
വാഷിംഗ്ടൺ: പൗരത്വ രേഖയുടെ പേരിൽ ട്രംപ് ഭരണകൂടം വേർപെടുത്തിയ കുട്ടികളെയും മാതാപിതാക്കളെയും കണ്ടെത്തി ഒന്നിപ്പിക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കുടിയേറ്റ നിയമം നീതിപൂർവം നടപ്പാക്കുന്നതിനായി പുറത്തിറക്കി മൂന്ന് ഉത്തരവുകളിൽ ഒന്നാണ് ഇത്. കുടിയേറ്റ നിയമങ്ങൾ നിയന്ത്രിക്കുന്നതിനായി ട്രംപ് ഭരണകൂടം നടപ്പാക്കിയ നടപടി പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായാണ് ബൈഡന്റെ ഉത്തരവ്. ഹോംലാൻഡ് സെക്യൂരിറ്റി സേന സെക്രട്ടറി ദൗത്യത്തിന് നേതൃത്വം നൽകും..
കുടിയേറ്റത്തിന്റെ മൂല കാരണം കണ്ടെത്താനും അതിർത്തികളിൽ അഭയകേന്ദ്രം ഒരുക്കാനും ട്രംപ് സർക്കാരിന്റെ കുടിയേറ്റ നിയന്ത്രണ പദ്ധതി അവസാനിപ്പിക്കാൻ നിർദേശം നൽകുന്നതുമാണ് രണ്ടാമത്തെ ഉത്തരവ്.
മെക്സിക്കൻ അതിർത്തിയിൽ ഒട്ടേറെ കുടുംബങ്ങളെ വേർപെടുത്താൻ കാരണമായ വിവാദ പദ്ധതിയായിരുന്നു ഇത്. കുടിയേറ്റക്കാരെ ഉൾക്കൊള്ളുന്ന തരത്തിൽ കുടിയേറ്റ സംവിധാനം നീതിപൂർവമാക്കാനും ഒട്ടേറെ പേർക്ക് വിസ തടയുന്ന 'പൊതുകുറ്റ'നിയമം പുനഃപരിശോധിക്കാൻ നിർദേശിക്കുന്നതുമാണ് മൂന്നാമത്തെ ഉത്തരവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാകി പറഞ്ഞു. അതേസമയം, പുതിയ ഉത്തരവുകൾ ഇന്ത്യാക്കാരുൾപ്പെടെ ആയിരങ്ങൾക്ക് ആശ്വാസമാകുമെന്നാണ് പ്രതീക്ഷ..