kv-thomas

കൊച്ചി: അശോക് ഗെഹ്‌ലോട്ടുമായി നടത്തിയ ച‌ർച്ചകൾക്ക് ശേഷം കൊച്ചിയിലെ വീട്ടിൽ തന്നെയാണ് കെ വി തോമസ്. പാർട്ടിയുമായുളള എല്ലാ അഭിപ്രായ വ്യത്യാസങ്ങളും നീങ്ങിയെന്നും താൻ സംതൃപ്‌നാണെന്നുമാണ് അദ്ദേഹം പറയുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി പറയുന്ന ഉത്തരവാദിത്വം നിർവഹിക്കുമെന്ന് കെ വി തോമസ് അടിവരയിടുന്നു. എന്നാലും അളന്നു മുറിച്ചും വളരെ പിശുക്കിയുമാണ് മുതിർന്ന കോൺഗ്രസ് നേതാവ് ഓരോ ചോദ്യത്തിനും ഉത്തരം നൽകുന്നത്. മുമ്പില്ലാത്ത ഈ കരുതലിന് പിന്നിലെ സീക്രട്ട് എന്താണെന്ന് കണ്ടുതന്നെ അറിയണം.

തിരഞ്ഞെടുപ്പ് പിരിമുറുക്കത്തിലേക്ക് കേരളം നീങ്ങുകയാണല്ലോ. സജീവമായുണ്ടാകുമോ?

തീർച്ചയായിട്ടും.

പാർട്ടിയിൽ നിന്ന് പ്രത്യേക നിർദ്ദേശങ്ങൾ എന്തെങ്കിലുമുണ്ടോ? തിരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ?

പ്രത്യേകിച്ച് ഒരു നിർദ്ദേശവും നൽകിയിട്ടില്ല. തിരഞ്ഞെടുപ്പ് സമിതി ഇതുവരെ കൂടിയിട്ടില്ലല്ലോ. കൂടുമ്പോഴല്ലേ അറിയാൻ പറ്റുകയുളളൂ.

പാർട്ടി സജീവമായി പരിഗണിക്കുന്നുവെന്ന വിശ്വാസമുണ്ടോ?

അതൊക്കെ സ്വാഭാവികമല്ലേ.

സ്ഥാനാർത്ഥിയാകാൻ താത്പര്യമുണ്ടോ?

എല്ലാം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഇനി മത്സരിക്കാൻ ആഗ്രഹമില്ല. മനസമാധാനത്തോടെ കഴിയാനാണ് ആഗ്രഹം. ബാക്കി പാർട്ടി പറയട്ടെ.

മാഷിനെ വിഷമിപ്പിക്കുന്ന പല വാർത്തകളും ഇതിനിടയിലുണ്ടായി. കാറും കോളുമൊക്കെ ഇപ്പോൾ മാറി നിൽക്കുകയാണ്. എങ്ങനെയാണ് അതിനെയൊക്കെ നോക്കി കാണുന്നത്?

എല്ലാം നല്ല കാര്യം. സോഷ്യൽ മീഡിയ നമ്മൾ സൂക്ഷിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഒരു പരിധി വിട്ട് അതിൽ വിമർശനം നടത്താതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. വ്യക്തികളുടെ സ്വാതന്ത്ര്യത്തിൻ മേൽ കടന്നുകയറ്റമുണ്ടാകരുത്.

സോഷ്യൽ മീഡിയയിലെ കൂടുതൽ ആക്രമണവും പാർട്ടിയ്‌ക്ക് അകത്ത് നിന്ന് തന്നെയാണല്ലോ ഉണ്ടായിരിക്കുന്നത്?

അതൊക്കെ പാർട്ടിയ്‌ക്ക് അകത്ത് നിന്നു തന്നെയാണ്. പാർട്ടിയ‌്ക്ക് പുറത്തുനിന്നല്ല. അത് മാറ്റണം. മന:പൂർവ്വം അവഗണിക്കുന്നു, അപമാനിക്കുന്നു എന്ന കുറച്ച് വേദനകളാണ് എനിക്കുണ്ടായിരുന്നത്. അല്ലാതെ ഞാനൊരു അധികാര മോഹിയല്ല. ഞാൻ പാർട്ടിയിൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന വാർത്ത വിഷമിപ്പിച്ചു. എന്റെ മകളെ ഇതിലേക്ക് വലിച്ചിഴക്കേണ്ടിയിരുന്നില്ല. പാർട്ടി വിടുന്നതിനെ കുറിച്ചും ഞാൻ ചിന്തിച്ചിട്ടില്ല.

തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് സുധാകരനെ പോലുളള നേതാക്കൾ പരസ്യ പ്രസ്‌താവനയിലേക്ക് നീങ്ങുകയാണല്ലോ?

അതൊക്കെ ഒഴിവാക്കേണ്ടതാണ്. പാർട്ടിയ്‌ക്കകത്ത് എല്ലാ കാര്യവും പറയണം.

പരാതികളെല്ലാം പാർട്ടി ഉൾക്കൊണ്ടിട്ടുണ്ടോ? പാലമായത് ദേശീയ നേതൃത്വമാണോ?

പാർട്ടിക്ക് എന്നെ മനസിലായിട്ടുണ്ട്. ദേശീയ നേതൃത്വവുമായി എനിക്ക് നല്ല ബന്ധമല്ലേ. ഇവിടത്തെ നേതാക്കളുമായും നല്ല ബന്ധമാണ്. ബാക്കിയൊക്കെ ചില കേന്ദ്രങ്ങളിൽ നിന്ന് എനിക്കെതിരെ ഉണ്ടായതാണ്.

മാഷിനെ മാത്രം ഒറ്റത്തിരിഞ്ഞ് ആക്രമിക്കാനുളള കാരണം എന്തായിരുന്നു?

എനിക്ക് ഗ്രൂപ്പൊന്നുമില്ല. 2003ൽ രാജ്യസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഞാനെടുത്ത ഒരു സമീപനമുണ്ട്. ലീഡർ കോടോത്തിന് സീറ്റ് നൽകുകയും മുരളി ചാക്കോയ്‌ക്ക് വേണ്ടി നിൽക്കുകയും ചെയ്‌തപ്പോൾ സോണിയഗാന്ധി തെന്നലയെ ആണ് സ്ഥാനാർത്ഥിയാക്കിയത്. അന്ന് ഞാനടക്കമുളളവർ സ്വീകരിച്ച ശക്തമായ നിലപാട് കൊണ്ടാണ് ഹൈക്കമാൻഡ് സ്ഥാനാർത്ഥി വിജയിച്ചത്. അതിനു ശേഷം ഞാൻ ഗ്രൂപ്പിലേക്കേ പോയിട്ടില്ല.

പാർട്ടി മുഖപത്രവും ചാനലും ഏറ്റെടുത്ത ശേഷം ഒഴിഞ്ഞല്ലോ. അതൊക്കെ ഇനി ഏറ്റെടുക്കുമോ?

അങ്ങനെ ഞാൻ ഒഴിഞ്ഞിട്ടില്ല. ചില പരിശോധനകൾ അവിടെ നടത്തിയിട്ടുണ്ട്. കുറച്ച് കാര്യങ്ങൾ അവിടെ പരിഹരിക്കപ്പെടേണ്ടതാണ്. അത് പുറത്തു പറയാൻ കഴിയുന്ന കാര്യങ്ങളല്ല. പാർട്ടിയ്‌ക്ക് വിശദമായ കുറിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ പല പദവികളും താങ്കൾക്ക് കിട്ടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് അടുത്ത സ്ഥിതിക്ക് എന്തെങ്കിലും കിട്ടുമോ?

അറിയത്തില്ല. എല്ലാം കോൺഗ്രസ് പ്രസിഡന്റിന്റെ മുന്നിലല്ലേ.

പാർട്ടിയിൽ പൂർണ സംതൃപ്‌തനാണോ?

ഞാൻ എന്നും സംതൃപ്‌നാണല്ലോ. ചില കാര്യങ്ങൾ മനസിനെ വിഷമിപ്പിച്ചപ്പോഴാണ് പുറത്തു പറയണമെന്ന് തോന്നിയത്. അല്ലാതെ അസംതൃപ്‌തി ഒരിക്കലും ഉണ്ടായിട്ടില്ല.

പാർട്ടി വിടുമെന്ന പ്രചാരണങ്ങൾക്കിടെ സി പി എം മാഷിനെ സ്വാഗതം ചെയ്‌തിരുന്നു. ഏതെങ്കിലും സി പി എം നേതാക്കൾ സമീപിച്ചിട്ടുണ്ടായിരുന്നോ?

എനിക്ക് ഒത്തിരി സുഹൃത്തുക്കളുണ്ട്. അത് വ്യക്തി ബന്ധമാണ്, രാഷ്ട്രീയമല്ല. അവരെ വിളിക്കുകയും സംസാരിക്കുകയുമൊക്കെ ചെയ്യും. എന്റെ ഡൽഹി രാഷ്‌ട്രീയത്തിന്റെ ഭാഗമാണ് ആ വ്യക്തിബന്ധം. സെൻട്രൽ ഹാളിലിരുന്ന് ഞങ്ങൾ ഭക്ഷണം കഴിക്കുകയും കാപ്പി കുടിക്കുകയും ചെയ്യുന്നത് രാഷ്ട്രീയ അടിസ്ഥാനത്തിലല്ല. ആ ബന്ധം തുടരുന്നുണ്ട്. അത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. യെച്ചൂരിയും എം എ ബേബിയുമൊക്കെ അത്തരത്തിലുളളവരാണ്

യെച്ചൂരിയും എം എ ബേബിയുമൊക്കെ മാഷിന്റെ റിസോർട്ടിൽ വന്ന് താമസിച്ചതൊക്കെ ഈ വാർത്തകൾക്കിടയിൽ വിവാദമായിരുന്നു

അവർ മാത്രമല്ല. വി പി സിംഗും മനേകാ ഗാന്ധിയും എന്റെ റിസോർട്ടിൽ വന്നിട്ടുണ്ട്. അതൊക്കെ ഈ ഗ്രാമത്തിന്റെ പ്രസിദ്ധിക്ക് വേണ്ടി ചെയ്യുന്ന ഒരു കാര്യമാണ്. ഈ ഗ്രാമം ഒരു ടൂറിസം ഗ്രാമമാണ്.

ഹൈക്കമാൻഡ് മുമ്പൊന്നും ഇല്ലാത്ത രീതിയിലുളള ഇടപെടലാണ് കേരളത്തിൽ ഇപ്പോൾ നടത്തുന്നത്. എങ്ങനെയാണ് അതിനെയൊക്കെ നോക്കി കാണുന്നത്?

ഹൈക്കമാൻഡ് ഇടപെടുമ്പോൾ കുറച്ചു കൂടി ശക്തി കിട്ടും. ഭരണം പിടിക്കാനാണല്ലോ ഞങ്ങൾ ഇറങ്ങിയിരിക്കുന്നത്.

യുവാക്കൾക്ക് കൂടുതൽ സീറ്റ് നൽകണമെന്ന നിർദ്ദേശത്തോട് യോജിക്കുന്നുണ്ടോ?

എന്നും യുവാക്കൾക്ക് കൊടുക്കുന്നതാണല്ലോ. യുവാക്കൾക്ക് ഒപ്പം പരിചയ സമ്പന്നരായ ആൾക്കാരും വേണം. അങ്ങനെ സമ്മിശ്രമായിട്ടാണല്ലോ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കേണ്ടത്.

പ്രതിപക്ഷ നേതാവിന്റെ കേരള യാത്ര കോഴിക്കോട് കഴിഞ്ഞു. കൊച്ചിയിലെത്തുമ്പോൾ പങ്കെടുക്കുമോ?

ഉറപ്പായും പങ്കെടുക്കും. കൊവിഡ് കഴിഞ്ഞുളള ചികിത്സയിലായതിനാലാണ് ഇപ്പോൾ പോകാത്തത്. സംശയിക്കേണ്ട കാര്യമില്ല. ഞാൻ ഇതിന്റെ ഭാഗമാണ്. ജാഥ കൊച്ചിയിലെത്തുമ്പോൾ ഞാനുമുണ്ടാകും.