
കൊച്ചി: ഉമ്മൻ ചാണ്ടിയെ രൂക്ഷമായി വിമർശിച്ച് പി സി ജോർജ് എം എൽ എ. തന്റെ യു ഡി എഫ് പ്രവേശനത്തിന് തടയിട്ടത് ഉമ്മൻ ചാണ്ടിയാണെന്ന് പി സി ജോർജിന്റെ ആരോപണം. യു ഡി എഫ് യോഗത്തിൽ തന്നെ ഘടകക്ഷിയാക്കുന്നതിനെ അനുകൂലിച്ചാണ് ഐ ഗ്രൂപ്പും ചെന്നിത്തലയും നിലപാടടെടുത്തത്. എന്നാൽ എ ഗ്രൂപ്പ് അതിനെ എതിർക്കുകയായിരുന്നുവെന്ന് പി സി ജോർജ് പറഞ്ഞു.
എ ഗ്രൂപ്പിന്റെ എതിർപ്പിന് പിന്നിൽ ഉമ്മൻ ചാണ്ടിയാണെന്നാണ് മനസിലാക്കുന്നത്. ഉമ്മൻ ചാണ്ടിക്ക് തന്നോടുളള എതിർപ്പിന്റെ കാരണമെന്താണെന്ന് അറിയാം. അക്കാര്യം അധികം വൈകാതെ പത്രസമ്മേളനം വിളിച്ച് എല്ലാവരെയും അറിയിക്കുമെന്നും എന്നാൽ ഇപ്പോൾ അതിന് സമയമായിട്ടില്ലെന്നും പി സി ജോർജ് വ്യക്തമാക്കി.
എൽ ഡി എഫിന്റെയും യു ഡി എഫിന്റെയും ഭാഗമാകാത്ത സാഹചര്യത്തിൽ സംസ്ഥാനത്ത് നാലാം മുന്നണി രൂപീകരിക്കും. മൂന്നുമുന്നണികളോടുമുളള അസംതൃപ്‌തി പുലർത്തുന്നവരെ കൂട്ടിച്ചേർത്താകും മുന്നണി ഉണ്ടാക്കുക. വിശ്വകർമജർ, പരിവർത്തന ക്രസ്‌ത്യാനികൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽപ്പെട്ടവർ മുന്നണിയിലുണ്ടാകും.
കേരളത്തിലെ 140 മണ്ഡലങ്ങളിലും മുന്നണിക്ക് സ്ഥാനാർത്ഥികളുണ്ടാകും. ജനപക്ഷം അതിൽ അതിൽ അഞ്ചോ ആറോ സീറ്റുകളിൽ മാത്രമാകും മത്സരിക്കുക. ഓരോ മണ്ഡലങ്ങളിലും സ്വാധീന ശേഷിയുളള വിഭാഗങ്ങളിലെ ആളുകൾ സ്ഥാനാർത്ഥികളാകും. പൂഞ്ഞാറിൽ മത്സരിക്കുമെന്നും ഒറ്റയ്‌ക്ക് ജയിക്കുമെന്നും പി സി ജോർജ് കൂട്ടിച്ചേർത്തു.
അതേസമയം, പി സി ജോർജിനെതിരെ വിമർശനവുമായി ഓർത്തഡോക്‌സ് സഭ രംഗത്തെത്തി. ജോർജ് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നാണ് സഭയുടെ വിമർശനം. യാക്കോബായ സഭയ്‌ക്കുളള ജോർജിന്റെ പിന്തുണ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും ഓർത്തഡോക്‌സ് സഭ കുറ്റപ്പെടുത്തുന്നു.