greta

ന്യൂഡൽഹി: കർഷകസമരത്തിന് പിന്തുണയറിയിച്ച് ട്വീ‌റ്റ് ചെയ്‌ത സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തുൻബർഗിനെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കാൻ ഡൽഹി പൊലീസ്. ട്വീ‌റ്റിനൊപ്പം ഗ്രേ‌റ്റ പങ്കുവച്ച ടൂൾകി‌റ്റ് ഒരു കനേഡിയൻ സംഘടനയുടേതായിരുന്നു. ഇവർ കർഷക നിയമത്തിനെതിരെ സമരം ചെയ്യുന്നവർക്ക് പിന്തുണ നൽകുന്നതും സമരത്തിന് വേണ്ടി പണപ്പിരിവ് നടത്തുന്നതുമായ സംഘടനയായിരുന്നു. ഖാലിസ്ഥാൻ അനുകൂലികളാണ് പൊയ‌റ്റിക് ജസ്റ്റി‌സ് ഫൗണ്ടേഷൻ എന്ന ഈ സംഘടനയുടെ നടത്തിപ്പുകാർ. ഗ്രേ‌റ്റയുടെ ഈ ട്വീ‌റ്റ് ഇന്ത്യൻ സമൂഹത്തിൽ വിഭജനം സൃഷ്‌ടിക്കാൻ ഉതകുന്നതും വലിയ ഗൂഢാലോചനയുടെ ഫലവുമാണെന്ന് ഡൽഹി പൊലീസ് കരുതുന്നു.

ലോകമാകെ ഇന്ത്യയിലെ കാർഷിക നിയമത്തിനെതിരെ പ്രതിഷേധ സമരം ചെയ്യുന്നതും സമരത്തെ അനുകൂലിക്കാൻ വിവിധ സമരതന്ത്രങ്ങൾ ആവിഷ്‌കരിക്കാനും ആഹ്വാനം ചെയ്യുന്നതുമായിരുന്നു പൊയ‌റ്റിക് ജസ്റ്റി‌സ് ഫൗണ്ടേഷൻ. ഇന്ത്യൻ എംബസിക്കു മുന്നിലും വിവിധ സർക്കാർ ഓഫീസുകൾക്ക് മുന്നിലും സംഘടനാംഗങ്ങൾ സമരം ചെയ്യുന്നതും ഇതിലുണ്ട്.

ഇന്ത്യയിൽ സമരം ചെയ്യുന്ന കർഷകർക്കൊപ്പം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നായിരുന്നു ഗ്രേ‌റ്റയുടെ ട്വീ‌റ്റ്. പോപ് താരം റിഹാനയും മിയ ഖലീഫയും കർഷകസമരത്തെ അനുകൂലിച്ച് സമൂഹമാദ്ധ്യമങ്ങളിൽ പോസ്‌റ്റ് ചെയ്‌തിരുന്നു.