
കൊച്ചി: ബിഡിജെഎസ് പിളർന്നെന്നും ഭാരതീയ ജന സേന എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കിയെന്നുമുളള അവകാശവാദങ്ങൾ തളളി ബിഡിജെഎസ് അദ്ധ്യക്ഷൻ തുഷാർ വെളളാപ്പളളി. 'ഒന്നരമാസം മുൻപ് പാർട്ടിയിൽ നിന്ന് രാജിവച്ചയാളാണ് ഗോപകുമാർ. കളമശേരി സീറ്റ് ലഭിക്കാനാണ് ഗോപകുമാർ പാർട്ടി വിട്ടത്.' തുഷാർ പറഞ്ഞു.
ബിഡിജെഎസ് മുൻ നേതാവ് എൻ.കെ നീലകണ്‌ഠനാണ് ഭാരതീയ ജന സേന (ബിജെഎസ്)യുടെ പ്രസിഡന്റ്. കോൺഗ്രസ് മുക്ത കേരളത്തിന് സിപിഎമ്മിന് വോട്ട് ചെയ്യണമെന്ന് ബിജെപി നിർദ്ദേശിച്ചതായും ഹൈന്ദവരെ ശബരിമല വിഷയത്തിൽ ബിജെപി കബളിപ്പിച്ചതായും പാർട്ടി രൂപീകരിക്കുന്ന വിവരം അറിയിച്ച് എൻ.കെ നീലകണ്‌ഠനും വി.ഗോപകുമാറും മുൻപ് ആരോപണം ഉന്നയിച്ചിരുന്നു. എൽഡിഎഫിനെ അധികാരത്തിലെത്തിക്കാൻ ബിജെപി ഒത്തുകളിച്ചെന്നും തങ്ങൾക്ക് വിശ്വാസം കോൺഗ്രസിനെയാണെന്നും 12 സമുദായ സംഘടന പിന്തുണ തങ്ങൾക്കുണ്ടെന്നുമായിരുന്നു ഭാരതീയ ജന സേന നേതാക്കളുടെ അവകാശവാദം.