mathoor-govindan-kutty

കോട്ടയം: കഥകളി ആചാര്യൻ മാത്തൂർ ഗോവിന്ദൻകുട്ടി (81) അന്തരിച്ചു. കോവിഡാനന്തര ആരോഗ്യ പ്രശ്നങ്ങളാണ് മരണ കാരണം. കോവിഡ് ബാധിതനായി കഴിഞ്ഞ മാസം അവസാനം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വീട്ടിലേക്ക് മടങ്ങിയെങ്കിലും അഞ്ച് ദിവസം മുൻപ് ആരോഗ്യ സ്ഥിതി മോശമായതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. കഥകളിയിലെ സ്ത്രീ വേഷങ്ങളിലൂടെ പ്രശസ്തനായ ഗോവിന്ദൻ കുട്ടി ഗുരു കുടമാളൂർ കരുണാകരൻ നായരുടെ മരുമകനാണ്.

1940ൽ കുട്ടനാട്ടിലെ മാത്തൂർ കുടുംബത്തിലാണ് മാത്തൂർ ഗോവിന്ദൻകുട്ടി ജനിച്ചത്. പതിനാലാം വയസിൽ ജ്യേഷ്ഠൻ മോഹനകുഞ്ഞു പണിക്കരുടെ പ്രേരണയിൽ കഥകളി അഭ്യസിക്കാൻ തുടങ്ങി. നെടുമുടി കുട്ടപ്പപണിക്കർ, കുറിശ്ശി കുഞ്ഞൻ പണിക്കർ, അമ്പലപ്പുഴ ശേഖരൻ, ഭാര്യാ പിതാവ് കുടമാളൂർ കരുണാകരൻ നായർ എന്നിവരുടെ കീഴിലായിരുന്നു കഥകളി പഠനം.

കേന്ദ്ര സംസ്ഥാന സംഗീത നാടക അക്കാദമി അവാർഡുകൾ, കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സീനിയർ ഫെലോഷിപ്പ്, കേരള സംസ്ഥാന കഥകളി പുരസ്‌കാരം, കേരള കലാമണ്ഡലം ഫെലോഷിപ്പ്, കലാമണ്ഡലം കൃഷ്ണൻ നായർ അവാർഡ് തുടങ്ങിയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി ഭരണസമിതി അംഗമായിരുന്നു. ഭാര്യ പരേതയായ രാജേശ്വരി. മക്കൾ: ചെണ്ട വിദ്വാൻ ഗോപീകൃഷ്ണൻ, കഥകളി നടനായ കുടമാളൂർ മുരളീകൃഷ്ണൻ.