്യമുള്ള സമീപനമായിരുന്നു പുലർത്തിയിരുന്നത്. ആശാൻ കേരളീയസമൂഹത്തിന്റെ തന്നെ ആചാര്യനാകേണ്ടതായിരുന്നു. ആധുനിക മലയാള സമൂഹത്തിന്റെ വളർച്ചയിൽ ഇത്രയധികം സംഭാവനകൾ നൽകിയ മറ്റൊരാളില്ല. അത്രയും വലിയൊരു മലയാളിയെ കേരളം അത്ര കണ്ട് മനസിലാക്കിയിട്ടുണ്ടോ എന്ന ചോദ്യവും ഉണ്ട്. കുമാരനാശാന്റെ കാവ്യജീവിതത്തിലെ വലിയ വഴിത്തിരിവാണ് 'ഗ്രാമവൃക്ഷത്തിലെ  കുയിൽ" എന്ന കാവ്യം. എസ്.എൻ.ഡി.പി യോഗത്തിന്റെ സ്ഥാപകസെക്രട്ടറിയായി 15 വർഷം പൂർത്തിയാക്കിയ കാലം. കവിതയിലെ കുയിൽ കുമാരനാശാനും വൃക്ഷം എസ്.എൻ.ഡി.പി യോഗവും വൃക്ഷചുവട്ടിലെ മുനി നാരായണ ഗുരുവുമായിരുന്നു.1903ൽ ആശാൻ എസ്. എൻ.ഡി.പി സെക്രട്ടറിയായി ചുമതലയേറ്റതു മുതൽ 1924ൽ പല്ലനയാറ്റിൽ അകാലമൃത്യുവിന് ഇരയാകുന്നതു വരെയുള്ള ഇരുപത് വർഷത്തിനിടെയുള്ള ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. ആശാന്റെ കവിതകളിലെല്ലാം ഫിക്ഷന്റെ സ്വഭാവമുണ്ട്. അദ്ദേഹത്തിന്റെ ഖണ്ഡകാവ്യങ്ങളിലൊക്കെ കഥകളുണ്ടെങ്കിലും മലയാള സിനിമ അതത്ര ശ്രദ്ധിച്ചതായി തോന്നിയിട്ടില്ല. ചില ശ്രമങ്ങൾ അവിടവിടെയായി ഉണ്ടായെന്ന് മാത്രം. കുറച്ചു വർഷമായി കുമാരാശാന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയുമുള്ള സഞ്ചാരത്തിലായിരുന്നു ഞാൻ. മാറി വന്ന കാലഘട്ടത്തിൽ ആശാനിലേക്ക് തിരിച്ചു പോകേണ്ടതുണ്ടെന്നാണ് എനിക്ക് പറയാനുള്ളത്. ആശാന്റെ ജീവിതം, സംഭാവനകൾ, കാവ്യജീവിതം എന്നതിനപ്പുറം ആശാൻ എന്ന വലിയ പ്രതിഭയിലേക്കുള്ള ആമുഖമാണ് ഈ സിനിമ. രണ്ടുമണിക്കൂറിനുള്ളിൽ പറഞ്ഞു തീർക്കാനുള്ളതല്ല സത്യത്തിൽ ആ ജീവിതം.

വെല്ലുവിളി ഉയർത്തിയ ചിത്രീകരണം
മൂന്നുനാലു ലൊക്കേഷനുകളിലായിട്ടായിരുന്നു സിനിമയുടെ ചിത്രീകരണം. കേരളത്തിന്റെ പഴയകാലം വീണ്ടും ഒരുക്കിയെടുക്കുക എന്നത് വലിയ ബുദ്ധിമുട്ടും വെല്ലുവിളിയുമായിരുന്നു. നീണ്ട യാത്രകൾ തന്നെ ഇതിനുവേണ്ടി വന്നു. പലയിടത്തും നടന്നെങ്കിലും മനസിൽ ഉദ്ദേശിച്ചതു പോലെയുള്ള ലൊക്കേഷൻ കിട്ടിയില്ല. ഒടുവിൽ തൃപ്പുണിത്തുറയ്ക്ക് അടുത്തുള്ള പെരുമ്പളം എന്ന ദ്വീപാണ് ഇതിനായി ഉപയോഗിച്ചത്. എല്ലായിടങ്ങളിലും പ്രധാന പ്രതിസന്ധി കോൺക്രീറ്റ് കെട്ടിടങ്ങളുടെ ബാഹുല്യമായിരുന്നു. എങ്കിലും പരിമിതികൾ മനസിലാക്കി കൊണ്ടു തന്നെ മുന്നോട്ട് പോയി. ആശാന്റെ തോന്നയ്ക്കലിലെ വീട് അവിടെ സെറ്റിട്ടു. പെരിയാറിന്റെ തീരം. അരുവിപ്പുറം എന്നിവിടങ്ങളിലും ചിത്രീകരിച്ചു. നാല് ഷെഡ്യൂളുകളിലായാണ് ചിത്രം പൂർത്തിയായത്. സംഭവപ്രധാനമായ തിരക്കഥയിലൂടെയല്ല, കുമാരനാശാന്റെ വ്യക്തിജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ. സിനിമ പൂർത്തിയാക്കിയിട്ട് ഒരു വർഷമായി. ഐ.എഫ്.എഫ്.കെ ഫിലിം ഫെസ്റ്റിവലിൽ 'മലയാളം സിനിമ ഇന്ന് " എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി സിനിമ ഫെബ്രുവരി 13 ന് പ്രദർശിപ്പിക്കുന്നുണ്ട്. കുമാരനാശാനുമായി മുഖസാമ്യമുള്ള ഒരാളെ ഭാഗ്യവശാൽ തന്നെ എനിക്ക് കിട്ടി. ശ്രീവത്സൻ ജെ. മേനോൻ, അറിയപ്പെടുന്ന സംഗീതസംവിധായകനും ഗായകനുമാണ് അദ്ദേഹം. ഈ സിനിമയിൽ അദ്ദേഹം കവിത അവതരിപ്പിച്ചിട്ടുണ്ട്. ഗാർഗി അനന്തനാണ് ആശാന്റെ ഭാര്യ ഭാനുമതിയുടെ വേഷത്തിലെത്തുന്നത്. ഇവരാരും അറിയപ്പെടുന്ന താരങ്ങളല്ല. അതുകൊണ്ട് സ്വാഭാവികമായും റിലീസിന് ബുദ്ധിമുട്ട് നേരിട്ടു. രണ്ടുമാസത്തിനകം സിനിമ റിലീസ് ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഫിലിം ഫെസ്റ്റിവലുകളിലും ഈ സിനിമ സാന്നിദ്ധ്യമറിയിക്കുന്നുണ്ട്. സിനിമയുടെ ആദ്യകാഴ്ചക്കാരും നല്ല അഭിപ്രായങ്ങളാണ് പങ്കുവച്ചത്.
അടയാളപ്പെടുത്താത്ത ആശാൻ
ചുരുങ്ങിയ ജീവിതകാലം കൊണ്ട് തന്നെ കേരളീയ സമൂഹത്തെ ആഴത്തിൽ സ്പർശിച്ചിട്ടുള്ള ആളായിരുന്നു ആശാൻ. കുമാരനാശാനെ കവി എന്ന നിലയിൽ എല്ലാവർക്കും അറിയാം. എന്നാൽ അതിനപ്പുറത്തുള്ള ആശാന്റെ ജീവിതം എവിടെയും രേഖപ്പെടുത്തിയിട്ടില്ല. നവോത്ഥാന കാലഘട്ടത്തിലെ ഏറ്റവും വലിയ പ്രതീകം എന്നു പറയുന്നയാളാണ് ആശാൻ. ഈ കാലഘട്ടത്തെ കുറിച്ച് പറയുമ്പോൾ ആശാന്റെ സംഭാവനകളില്ലാതെ അതൊരിക്കലും പൂർണമാകില്ല. ഇത്രയധികം സാമൂഹ്യ, സാംസ്കാരിക മേഖലകളിൽ സംഭാവനകൾ നൽകിയ മറ്റൊരാളില്ല എന്നു തന്നെ പറയാം. 'ഗ്രാമവൃക്ഷത്തിലെ കുയിൽ" എന്ന സിനിമയുടെ പേരിൽ തന്നെ ഒരു രാഷ്ട്രീയകാഴ്ചപ്പാടുണ്ട്. പത്തൊമ്പതാംനൂറ്റാണ്ടിന്റെ അവസാനകാലത്ത് കേരളം വലിയ പുരോഗതിയിലായിരുന്നു. ആ കാലത്ത് സാമൂഹികമായും ഏറെ മുന്നിലായിരുന്നു. 

കേരളത്തിന്റെ സമ്പത്ത് നാൽപ്പത്തഞ്ചുവർഷങ്ങളായി മുന്നോട്ടുപോയി, അതേ സമയം സാമൂഹികമായും സാംസ്കാരികമായും നമ്മൾ ഏറെ പുറകോട്ട് പോയി. സാമൂഹികമായി ഔന്നത്യത്തിലുണ്ടായ ആ പഴയ കാലം പുതിയ തലമുറയുടെ മനസിലെത്തിക്കുക എന്നും മനസിലുണ്ടായിരുന്നു. പെട്ടെന്ന് കണ്ടുപോകുക എന്നതിനപ്പുറം ആശാന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു റെക്കാഡായി ഈ സിനിമ ഇവിടെയുണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. ഡിജിറ്റൽ കാലത്ത് അതിനുള്ള സൗകര്യമുണ്ടല്ലോ. ഏതുകാലത്താണെങ്കിലും കുമാരനാശാനെക്കുറിച്ച് പഠിക്കുന്നവർക്കുള്ള നല്ലൊരു ആമുഖമായിരിക്കും ഈ സിനിമ. കുമാരാശാന്റെ ജീവിതം അതേ പടി ചിത്രീകരിക്കുകയല്ല, അതിനപ്പുറം അദ്ദേഹത്തിന്റെ കവിതകൾ, വ്യക്തിജീവിതം, പ്രണയം, കുടുംബം എന്നിങ്ങനെ വിവിധ തലങ്ങൾ സിനിമയിൽ ആവിഷ്കരിക്കുന്നു. ആശാൻ വിവാഹിതനാകുന്നതിന് തൊട്ടു മുമ്പ് ആശാനും ഭാനുമതിയുമായുള്ള ബന്ധം ശകത്മാകുന്നതുമുതലുള്ള കാലഘട്ടം സിനിമയിൽ കാണിക്കുന്നുണ്ട്.
കൂടെ  നിന്ന കുടുബം
ഈ സിനിമയ്ക്ക് വേണ്ടി ജീവിതസമ്പാദ്യമുൾപ്പെടെ മാറ്റിവയ്ക്കാൻ കെ.പി. കുമാരന്റെ കുടുംബം മുന്നോട്ടു വന്നു.
ടൂറിസം വകുപ്പിൽ അഡിഷണൽ ഡയറക്ടറായി വിരമിച്ച എഴുത്തുകാരി കൂടിയായ ഭാര്യ എം. ശാന്തമ്മ പിള്ളയാണ് ഏറ്റവും വലിയ പിൻബലം. ഈ സിനിമയുടെ നിർമാതാവും ഇവർ തന്നെ. ഇവരുടെ ഫാർ സൈറ്റ് മീഡിയ എന്ന ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മൂത്തമകൻ മനു സിനിമാ രംഗത്ത് പ്രവർത്തിക്കുന്നു. 'ആകാശഗോപുരം" എന്ന കെ.പി.കുമാരൻ ചിത്രത്തിന്റെ നിർമാതാവ് മനുവായിരുന്നു. രണ്ടാമത്തെ മകൻ ശംഭു ഫിലിപ്പൈൻസിൽ ഇന്ത്യൻ അംബാസഡറാണ്. മകൾ മനീഷ കുടുംബസമേതം ബംഗളൂരുവിൽ താമസിക്കുന്നു.